സുഖമില്ലാതായ അമ്മയെ ശുശ്രൂഷിക്കാനായി കുറെ ദിവസം ലീവെടുത്ത് വീട്ടിലിരുന്നപ്പോഴാണ് കേരളത്തിലെ ടെലിവിഷൻ സീരിയലുകൾ ഉയർത്തുന്ന സാംസ്‌ക്കാരിക മലിനീകരണത്തിന്റെ ഭീകരാവസ്ഥയെക്കുറിച്ച് ഈ ലേഖകന് ബോധ്യമായത്. മുമ്പ് പലരും പറഞ്ഞുകേട്ടിരുന്നെങ്കിലും, പഴയ ദൂരദർശൻ കാലത്തിനുശേഷം, ഒറ്റ എപ്പിസോഡുപോലും പൂർണമായി കാണാത്തതിനാൽ ഇത്രക്ക് അധ:പ്പതിച്ചവയാണ് ഇവയെന്ന് കരുതിയിട്ടില്ലായിരുന്നു. ഒരാഴ്ച സീരിയൽ കണ്ടുള്ള പരിചയംവച്ച് പറയട്ടേ, (കമ്പ്യൂട്ടർ പുരഷന്മാർക്കും, ടി.വി സ്ത്രീകൾക്കുമെന്ന ലിംഗപരമായ ആസ്വാദന വിഭജനം നമ്മുടെ കുടുംബങ്ങളിൽ നടന്നു കഴിഞ്ഞു. എന്നുവച്ചാൽ ന്യൂസ് ചാനൽ കാണാനായി റിമോട്ട് അമർത്താൻ സ്ത്രീകൾ സമ്മതിക്കില്ലെന്ന് ചുരുക്കം) മദ്യവും, എൻഡോസൾഫാനുമൊന്നുമല്ല ഈ ടീവി സീരിയലുകളാണ് ആദ്യം നിരോധിക്കേണ്ടതെന്ന് നിസ്സംശയം പറയാം. ഇക്കാര്യംവെട്ടിത്തുറന്നു പറഞ്ഞ സംവിധായകൻ ശ്യാമപ്രസാദിന് അഭിനന്ദനങ്ങൾ.

[BLURB#1-VL] പണ്ടൊക്കെ ഞങ്ങൾ പ്രചരിപ്പിച്ചിരുന്നത് ഒരു കുടംബത്തെ സാംസ്‌ക്കാരികമായി തകർക്കണമെങ്കിൽ ഒരു മനോരമ പത്രവും, മനോരമ വീക്കിലിയും മറ്റ് 'മ' വാരികളും സൗജന്യമായി ഇട്ടുകൊടുത്താൽ മതിയെന്നായിരുന്നു. എന്നാൽ മനോരമയിലെ ഇക്കിളിവാർത്തകളും, വീക്കിലിയിലെ പൈങ്കിളിയുടെ പെരുങ്കളിയാട്ടവുമൊക്കെ നമ്മുടെ സീരിയലിനുമുന്നിൽ നമസ്‌ക്കരിച്ചുപോവും. മാത്യുമറ്റത്തിന്റെയും മറ്റും പൈങ്കിളി ഒരടക്കാക്കിളിമാത്രമാണ് ഇവിടെ. പരദൂഷണവും ദുഷ്ടത്തരങ്ങളും മാത്രം പറഞ്ഞുനടക്കുന്ന സ്ത്രീകഥാപാത്രങ്ങൾ, ഭാര്യക്കുമുന്നിൽ ഓച്ഛാനിച്ചുനിൽക്കുന്ന യാതൊരു വിലയുമില്ലാത്ത ഭർത്താവ്, സാമാന്യ ബുദ്ധിയും യുക്തിയുമൊന്നുമില്ലാതെ ഭോഷന്മാരായ കുറെ ചെറുപ്പക്കാർ. സീരിയലുകളുടെ പൊതുഘടന അങ്ങനെയാണ്. അധമമായ വികാരങ്ങളുടെയും തൊട്ടിത്തരങ്ങളുടെയും സംസ്ഥാന സമ്മേളനം. 'സാഗർ കോട്ടപ്പുറം' പറഞ്ഞപോലെ റബ്ബർതോട്ടം നെൽവയലാകുമെന്ന ഘടനാപരമായ വ്യത്യാസം മാത്രമേ ഓരോ സീരിയലിലുമുണ്ടാകൂ.

