ലണ്ടൻ: യുകെയിലെ മുഴുവൻ യൂണിവേഴ്‌സിറ്റികളിലും സാന്നിധ്യം ആകാൻ വരും വർഷങ്ങളിൽ കേരളത്തിൽ നിന്നെത്തുന്ന മലയാളി വിദ്യാർത്ഥികൾക്കാകും എന്ന സൂചന നൽകി മൂന്നാമത്തെ യൂണിവേഴ്‌സിറ്റിയിലും വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ വമ്പൻ വിജയം. യുകെയിലെ തന്നെ ഏറ്റവും വലിയ യൂണിവേഴ്സിറ്റികളിൽ ഒന്നായ ആംഗ്ലിയ റസ്‌കിന് യൂണിവേഴ്‌സിറ്റിയിലാണ് പ്രധാന സീറ്റുകളിൽ മലയാളി യുവത്വം വിജയക്കൊടി നാട്ടിയിരിക്കുന്നത്. നേരത്തെ നോർത്താംപ്ടൺ യൂണിവേഴ്‌സിറ്റിയിലും വൂൾവർഹാംപ്ടൺ യൂണിവേഴ്‌സിറ്റിയിലും മിന്നുന്ന വിജയം നേടിയ മലയാളികൾക്ക് കൂടുതൽ ആവേശം പകരുന്ന വാർത്തയാണ് ഇപ്പോൾ ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റിയിൽ നിന്നും എത്തുന്നത്. ഹാഡഴ്സ്ഫീൽഡ് യൂണിവേഴ്‌സിറ്റിയിലും ഇത്തവണ മലയാളി വിദ്യാർത്ഥി മത്സരിക്കാൻ ഇറങ്ങിയെങ്കിലും തോൽവി ഏറ്റുവാങ്ങേണ്ടി വന്നു .

മിഡ്‌ലാൻഡ്‌സ് യൂണിവേഴ്‌സിറ്റികളായ നോർത്താംപ്ടണിലും വൂൾവർഹാംപ്ടണിലും മലയാളികൾ മികവ് തെളിയിച്ച ശേഷമാണു എസ്‌കെ ആംഗ്ലിയയിലെ റസ്‌കിന് യൂണിവേഴ്സിറ്റിയിൽ കടുത്ത പോരാട്ടത്തിൽ പ്രധാന സീറ്റുകൾ മലയാളികൾ പിടിച്ചെടുത്തത്. വൂൾവർഹെപ്റ്റാനിൽ കോട്ടയം കുറുംപ്പംതറ സ്വദേശി സ്റ്റെഫിൻ ചെയർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ റസ്‌കിന് യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിൽ ഇടംപിടിച്ചാണ് മലയാളി വിദ്യാർത്ഥിനിയും കോട്ടയം സ്വദേശിനിയുമായ കാവ്യാ ആന്റണി പ്രസിഡന്റ സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. ഇതോടെ യൂണിവേഴ്സിറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലും സ്വാഭാവികമായും കാവ്യാ ഇടം പിടിച്ചിരിക്കുകയാണ് . യുകെയിൽ ഒരു മലയാളി വിദ്യാർത്ഥിനി ഇത്തരത്തിൽ നേട്ടം സൃഷ്ടിക്കുന്നത് അപൂർവമാണ് . മുൻപ് കേംബ്രിജിൽ കോഴിക്കോട്ടുകാരിയായ നികിത ഹരിയും വിദ്യാർത്ഥി യൂണിയനിൽ വിജയം പിടിച്ചെടുത്തിരുന്നു .

