- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഹ്നയുടെ ഭർത്താവ് ബിനേഷ് പേരാമ്പ്രയിൽ ടാപ്പിങ് തൊഴിലാളി; ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് അയൽവാസിയോട് പോയി നോക്കാൻ പറഞ്ഞപ്പോൾ കണ്ടത് തൂങ്ങി നില്ക്കുന്ന നാല് മൃതദേഹങ്ങൾ; കുട്ടികളെ ഓരോത്തരെയും കെട്ടിത്തൂക്കിയ ശേഷം രഹ്നയും ജീവനൊടുക്കിയെന്ന് സൂചന; നടുക്കം മാറാതെ പോത്തുകൽ ഗ്രാമം
എടക്കര: മലപ്പുറം എടക്കര പോത്തുകല്ലിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നാടിനെ നടുക്കുന്നു. മൂന്ന് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം അമ്മയും ആത്മഹത്യ ചെയ്തതാണ് എന്നാണ് ലഭിക്കുന്ന വിവരം. കുടുംബ വഴക്കിനെ തുടർന്നാണ് ആത്മഹത്യയെന്നാണ് സൂചനകൾ. മുതുപുരേടത്ത് ബിനേഷ് ശ്രീധരന്റെ ഭാര്യ രഹ്ന (35), മക്കളായ ആദിത്യൻ (13), അഭിജിത്ത് (11) അർജുൻ (എട്ട്) എന്നിവരാണ് മരിച്ചത്.
പനങ്കയം കൂട്ടംകുളത്തെ വാടക വീട്ടിൽ ഞായറാഴ്ച രാവിലെ പതിനൊന്നോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഷാളും മുണ്ടും ഉപയോഗിച്ച് വീട്ടിനുള്ളിൽ തൂങ്ങിയ നിലയിലാണ് കണ്ടത്. രഹ്ന ഫോണെടുക്കാത്തതിനെ തുടർന്ന് ഭർത്താവ് ബിനേഷ് വിളിച്ചറിയിച്ചത് അനുസരിച്ച് അയൽവാസി ചെന്നു നോക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. നാല് പേരും തൂങ്ങി മരിച്ച നിലയിലാണ് കാണപ്പെട്ടതെന്ന് അയൽവാസി പറഞ്ഞു.
തുടർന്ന് നാട്ടുകാരെ വിളിച്ചുവരുത്തുകയും പൂട്ടിക്കിടന്ന വീടിന്റെ പിറകുവശത്തെ വാതിൽ ചവിട്ടി തുറന്ന് പൊലീസ് സഹായത്തോടെ നാട്ടുകാർ അകത്ത് കയറുകയുമായിരുന്നു. ഉടനെ പോത്തുകല്ലിലെ സ്വകാര്യ ആശുപത്രിയിലും നിലമ്പൂർ ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടികളെ ഓരോത്തരെയും കെട്ടിതൂക്കിയ ശേഷമാണ് രഹ്ന തൂങ്ങിയതെന്നാണ് പൊലീസ്കരുതുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. മൃതദേഹങ്ങൾ നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവർ തുടിമുട്ടിയിലെ വീട്ടിൽ നിന്നുമാണ് ആറ് മാസം മുൻപ് നെട്ടികുളത്തെ വാടക വീട്ടിലേക്ക് എത്തിയത്.
ഒരു കുടുംബത്തിലെ നാലംഗങ്ങളുടെ ആത്മഹത്യയുടെ നടുക്കത്തിൽ തരിച്ചുനിൽക്കുകയാണ് നാട്ടുകാർ. രഹ്നയുടെ ഭർത്താവ് ബിനേഷ് കോഴിക്കോട് പേരാമ്പ്രയിൽ ടാപ്പിങ് തൊഴിലാളിയാണ്. പോത്തുകൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
മറുനാടന് മലയാളി ബ്യൂറോ