എല്ലാറ്റിലും കാണും ഒരു ഗർഭം, ഒരു അവിഹിതം, ഒരു കുടംബരഹസ്യം, ആൾമാറാട്ടം തുടങ്ങിയവ. ഇതിന്റെ സംവിധായകരും എഴുത്തുകാരുമൊക്കെ ഏത് കാലത്താണോ, ജീവിക്കുന്നത്. സെപ്റ്റിക്ക് ടാങ്ക് വൃത്തിയാക്കി ജീവിക്കുന്നവർക്കുപോലും ഈ ബൈജുദേവരാജ്, സുധീഷ് ശങ്കർ, ആദിത്യൻ, എ.എം നസീർ, ഗിരീഷ് കോന്നി, തുടങ്ങിയ സീരിയൽ അണിയറക്കാരേക്കാളും മാന്യമായാണ് ജീവിക്കുന്നതെന്ന് പറയാം. ഇവർ സമൂഹത്തിലേക്ക് മാലിന്യം പടർത്തുമ്പോൾ, മേൽപ്പറഞ്ഞ തൊഴിലാളികൾ ഖരദ്രാവകമാലിന്യങ്ങൾകോരി ഈ നാടിനെ രോഗാണുവിമുക്തമാക്കുകയാണ്. എന്നാൽ സർക്കാർ ചെയ്യുന്നതെന്താണ്. ടെലിവിഷൻ അവാർഡെന്ന് പറഞ്ഞ് ഇവരെ ആദരിക്കുന്നു. ആ പണം മാലിന്യ നിർമ്മാർജനം ചെയ്യുന്ന തൊഴിലാളികൾക്ക് കൊടുത്തിരുന്നെങ്കിൽ ഈ നാടിന് എത്ര ഗുണമാവുമായിരുന്നു. വെറുതെയല്ല, 'പെരുച്ചാഴി'പോലത്തെ കൂതറകൾക്കുപോലും ആളുകൂടുന്നത്. സീരിയലിൽ നിന്ന് രക്ഷ കിട്ടാനായി ജനം വീട്ടിൽനിന്ന് ഇറങ്ങിയോടുകയാണ്.

സ്ത്രീവിരുദ്ധത, വംശീയത [BLURB#2-VR]

സിനിമയും ടെലിവിഷൻ പരമ്പരയും തമ്മിലെ പ്രധാനവ്യത്യാസം, സീരിയൽ നമ്മുടെ വീട്ടിലേക്ക് നേരിട്ട് വിരുന്നത്തെുകയാണെന്നതാണ്. എന്നാൽ സിനിമ കാണാൻ നമ്മൾ അങ്ങോട്ടുപോവണം, പണം മുടക്കണം. മാത്രമല്ല, നല്ല നല്ലതാണോയെന്ന് ആളുകളോട് അഭിപ്രായവും ചോദിക്കാം. അപ്പോൾ ടെലിവിഷന് റിമോട്ട് കൺട്രോൾ എന്തിനാണെന്ന ചോദ്യം വരും. ഇവിടെയാണ് അഡിക്ഷന്റെ സ്വഭാവം മനസ്സിലാക്കേണ്ടത്. മദ്യപിക്കാത്ത ഒരുത്തനെ അൽപ്പാൽപ്പം സൗജന്യമായി കുടുപ്പിച്ച്, ഒടുവിൽ അയാൾ മുഴുക്കുടിയനായി വീടും പറമ്പും വിറ്റ് കുടിക്കുമ്പോഴും, അയാൾ ആവശ്യപ്പെട്ടിട്ടല്ലേ ഞാൻ ഒഴിച്ചുകൊടുക്കുന്നത് എന്നു പറയുന്ന പഴയ ചാരായ ഷാപ്പുകാരന്റെ തന്ത്രമാണ് സീരിയലുകാർക്കും. വളിപ്പുകൾ എല്ലാം