യുകെയിൽ ഏറ്റവും അധികം വിദേശ വിദ്യാർത്ഥികൾ എത്തുന്ന യൂണിവേഴ്സിറ്റി എന്ന നിലയിൽ ആംഗ്ലിയ റസ്‌കിനിൽ നേടിയ വിജയം നിർണയകമാവുകയാണ് . കാവ്യാ പ്രസിഡന്റ് സ്ഥാനത് എത്തുമ്പോൾ വിവിധ കമ്മിറ്റികളായി കൂട്ടിനു മൂന്നു മലയാളി വിദ്യാർത്ഥികൾ വൈസ് പ്രെസിഡന്റ്‌റ് സ്ഥാനത്തും എത്തുകയാണ് . പെരുമ്പാവൂർ വല്ലം സ്വദേശിയായ സോബിൻ സോജൻ, കോട്ടയം പാലാ സ്വദേശിയായ കെവിൻ ജോയ്, തൊടുപുഴ സ്വദേശി ആഷിക് സലിം എന്നിവരാണ് വിജയപട്ടികയിൽ ഇടം പിടിച്ചവർ . ആകെ 24000 വിദ്യാർത്ഥികൾ ഉള്ള ആംഗ്ലിസ് റസ്‌കിനിൽ ഇന്നേവരെ നടന്നിട്ടുള്ളതിൽ ഏറ്റവും വെറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത് എന്ന് യൂണിവേഴ്സിറ്റി തന്നെ വെളിപ്പെടുത്തുന്നു. ആർട്‌സ് ഹ്യുമാനിറ്റീസ് സോഷ്യൽ സയൻസ് വിദ്യാർത്ഥിയാണ് സോബിൻ സോജൻ. സയൻസ് ആൻഡ് എഞ്ചിനിയറിങ്ങാണ് കെവിന്റെ പഠന മേഖല ആഷിക് സലിം ബിസിനസ് ആൻഡ് ലോയിലാണ് പഠനം നടത്തുന്നത്.

തികച്ചും വാശിയേറിയ തിരഞ്ഞെടുപ്പിൽ 120 പേരാണ് വിവിധ തസ്തികകളിൽ മത്സരിക്കാൻ എത്തിയത്. ആയിരക്കണക്കിന് വിദ്യാർത്ഥിളക്കിടയിൽ നിന്നും 3050 പേര് വോട്ടു രേഖപ്പെടുത്തിയപ്പോൾ ആകെ 16600 വോട്ടുകളാണ് എണ്ണേണ്ടി വന്നത്. ഇതിൽ പ്രെസിഡന്റ്‌റ് സ്ഥലത്തുണ്ടായിരുന്ന മത്സരാർഥികളിൽ ഏറ്റവും കൂടുതൽ വോട്ടായ 700 ലഭിച്ചതോടെയാണ് കാവ്യാ പ്രെസിഡന്റ്‌റ് സ്ഥാനത്തെത്തിയത്. വൈസ് പ്രസിഡന്റ ആയ ആഷിക് സലീമാണ് കൂട്ടത്തിൽ ഏറ്റവും കൂടുതൽ വോട്ടു നേടിയത് , 721 എണ്ണം. സോബിൻ സോജന് 696 വോട്ടും കെവിൻ ജോയ്ക്കു 652 വോട്ടും ലഭിച്ചു. പ്രസിഡന്റ സ്ഥാനത്തേക്ക് രണ്ടു ഇന്ത്യക്കാർ തമ്മിലാണ് മത്സരം നടന്നത് എന്നതും പ്രത്ത്യേകതയായി. വടക്കേ ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി ആയിരുന്നു കാവ്യക്ക് എതിരാളി ആയി എത്തിയത് . മാത്രമല്ല ഈ വിദ്യാർത്ഥിനി നിലവിലെ പ്രസിഡന്റ ആയിരുന്നു എന്നതും കാവ്യയുടെ വിജയത്തിളക്കം കൂട്ടുന്നു.


