- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
50 അതിഥി തൊഴിലാളികളിൽ നിന്ന് ഒരുബസിന് പിരിച്ചത് മൂന്നുലക്ഷത്തോളം; ബസുടമകളും തൊഴിലാളികളും വിളിച്ചാൽ ഏജന്റുമാരുടെ ഫോൺ സ്വിച്ച് ഓഫ്; ബംഗാൾ അടക്കം നാല് സംസ്ഥാനങ്ങളിലേക്ക് തൊഴിലാളികളെ കൊണ്ടുപോയ ബസ് ജീവനക്കാർ കുടുങ്ങിയത് ഏജന്റുമാരുടെ ചതിയിൽ
ന്യൂഡൽഹി: ഇങ്ങനെയൊരു കുരുക്കിൽ പെടുമെന്ന് പുറപ്പെടുമ്പോൾ ഇവരാരും കരുതിയിട്ടുണ്ടാവില്ല. ശരിക്കും ലോക്കായ അവസ്ഥ. കോവിഡിനെത്തുടർന്ന് അതിഥിത്തൊഴിലാളികളെ നാട്ടിലെത്തിക്കാൻ കേരളത്തിൽനിന്ന് ബിഹാർ, അസം, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലേക്ക് പോയ 465 ബസുകളാണ് കുടുങ്ങിക്കിടക്കുന്നത്. ഈ ബസുകളിലെ എഴുന്നൂറോളം ജീവനക്കാരാണ് പെട്ടുപോയത്. തിരിച്ചുവരാനാകാത്ത അവസ്ഥയിലാണ്.
നാൽപത് ദിവസത്തോളമായി കുടുങ്ങി കിടക്കുന്ന ഇവരുടെ ദുരിതം മലയാളികൾക്ക് കൂടുതൽ മനസ്സിലായത് ഇന്നലെ പാവറട്ടി വെന്മേനാട് കൈതമുക്കു സ്വദേശി കെ.പി.നജീബ് (46) ആണ് അസം - ബംഗാൾ അതിർത്തി പ്രദേശമായ അലിപൂരിൽ മരിച്ചതോടെയാണ്. മുതുവറയിലെ ജയ്ഗുരു ബസിന്റെ ഡ്രൈവറാണ്. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ നാട്ടിലേക്കു വരാനാകാതെ അവിടെ കുടുങ്ങുകയായിരുന്നു. അസുഖം ബാധിച്ച നജീബിനു തക്കസമയത്തു ചികിത്സ കിട്ടിയില്ലെന്ന് അവിടെനിന്നുള്ളവർ പറയുന്നു.
ഏജന്റുമാരുടെ തരികിട കുരുക്കായി
ബംഗാൾ (297), അസം (149), ജാർഖണ്ഡ് (17), ബിഹാർ, ആന്ധ്ര (ഒന്ന് വീതം) എന്നിങ്ങനെയാണ് ബസുകൾ കുടുങ്ങിക്കിടക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളിൽനിന്നുള്ള ബസുകൾ വാടകയ്ക്കെടുത്ത ഏജന്റുമാരാണ് ഇതരസംസ്ഥാനങ്ങളിലേക്ക് ബസുകൾ അയച്ചത്. ഏജന്റുമാരുടെ തരികിടയാണ് ഈ ബസ് ജീവനക്കാർക്ക് വിനയായി മാറിയത്.
ഒരു ബസ് അസമിൽ പോകാൻ ഒരുതൊഴിലാളിയിൽനിന്ന് 4500 മുതൽ 5500 രൂപവരെയാണ് ഏജന്റുമാർ ഈടാക്കിയത്. ഇങ്ങനെ ഒരു ബസിൽ ഏകദേശം 50 തൊഴിലാളികളിൽ നിന്നായി മൂന്ന് ലക്ഷത്തോളം രൂപ ഏജന്റുമാർക്ക് ലഭിക്കും. ബസ് ഉടമകൾക്ക് ഒരുലക്ഷത്തോളം രൂപയാണ് ഏജന്റുമാർ നൽകുന്നത്. ബാക്കി തുകയ്ക്ക് വിളിക്കുമ്പോൾ ഫോൺ സ്വിച്ച് ഓഫ് ആക്കി വെക്കുകയാണെന്ന് ബസ്സുടമകളും തൊഴിലാളികളും പറഞ്ഞു. അസമിൽ പോയി വരാൻ 2.15 ലക്ഷത്തോളമാണ് ചെലവെന്ന് ബസ്സുടമകൾ പറഞ്ഞു. പ്രശ്നങ്ങൾ നാട്ടിൽ അറിയിച്ചാൽ കൊല്ലുമെന്ന ഭീഷണിയും ചില ഏജന്റുമാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നതായി തൊഴിലാളികൾ പറഞ്ഞു. പെരുമ്പാവൂർ ഭാഗത്തുനിന്നാണ് കൂടുതൽ ബസുകൾ പോയിട്ടുള്ളത്.