ദിവസവും നിശ്ചിത സമയത്ത് കുറേശ്ശെക്കുറേശ്ശെകൊടുത്ത്, ഇപ്പോൾ ഈ പാഷാണം കണ്ടില്ലെങ്കിൽ കൈവിറക്കുന്ന രീതിയിലേക്കാണ് കേരളത്തിലെ മധ്യവർഗ വീട്ടമ്മമാർ മാറുന്നത്. മദ്യം സമൂഹത്തിന് ഭീഷണിയാണെങ്കിൽ സീരിയലും അങ്ങനത്തന്നെയല്ലേ. ഇനി ഒരു സീരിയൽ തറയാണെങ്കിൽ റിമോട്ട് മാറ്റിയാൽ അടുത്ത ചാനലലിൽ അതിനേക്കാളും കൂതറയാണ്. എല്ലാറ്റിനും ഏകദേശം ഒരേ കഥയും. 

ചാനൽ റേറ്റിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന ഏഷ്യാനെറ്റിലെ 'പരസപരം', 'ചന്ദനമഴ' എന്നീ രണ്ട് മ്ലേച്ഛ സീരിയലുകൾ എടുത്തുനോക്കൂ. പടിപ്പുരപ്പുര വീട്ടിൽ പത്മാവതിയെന്ന അഞ്ചുനയാപ്പൈസയുടെ വിവരമില്ലാത്ത, യാതൊരു കാര്യപ്രാപ്തിയുമില്ലാത്ത, അഹന്തയും ധിക്കാരവും കുനിഷ്ടും കുന്നായ്മയും മാത്രം കൈയിലുള്ള ഒരു വീട്ടമ്മയിലൂടെയാണ് കഥ മുന്നേറുന്നത്. പത്മാവതി ഈ യുദ്ധമൊക്കെ നടത്തുന്നത് ആരോടാണെന്ന് അറിയാമോ. സ്വന്തം മകനോടും സിവിൽ സർവീസിന് പഠിക്കന്ന മകളോടും! പ്രത്യേകിച്ചൊരുകാരണവുമില്ലാതെ പത്മാവതിക്ക് ഇവരോട് കുരുപൊട്ടുകയാണ്. അതും വീട്ടിലെ എല്ലാകാര്യങ്ങളും നോക്കി നടത്തുന്ന, യാതൊരു ദുശ്ശീലങ്ങളുമില്ലാത്തയാളാണ് മകൻ സൂരജ് എന്നോർക്കണം. വറ്റുകുത്തുക എന്നല്ലാതെ ഇതിനെന്താണ് നാടൻ ഭാഷയിൽ പറയുക. പത്മാവതിയുടെ പാവാടച്ചരടിൽ തൂങ്ങിനടക്കുന്നു ഒന്നാന്തരമൊരു പൊട്ടനാണ് ഭർത്താവ് കൃഷ്‌ണേട്ടൻ. 22 ഫീമെയിൽ കോട്ടയത്തിലെ നായിക ചെയ്തപോലെ, പത്മാവതി തന്നോട് ചെയ്താലും കൃഷ്‌ണേട്ടൻ, പട്ടി മോങ്ങുന്ന ഈണത്തിൽ 'പത്മം' എന്നുവിളിച്ച് അത് ന്യായീകരിക്കയേ ഉള്ളൂ. പത്മാവതിയുടെ ചെപ്പക്കുറ്റിക്ക് നോക്കി ഇയാൾ രണ്ടുകൊടുത്തിരുന്നെിൽ തീരാവുന്ന പ്രശ്‌നത്തെയാണ് വലിച്ചു നീട്ടി ആയിരം എപ്പിസോഡാക്കുന്നത്. പ്രേമിച്ച് ഗർഭിണിയാക്കിയപെണ്ണിനെ ( അവിഹിത ഗർഭം ഇത്തരം സീരിയലുകളിൽ നിർബന്ധമാണ്) വിവാഹം കഴിക്കാതെ ഉപേക്ഷിക്കാൻ നോക്കി, ഗത്യന്തരമില്ലാതായപ്പോൾ കെട്ടിയ വഷളനാണ് പത്മാവതിയുടെ മറ്റൊരു മകൻ. വേറൊരു ബോറൻ മകന്റെ മീനാക്ഷിയെന്ന ഭാര്യക്കും പ്രധാനതൊഴിൽ പരദൂഷണം പറയുകയും, സൂരജിന്റെ ഭാര്യയെ തകർക്കാൻ വിഷംകൊടുക്കലടക്കമുള്ള കലാ പരിപാടികൾ നടത്തകയാണിവർ! നോക്കണേ, കേരളത്തിലെ വീടുകളുടെ ഒരവസ്ഥ.

ഇനി ഏഷ്യാനെറ്റിലെ തന്നെ 'ചന്ദനമഴയെന്ന' ചാണകക്കുഴിയിലേക്കുവരാം. (അതായിരുന്നു കുറേക്കൂടി നല്ല പേര്) അവിടെ പടിപ്പുരവീട്ടിൽ പത്മാവതിയാണ് സർവശക്തയെങ്കിൽ ഇവിടെയത് ദേശായി കുടുംബത്തിലെ ഊർമ്മിളാദേവിയാണ്. വയസ് പത്തറുപതായെങ്കിലും ടോയ്‌ലറ്റിൽ പോവുമ്പോഴും നമ്മുടെ ഊർമിളാദേവി പട്ടുസാരിയും ലിപ്സ്റ്റിക്കും സ്വർണമാലയുമാണ് അണിയുക! കോടീശ്വരന്മാരായ ദേശായി കുടുംബത്തിൽ ഊർമിളയുടേത് അവസാനവാക്കാണ്. പത്മാവതിയുടെ കൃഷ്‌ണേട്ടനെപ്പോലെ, യാതൊരു വ്യക്തിത്വവുമില്ലാത്ത, പൊട്ടക്കവിതയെഴുതുന്ന ഒരു തടിയനാണ് ഊർമിളയുടെ ഭർത്താവ്. താലികെട്ടിയ പെണ്ണിനെ, വീട്ടിലെ വേലക്കാരിയെപ്പോലെ കരുതുന്ന ഒരു വഷളനാണ് ഊർമിളയുടെ മൂത്തമകൻ അഭിഷേക്. മകളെയാവട്ടെ ഇപ്പോഴൊരുത്തൻ ഗർഭിണിയാക്കി മുങ്ങിയിരിക്കയാണ്. (ഗർഭമില്ലാതെ ഞങ്ങൾക്കെന്ത് ആഘോഷം!) എന്നിട്ട് ഈ വീട്ടിലെ മൊയന്തുകൾ എല്ലാം കൂടി വട്ടമേശസമ്മേളനം കൂടി ഗർഭം എന്തുചെയ്യണമെന്ന് നടത്തുന്ന കൂലങ്കഷമായ ചർച്ചയുണ്ട്. എന്റെ പൊന്നേ, സന്തോഷ് പണ്ഡിറ്റ് തോറ്റുപോവും. ഇത്ര നല്ല പ്രാക്ടിക്കൽ കോമഡി അടുത്തകാലത്തൊന്നും കണ്ടിട്ടില്ല. ഹിറ്റായ രണ്ട് ഹിന്ദി സീരിയലുകളുടെ കഥ കാശുകൊടത്ത് വാങ്ങി മലയാളത്തിലാക്കിയതാണത്രേ ഈ രണ്ടു പടപ്പുകളും. കാശുകൊടുത്ത് കടിക്കുന്ന പട്ടിയെന്ന് ഇതിനെയൊക്കെയാണ് പറയുക.