യുകെയിൽ പഠിക്കാനെത്തുമ്പോൾ സർക്കാരും യൂണിവേഴ്‌സിറ്റികളും ചെയുന്ന ഒട്ടേറെ കാര്യങ്ങൾ അറിയാതെയും മനസിലാക്കതെയുമാണ് പല വിദ്യാർത്ഥികളും പഠനം പൂർത്തിയാക്കി മടങ്ങുന്നത്. ഇക്കഴിഞ്ഞ കോവിഡ് പ്രയാസ സമയത്തു നിത്യജീവിത ചെലവിനായി എല്ലാ വിദ്യാർത്ഥികൾക്കും സര്വകലാശാല ഹാർഡ് ഷിപ് ഫണ്ട് എന്ന പേരിൽ 200 പൗണ്ട് നൽകിയിരുന്നു. എന്നാൽ നല്ല പങ്കു മലയാളി വിദ്യാർത്ഥികളും ഇതറിഞ്ഞില. കൂടാതെ ലാപ് ടോപ് ഫണ്ട് എന്ന പേരിൽ 400 പൗണ്ടും അനുവദിക്കപ്പെട്ടു. ഇതുകൂടാതെ പഠിക്കുമ്പോൾ തന്നെ ബിസിനസ് വിസ , ബിസിനസ് പ്‌ളേസ്‌മെന്റ് എന്നിവയൊക്കെ പല യൂണിവേഴ്‌സിറ്റികളും ചെയ്തു കൊടുക്കുണ്ട്. പതിനായിരം പൗണ്ട് വരെ സഹായമായി ലഭിക്കുകയും ചെയ്യാം. സ്റ്റാർട്ട് അപ് പ്രോജക്ട് പോലെ ഉള്ള സംരംഭങ്ങൾ യൂണിവേഴ്‌സിറ്റിയെ ബോധ്യത്തെടുത്താനായാൽ ഇതൊക്കെ അനുകൂലമാക്കി എടുക്കാം. എന്നാൽ ഇക്കാര്യങ്ങൾ അറിഞ്ഞു വരുമ്പോഴേക്കും സമയം തീർന്നിട്ടുണ്ടാകും. ഇതിനു പ്രധാന കാരണം യൂണിവേഴ്സിറ്റി ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത് നേരത്തെ അറിയാൻ വഴിയില്ലാതെ പോകുനതുകൊണ്ടാണ്. ഇപ്പോൾ ആംഗ്ലിയ റസ്‌കിനിൽ കാവ്യാ പ്രസിണ്ടന്റെ ആയതോടെ ഈ വിദ്യാർത്ഥിനി അറിയാതെ യൂണിവേഴ്സിറ്റിയിൽ ഒരു കാര്യവും നടക്കില്ല എന്നതാണ് വസ്തുത. നേരത്തെ ഇത്തരം കാര്യങ്ങൾ നോർത്ത് ഇന്ത്യൻ വിദ്യാര്ഥികൾ മാത്രമാണ് അറിഞ്ഞിരുന്നത് . കാരണം അവർ വിദ്യാർത്ഥി യൂണിയനിൽ ഏറെ സജീവം ആയിരുന്നു എന്നതാണ് . ആഗ്ലിയ റസ്‌കിനിലും മറ്റും തെലുങ്ക് വിദ്യാർത്ഥികളും മറ്റും ശക്തമായ സംഘടനാ സംവിധാനം രൂപപെടുത്തിയാണ് പ്രവർത്തിക്കുന്നതെന്നും ഇപ്പോൾ ജയിച്ചു കയറിയ മലയാളി വിദ്യാർത്ഥികൾ പറയുന്നു .

അതിനിടെ , നാല് യൂണിവേഴ്സിറ്റികളിൽ മത്സര രംഗത്ത് എത്തിയ ആവേശത്തിൽ യുകെയിലെ മുഴുവൻ യൂണിവേഴ്‌സിറ്റികളിലെയും വിദ്യാർത്ഥികളെ കൂട്ട് പിടിച്ചു സ്‌റുഡന്റ്‌റ്‌സ് സപ്പോർട് കൗൺസിൽ രൂപീകരിക്കാൻ ഉള്ള ശ്രമം ഊര്ജിതമായിരിക്കുകയാണ്. ഓരോ വർഷവും ആയിരകണക്കിന് മലയാളി വിദ്യാർത്ഥികൾ യുകെയിൽ പഠിക്കാൻ എത്തുന്നതിനാൽ ഇവിടെ എത്തുമ്പോൾ നേരിടേണ്ടി വരുന്ന പ്രധാന പ്രശനങ്ങളിൽ ഇടപെടാനും സഹായമാകാനും കരുത്തുള്ള വിധം സംഘടനാ രൂപത്തിൽ കോമൺ പ്ലാറ്റഫോം രൂപീകരിക്കുകയാണ് ലക്ശ്യമെന്നു ഹാദേഴ്സ്ഫീൽഡ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ അരുൺ ജേക്കബ് വക്തമാക്കി. നിലവിൽ സാന്നിധ്യം അറിയിച്ച മുഴുവൻ യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹികളെയും ഒന്നിച്ചു ചേർത്ത് സംഘടനാ രൂപത്തിലേക്ക് യുകെയിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് മാറാനാകുമോ എന്ന ചിന്തയാണ് ഇപ്പോൾ രൂപമെടുക്കുന്നത്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ വിശദമാകാനാകുമെന്നും അരുൺ കൂട്ടിച്ചേർക്കുന്നു . വിദ്യാർത്ഥികൾക്കിടയിൽ ഇതുസംബന്ധിച്ച പ്രാഥമിക ചർച്ചകളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.