തിരുവനന്തപുരം: ഇത് ആശ പ്രഭയുടെ മാത്രം സ്വപ്‌ന സാക്ഷാത്കാരമല്ല. മൂന്നുവർഷങ്ങൾക്ക് മുമ്പ് സിനിമയുടെ ലോകത്ത് തിളങ്ങി നിൽക്കെ, മൺമറഞ്ഞുപോയ ഭർത്താവിന്റെ സ്വപ്‌നം സഫലമാവുക കൂടിയാണ്. നവാഗത സംവിധായിക ആശ പ്രഭ സംവിധാനം ചെയ്ത സിനിമ 'സിദ്ധാർത്ഥൻ എന്ന ഞാൻ' മൂന്ന് ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ എത്തുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷികളും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിബി തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം നീ സ്ട്രീം, ലൈംലൈറ്റ്, റൂട്ട്‌സ് എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ഈ മാസം 13 പെരുനാൾ ദിനം റിലീസ് ചെയ്യും.

ഒരു പക്ഷേ ഇന്ത്യയിൽ തന്നെ ഇതാദ്യമായിരിക്കാം മലയാള സിനിമ ഒരേ സമയം മൂന്നു ഒ.ടി.ടി പ്ലാറ്റുഫോമുകളിൽ ഒരുമിച്ചൊരു സമയം റിലീസ്. അതും ഒരു പുതുമുഖ സംവിധായികയുടെ. നന്ദകുമാറിന്റെ 16 വർഷത്തെ സിനിമാ ജീവിതത്തിൽ താങ്ങും തണലുമായി പ്രവർത്തിച്ച പരിചയത്തിലാണ് അദ്ദേഹം പറഞ്ഞു വച്ച കഥ ഭാര്യയും സംവിധായികയുമായ ആശപ്രഭ സിനിമയാക്കിയത്.

മഴനൂൽക്കനവുകൾ, മാന്ത്രിക വീണ, യു കാൻ ഡു എന്നീ ചിത്രങ്ങളൊരുക്കിയ നന്ദകുമാർ കാവിലിന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്വപ്നം യാഥാർഥ്യമാക്കിയിരിക്കുകയാണ് ഭാര്യ ആശ പ്രഭ. ചിത്രത്തിന്റെ തിരക്കഥ നന്ദകുമാർ കാവിലിന്റേതാണ്. അത് സിനിമയായി കാണാനുള്ള ആഗ്രഹത്തിലാണ് ആശ പ്രഭ സംവിധായികയുടെ വേഷം അണിഞ്ഞത്. ഹൃദയാഘാതമാണ് നന്ദകുമാറിന്റെ ജീവൻ കവർന്നത്. സിനിമ മേഖലയിൽ നല്ല സൗഹൃദങ്ങൾ സൂക്ഷിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ആ സൗഹൃദങ്ങൾ തന്നെ ആണ് ആശ പ്രഭയക്ക് സംവിധാന രംഗത്തേക്ക് കടന്നുവരുവാൻ പ്രചോദനം നൽകിയതും.

സിനിമയുടെ നിർമ്മാണ ഘട്ടത്തിൽ ഏറെ പ്രശ്‌നങ്ങൾ നേരിട്ടെങ്കിലും വീട്ടുകാരുടേയും സുഹൃത്തുകളുടേയും പിന്തുണയോടെ സിനിമ പൂർത്തിയാകുകയായിരുന്നു. 2019 മെയ് 17ന് തീയേറ്ററുകളിലെത്തിയെങ്കിലും സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിച്ചില്ല. തുടർന്ന് കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾക്കൊടുവിൽ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്.

സിദ്ധാർത്ഥൻ എന്ന ഞാൻ, ഒരു നാട്ടിൻ പുറത്തുകാരന്റെ ജീവിത കഥയാണ് പറയുന്നത്. ഇതിനോടകം തന്നെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനം ആസ്വാദക മനസുകൾ കീഴടക്കി മുന്നേറുന്നു. ചിത്രത്തിൽ പുതുമുഖമായ അതുല്യ പ്രമോദാണ് നായിക.

ഇന്ദ്രൻസ്, ദിലീഷ് പോത്തൻ, കലാഭവൻ ഹനീഫ, വിജയൻ കാരന്തൂർ , ശരത് കോവിലകം, നന്ദ കിഷോർ, വിനോദ് നിസാരി, രജീഷ്, പപ്പൻ പന്തീരങ്കാവ്, വൈശാഖ് ശോഭന കൃഷ്ണൻ, ശാരദ, രുദ്ര കൃഷ്ണൻ, അനശ്വര പി അനിൽ , മഞ്ചു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സാബു ജെയിംസാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യ്തിരിക്കുന്നത്.