ഇതേ അവസ്ഥയാണ് ബാലാമണി, കീലാമണിയെന്നൊക്കെ പറഞ്ഞ് മഴവിൽമനോരമയിലും സൂര്യയിലുമൊക്കെ സംപ്രേഷണംചെയ്യുന്ന സീരിയലുകളുടെ അവസ്ഥ. സിനിമ ചിരിമ, ഡി ഫോർ ഡാൻസ്, ടേക്ക് ഇറ്റ് ഈസി എന്ന വ്യത്യസ്തമായ പ്രോഗ്രാമുകൾ ഒരുക്കിയ മഴവിൽ മനോരമയിൽപോലും സീരിയലുകൾ പഴയപടി. കേരളത്തിൽ കൂട്ടുകുടുംബങ്ങൾ ഇല്ലാതായിട്ട് എത്രയോ കാലമായിട്ടും നമ്മുടെ സീരിയലുകാർ അതാന്നും അറിഞ്ഞിട്ടില്ല. എല്ലാ ആർട്ടിസ്റ്റുകളെയും ഒരു വീട്ടിനകത്തുകിട്ടാനായി അവർ വ്യാജമായ കൂട്ടുകുടുംബങ്ങൾ ഉണ്ടാക്കുന്നു. അങ്ങേയറ്റം സ്ത്രീവിരുദ്ധവും, വംശീയവുമാണ് നമ്മുടെ സീരിയലുകൾ. കടുത്ത പുരുഷാധിപത്യം ഇന്നും നിലനിൽക്കുന്ന വീട്ടകങ്ങളിൽ, അമ്മമാർ വയോധിക സദനത്തിലത്തെുന്ന ഇക്കാലത്ത്, എവിടെയാണു സാർ പഠിപ്പുരവീട്ടിൽ പത്മാവതിമാർ ഉള്ളത്. മരുമക്കളെ കത്തിക്കാനായി മണ്ണെണ്ണയുമായി നടക്കുന്നവരാണോ കേരളത്തിലെ അമ്മായി അമ്മമാർ. സ്ത്രീത്വത്തെ അപമാനിക്കുന്നു എന്ന ഒറ്റക്കാരണംകൊണ്ടുതന്നെ സർക്കാറിന് അല്ലെങ്കിൽ കോടതിക്ക് ഇവയെ നിരോധിക്കാനാവും.

കോംപ്ലാനും ഹോർളിക്‌സും അടക്കമുള്ള ഹെൽത്ത് ഡ്രിങ്കുകളുടെ പരസ്യം വ്യാപകമായ പഴയ ദൂരദർശൻകാലത്ത് വന്ന ഒരു പഠനം ഓർത്തുപോവുകയാണ്. എത്ര ജോലി ചെയ്താലും തളരാത്തവരും വസ്ത്രം മുഷിയാത്തവരുമാണ് അമ്മമാരെന്ന തെറ്റിദ്ധാരണ കുട്ടികൾക്ക് ഇത് ഉണ്ടാക്കുന്നുവെന്നായിരുന്നു അതിൽ പറയുന്നത്. അതായത്, എല്ലാം അമ്മമാരും പരസ്യത്തിലേതുപോലെയാണ്, എന്നാൽ എന്റെ അമ്മമാത്രം എന്തേ ഇങ്ങനേയെന്ന ധാരണ കുരുന്നു മനസ്സിൽ വേരുപിടിച്ചുപോവും.