ഭക്ഷണത്തിനോ തിരികെ വരാനോ പണമില്ല
പ്രാഥമിക ആവശ്യത്തിന് പോലും മതിയായ സൗകര്യമില്ലാതെ വളരെ ദുരിതത്തിലാണ് ഈ ജീവനക്കാർ ഇവിടെ കഴിയുന്നത്. ബസ് ഏർപ്പാടാക്കിയ ഏജന്റുമാർ ഫോൺ ഓഫ് ചെയ്ത് മുങ്ങിയതോടെ ഭക്ഷണത്തിനോ, തിരിച്ച് വരാനുള്ള ഇന്ധനത്തിനോ പണമില്ല. ഇന്നലെ മരിച്ച നജീബിന് കൃത്യ സമയത്ത് ചികിത്സ ലഭ്യമാക്കാനായില്ല.ഏജന്റുമാർ വഞ്ചിച്ചതിനെ തുടർന്ന് കേരളത്തിലേക്ക് മടങ്ങാനാകാതെ 40 ദിവസമായി അസം-ബംഗാൾ ബോർഡറായ അലീപൂരിൽ കുടുങ്ങിക്കിടക്കുകയായിരുന്നു നജീബ്. പെരുമ്പാവൂരിൽ നിന്ന് ഒരുമാസം മുൻപായിരുന്നു നജീബ് അതിഥി തൊഴിലാളികളുമായി പോയത്. തിരിച്ച് വരാനുള്ള തൊഴിലാളികളെ ലഭിക്കാതെ വന്നതോടെ ബസ്സുകൾ ബംഗാളിൽ തന്നെ തുടരുകയായിരുന്നു.
അടിയന്തരമായി നാട്ടിലെത്തിക്കാൻ നടപടി വേണമെന്നും ബസ് തൊഴിലാളികൾ പറയുന്നു. ബസ് മുതലാളിമാർ അക്കൗണ്ടിലിട്ടു കൊടുക്കുന്ന പണം കൊണ്ടാണ് ഈ തൊഴിലാളികൾ ഇപ്പോൾ ഭക്ഷണം കഴിക്കുന്നത്. ഏജന്റുമാർ പണം നൽകാത്തതു കൊണ്ട് മുതലാളിമാർക്കും സഹായിക്കുന്നതിന് പരിധിയില്ലേ എന്നാണ് തൊഴിലാളികളുടെ ചോദ്യം.
ഇവരുടെ കാര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാണ് സ്വകാര്യ ടൂറിസ്റ്റ് ബസ്സുടമകളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. ഇതര സംസ്ഥാനത്ത് പോയി മടങ്ങാനുള്ള പെർമിറ്റ് അവസാനിച്ച് ബസ്സുകളെ സ്പെഷ്യൽ പെർമീറ്റും ടാക്സിൽ ഇളവും നൽകി സർക്കാർ തിരിച്ച് എത്തിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ, അമ്പതിനായിരം രൂപ മുതൽ ഇന്ധന ചെലവ് വരുമെന്നതുകൊണ്ട് ബസുടമകൾ വാഹനം തിരിച്ച് കൊണ്ടുവരാൻ തയ്യാറായിരുന്നില്ല.
വോട്ടുചെയ്യിക്കാൻ കൊണ്ടുപോയി കുടുങ്ങി
പെരുമ്പാവൂരിൽനിന്നു നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യിക്കാനായി അതിഥിത്തൊഴിലാളികളുമായി അസമിലേക്കും ബംഗാളിലേക്കും പുറപ്പെട്ട ബസുകളാണു ലോക്ഡൗൺ കാരണം വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ബസുകൾ ഇതിലുണ്ട്. ഏജന്റുമാർ മുഖേനയാണു തൊഴിലാളികളെ എത്തിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അന്യ സംസ്ഥാന തൊഴിലാളികൾ തിരികെ വരാൻ തയ്യാറാകുന്നില്ല. വോട്ട് ചെയ്യിച്ചു തിരികെക്കൊണ്ടുവരാനായിരുന്നു പരിപാടി. എന്നാൽ ലോക്ഡൗൺ വന്നതോടെ ഒരു ഭാഗത്തേക്കുമാത്രമുള്ള പ്രതിഫലം നൽകി ഏജന്റുമാർ മുങ്ങി.
ലോക്ഡൗൺ കഴിയാതെ തിരിച്ചുവരവു സാധ്യമാകാത്ത സ്ഥിതിയാണ്. തൊഴിലാളികൾ ഈ സ്ഥിതിയിൽ യാത്രക്കാരില്ലാതെ ആയിരക്കണക്കിനു കിലോമീറ്റർ യാത്ര ചെയ്തെത്തുന്നതു വൻ സാമ്പത്തിക നഷ്ടമുണ്ടാക്കും. ഇന്ധനമടിക്കാൻതന്നെ അര ലക്ഷത്തോളം രൂപ വേണം. ടോൾ മാത്രം 12,000 രൂപയാണ്. ഇതിനു പുറമേ ഓരോ ചെക്പോസ്റ്റിലും പൊലീസ് പരിശോധനാ സ്ഥലത്തും കോഴ നൽകണം.
മുഖ്യമന്ത്രിയുടെ ഇടപെടൽ
മുഖ്യമന്ത്രി പിണറായി വിജയൻ അസം, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ സർക്കാരുകളുമായി ബന്ധപ്പെട്ടിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവർക്ക് എല്ലാ സൗകര്യങ്ങളും നൽകാമെന്ന് അവർ ഉറപ്പ് നൽകിയിട്ടുണ്ട്. തിരിച്ചുവരാനുള്ള സ്പെഷ്യൽ പെർമിറ്റും സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. ഈ മാസം 30-നകം എല്ലാ ബസുകളും തിരിച്ച് കേരളത്തിലെത്തും എന്നാണ് കരുതുന്നതെന്നാണ് സർക്കാർ ഭാഷ്യം.
മറുനാടന് മലയാളി ബ്യൂറോ