മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് സ്ഥാനാർത്ഥി ഗഫൂർ.പി. ലില്ലീസിനെതിരെ പ്രചരിപ്പിക്കാനായി മുസ്ലിംലീഗ് ഉയർത്തിക്കൊണ്ടു വന്ന മലയാളം സർവകലാശാല ഭൂമി വിവാദം മുസ്ലിംലീഗിനെ തിരിഞ്ഞു കുത്തുന്നു. ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട രേഖകൾ പുറത്തായതോടെ മുസ്ലിംലീഗ് നേതൃത്വവും തിരൂർ എംഎൽഎയും വെട്ടിലായി. സർവകലാശാലയ്ക്കായുള്ള ഭൂമി ഗഫൂർ.പി. ലില്ലീസ് ഉയർന്ന വിലയ്ക്ക് സർക്കാരിന് വിറ്റുവെന്ന പ്രചാരണം വ്യാജമാണെന്ന് ഇതോടെ തെളിഞ്ഞതായി എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു.

സ്ഥലം കണ്ടൽകാടുകളുള്ളതും തണ്ണീർതടമായതിനാലും മണ്ണിട്ട് പരിവർത്തനം നടത്തുന്നതിന് തടസമുണ്ടായിരുന്നു. എന്നാൽ 2015 ജൂലായ് ഒമ്പതിന് അന്ന് സംസ്ഥാനം ഭരിച്ചിരുന്ന യുഡിഎഫ് സർക്കാരാണ് പൊതുആവശ്യത്തിന് പരിവർത്തനം വരുത്താമെന്ന ഉത്തരവിറക്കിയത്. തുടർന്ന് 2016 ഫെബ്രുവരി 22ന് സ്ഥലവില സംബന്ധിച്ച ഉത്തരവും ഇറക്കി. പ്രസ്തുത ഉത്തരവ് മലപ്പുറം ജില്ലാ കലക്റ്റർ ഇറക്കുമ്പോഴും സംസ്ഥാനം ഭരിച്ചിരുന്നത് യുഡിഎഫായിരുന്നുവെന്ന് രേഖകൾ വ്യക്തമാക്കുന്നു. സെന്റൊന്നിന് 1.7 ലക്ഷം രൂപയ്ക്ക് വാങ്ങാനാണ് യുഡിഎഫ് സർക്കാർ ജില്ലാതല വില നിർണയ സമിതിയിൽ തീരുമാനിച്ചത്. എന്നാൽ തുടർന്നു വന്ന എൽഡിഎഫ് സർക്കാർ ഗഫൂർ.പി. ലില്ലീസിൽ നിന്ന് ഭൂമി വാങ്ങിയത് സെന്റൊന്നിന് 1.6 ലക്ഷം രൂപയ്ക്കും.

1.6 ലക്ഷം രൂപയ്ക്ക് വാങ്ങി 1.7 ലക്ഷം രൂപയ്ക്ക് സർക്കാരിന് കൈമാറാനുള്ള തിരൂർ എംഎൽഎയുടെ നീക്കം നടക്കാതെ വന്നതോടെയാണ് അഴിമതി ആരോപണവുമായി എംഎൽഎ രംഗത്തു വന്നതെന്നാണ് ആക്ഷേപം. ഭൂമിയേറ്റെടുക്കുന്നതിനും വില നിശ്ചയിക്കുന്നതിനുമൊക്കെയുള്ള തീരുമാനം എടുത്തതിനു ശേഷം 2016 മെയിലാണ് ഇടതു സർക്കാർ അധികാരമേറ്റെടുത്തത്. ഇതോടെ തെരഞ്ഞെടുപ്പ് കാലത്ത് മുസ്ലിംലീഗും യുഡിഎഫും മാധ്യമങ്ങളും ഉയർത്തിക്കൊണ്ടുവന്ന ഭൂമി വിവാദം മുസ്ലിംലീഗിനെ തിരിഞ്ഞു കുത്തുകയാണ്. സംഭവം പുറത്തായതോടെ ഈ വിഷയം പൂഴ്‌ത്തുന്നതിനായി പ്രചാരണം നിർത്തി വയ്്ക്കാൻ മുസ്ലിംലീഗ് അണികൾക്കു നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് സൂചന.