അതുപോലെ തന്നെ വീട്ടകങ്ങളിലെ വിയർപ്പും മുഷിപ്പും വിഴുപ്പുമൊന്നും സീരിയലുകാർ കാണുന്നില്ല. അടുക്കളയിൽ നരകിക്കുന്ന വേലക്കാരികൾ ഇവിടെ പരിഹാസ കഥാപാത്രങ്ങളായ കൊമേഡിയന്മാരാണ്. കറുത്തുപോയ കഥാപാത്രങ്ങളെയൊക്കെ പരിഹസിക്കുന്നത് കൈയും കണക്കുമില്ല.( കോമഡി ഷോകളിലും ഈ രീതികാണാം) കേസായാൽ ജാമ്യം കിട്ടാത്ത കുറ്റമാണിതെന്നുംപോലും അവർ അറിയുന്നില്ല

ഹൈട്ടക്ക് നമശ്ശിവായ![BLURB#3-H]

കൈലാസനാഥൻ എന്തുകൊണ്ടാണ് ഏത് നിമിഷവും താഴോട്ടുനോക്കിയിരിക്കുന്നതെന്ന് ഫേസ്‌ബുക്ക് പോസ്റ്റിട്ട, ഒരു യുവതിയോട് നമ്മുടെ സംഘികൾ അടക്കമുള്ളവർ ഉറഞ്ഞുതുള്ളിയത് ഈയിടെ വായിച്ചിരുന്നു. സത്യത്തിൽ സംഘികൾക്ക് എന്തെങ്കിലും ആത്മാർഥയുണ്ടെങ്കെിൽ അവർ പ്രതികരിക്കേണ്ടത് ഇത്തരം മൂന്നാംകിട സീരിയലുകളെക്കുറിച്ചാണ്. (അങ്ങനെയൊരും സാംസ്‌ക്കാരിക പൊലീസിന്റെ ജോലി അവർക്കാർക്കും പതിച്ചു നൽകിയിട്ടില്ലെങ്കിലും) രാമാനന്ദ് സാഗറിന്റെ രാമായണവും പിന്നീട് മഹാഭാരതവും (ദൂരദർശനിൽ സംപ്രേഷണംചെയ്തത്) കണ്ടവർക്ക് ഇപ്പോഴത്തെ കൈലാസ നാഥനും, ബാലഗണപതിയുമെല്ലാം കോമഡിയായാണ് അനുഭവപ്പെടുക. ദൈവങ്ങൾക്കൊന്നും വേറെ പണിയില്ലേയെന്നും മനുഷ്യരുടെ കുത്തിത്തിരിപ്പുകളിൽ എണ്ണ പകർന്നാണോ അവർ കാലം കഴിക്കുന്നത് എന്നൊക്കെ വിമർശകർക്ക് തോന്നിപ്പോയാൽ കുറ്റം പറയാനാവില്ല. പുരാണ ഇതിഹാസങ്ങളെ വളച്ചൊടിച്ച്, എന്തൊക്കെയോ എടുത്തുവച്ചിരിക്കുന്നു. എത്ര സെക്‌സിയായാണ് ദേവതമാരുടെവരെ വസ്ത്രധാരണം എന്നുനോക്കൂ. രാമായണം സീരിയലിലും മഹാഭാരതത്തിലും ഇങ്ങനെയായിരുന്നില്ല. പുരുഷ വികാരങ്ങളെ ചൂടുപിടിപ്പിക്കാൻ ബോധപൂർവം ചെയ്തതാണെന്ന് ചുരുക്കം.

