തിരുവല്ല: ഫ്ളാറ്റിൽ തനിച്ചു താമസിച്ചിരുന്ന വയോധികനെ നോക്കാനേൽപ്പിച്ച മെയിൽ നഴ്സ് അദ്ദേഹത്തിന്റെ എടിഎം കാർഡും പിൻനമ്പരും തട്ടിയെടുത്ത് ബാങ്കിൽ നിന്ന് പിൻവലിച്ചത് ഒന്നരലക്ഷം രൂപ.വിദേശത്തുള്ള മകന് സംശയം തോന്നി ബാങ്ക് അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ തട്ടിപ്പ് പുറത്തായി. മെയിൽ നഴ്സിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പത്തനാപുരം കണ്ടയം വീട്ടിൽ രാജീവാ(38)ണ് അറസ്റ്റിലായത്. തിരുവല്ല ചിലങ്ക തീയേറ്ററിന് സമീപത്തെ ബി.ടെക് ഫ്ളാറ്റിലെ താമസക്കാരനായ പി.എ. എബ്രഹാമിന്റെ പണമാണ് എടിഎമ്മിലൂടെ പല തവണയായി രാജീവ് അടിച്ചു മാറ്റിയത്. തനിച്ച് താമസിച്ചിരുന്ന ഏബ്രഹാമിനെ പരിചരിക്കാനായി പുനലൂരിലെ ഒരു ഏജൻസി മുഖേനെ ജനുവരിയിലാണ് രാജീവ് ഫ്ളാറ്റിൽ ജോലിക്കെത്തിയത്.

അലമാരയിൽ സൂക്ഷിച്ചിരുന്ന എബ്രഹാമിന്റെ എടിഎം കാർഡ് കൈക്കലാക്കി കവറിൽ രേഖപ്പെടുത്തിയിരുന്ന പിൻ നമ്പർ ഉപയോഗിച്ച് പലതവണയായി ഒന്നരലക്ഷത്തോളം രൂപ വിവിധ എടിഎമ്മുകളിൽ നിന്നും പിൻവലിക്കുകയായിരുന്നു. വിദേശത്തുള്ള മകൻ പണം അയച്ചത് അറിയിക്കാൻ കഴിഞ്ഞ ദിവസം ഏബ്രഹാമിനെ വിളിച്ചപ്പോൾ സംശയമുണ്ടായതിനെ തുടർന്ന് ബാങ്കിൽ ബന്ധപ്പെടുകയായിരുന്നു.

തുടർന്ന് ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിലാണ് എബ്രഹാം അറിയാതെ പലതവണയായി ബാങ്കിൽ നിന്നും പണം നഷ്ടമായ വിവരം അറിയുന്നത്. ഇതേതുടർന്ന് എബ്രഹാം തിരുവല്ല പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് രാജീവിനെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.