ഇത് സീരിയലുകളുടെ പൊതുപ്രശ്‌നമാണ്. ക്ഷീരമുള്ള അകിടിൻ ചുവട്ടിലും അവർക്ക് വേണ്ടത് ചോരയാണ്. ഉദാഹരണമായി മഹാത്മാഗാന്ധിയുടെ ജീവിതം മെഗാ സീരിയലാക്കുന്നു എന്നുവെക്കുക. അതിൽ സ്വാതന്ത്ര്യ സമരത്തിനൊന്നും വലിയ പ്രാധാന്യമുണ്ടാവില്ല. ഗാന്ധിജിയും കസ്തൂർബയും തമ്മിലുള്ള പ്രശ്‌നങ്ങും , ഗാന്ധിജിയുടെ ബ്രഹ്മചര്യം കസ്തൂർബയിലുണ്ടാക്കുന്ന മാറ്റങ്ങളുമൊക്കെയായി കഥ വട്ടം തിരിയും! ഏഷ്യാനെറ്റിലെ ബാല ഗണപതിയെപ്പോലെ അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന ഒരു സീരിയൽ അടുത്തകാലത്തൊന്നും വന്നിട്ടില്ല. ഡിങ്കനെപ്പോലെ ഏത് ആപത്തിൽനിന്നും രക്ഷിക്കാൻ പറന്നത്തെുന്നയാളാണോ ഗണപതി. ഇങ്ങനെയൊരു ചിന്തയുണ്ടാക്കിയെടുക്കുന്നത് കുട്ടികൾക്ക് ഗുണകരമാണോ. ഈ ലേഖകനൊക്കെ സ്‌ക്കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്ത് ഉറൂബിന്റെ 'പടച്ചോന്റെ ചോറ്' എന്ന കഥ പാഠപുസ്തകത്തിലുണ്ടായിരുന്നു. (ഇന്നായിരുന്നെങ്കിൽ മതമില്ലാത്ത ജീവൻപോലെ അതും വിവാദമായേനെ.) പടച്ചോൻ ചോറുതരും എന്നു പറഞ്ഞ് എല്ലാം ദൈവത്തിലർപ്പിച്ച് ഒരു പണിക്കുംപോവാത്ത ഒരുത്തനെ ഒരു മൗലവി നന്നാക്കിയെടുക്കുന്നതാണ് കഥ. മൗലവി ഇയാളെ മുറിയിൽ പൂട്ടിയിടുന്നു. വിശന്നുകരയുന്ന അയാളോട് നിനക്കുള്ള ചോറ് പടച്ചോൻ തരുമെന്ന് പറയുന്നു. ഒടുവിൽ വിശന്ന് കുടലുകരിയുന്നതോടെ അയാൾക്ക് അധ്വാനത്തിന്റെ വില മനസ്സിലാവുന്നു. 'പടച്ചോന്റെ ചോറും' 'ബാലഗണപതിയും' ചേർത്ത് വായിക്കുമ്പോഴാണ് നാം എത്രമാത്രം പിറകോട്ടുപോയെന്ന് മനസ്സിലാവുക.

വാൽക്കഷ്ണം: ഇനി ഇത്തരം വൃത്തികെട്ട സീരിയലുകൾ ഇറക്കിയെന്നു കരുതി ആ മേഖലയിൽ പ്രവർത്തിക്കുന്നവർ കഴിവില്ലാത്തവരാണെന്ന് കരുതേണ്ട.'കുങ്കുമപ്പൂവ്' എന്ന ജുഗുപ്‌സാവസമായ ആഭാസത്തിൽ പ്രൊഫസർ ജയന്തിയായി വെറുപ്പിച്ച ആശാ ശരത് 'ദൃശ്യം' സിനിമയിൽ ഏവരെയും ഞെട്ടിച്ചത് ഓർക്കുക. അരക്കിലോയുടെ തൂക്കക്കട്ടികൊണ്ട് മുഖത്ത് ഇടിച്ചാലും ഒരേ ഭാവംമാത്രം വരുന്ന പ്രൊഫസർ ജയന്തിയിൽനിന്ന് സങ്കൽപ്പിക്കാവുന്നതാണോ ഇത്. അതുപോലെ മുൻകാലങ്ങളിൽ ബോറൻ സീരിയൽ എടുത്ത പലരും നല്ല സിനിമകൾ എടുത്ത ചരിത്രവുമുണ്ട്. പക്ഷേ സീരിയിലിന്റെ നിലാവരം ഉയർത്താനുള്ള നടപടികൾമാത്രം ആരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ല.