- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രിയിൽ നിന്ന് ബാഗ് മോഷണം പോയതിന് നഴ്സ് പരാതി നൽകിയത് നഷ്പ്പെട്ടുവെന്ന് പറഞ്ഞ്; വഴിയിൽ എവിടെയോ പോയതെന്ന് കരുതി പൊലീസ് അന്വേഷിച്ചില്ല; എടിഎം കാർഡിനൊപ്പം പിൻനമ്പറും കണ്ട് ആർത്തി കയറി മോഷ്ടാവ്; അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകാൻ തുടങ്ങിയപ്പോൾ കളി കാര്യമായി; മല്ലപ്പള്ളിയിൽ രതീഷ് കുടുങ്ങുമ്പോൾ
മല്ലപ്പള്ളി: ചെങ്ങരൂർ ചിറയിൽ സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുന്ന നഴ്സ് കഴിഞ്ഞ അഞ്ചിന് കീഴ്വായ്പൂർ പൊലീസ് സ്റ്റേഷനിലെത്തിയത് തന്റെ പഴ്സ് അടങ്ങിയ ബാഗ് എവിടെയോ നഷ്ടമായി എന്നു പറഞ്ഞാണ്. ബാഗിനുള്ളിൽ പഴ്സും ആധാർകാർഡ്, എടിഎം കാർഡ്, പാൻ കാർഡ് തുടങ്ങിയ രേഖകളുമുണ്ടായിരുന്നു. സാധാരണ നഷ്പ്പെട്ടുവെന്ന് പറഞ്ഞ് വരുന്ന പരാതികളിൽ പൊലീസ് കേസെടുക്കുന്ന പതിവില്ല. അതിനാൽ പരാതി മാറ്റി വച്ചു.
അങ്ങനെയിരിക്കേയാണ് രണ്ടു ദിവസം കഴിഞ്ഞപ്പോൾ മുതൽ നഴ്സിന്റെ ഫോണിലേക്ക് ബാങ്കിൽ നിന്ന് സന്ദേശം വരാൻ തുടങ്ങി. അക്കൗണ്ടിലുള്ള പണം ആരോ പിൻവലിക്കുന്നു. ആറു തവണയായി 22,000 രൂപ നഷ്ടമായി. നഴ്സ് വീണ്ടും പൊലീസിനെ സമീപിച്ചു. അപ്പോഴാണ് അറിയുന്നത് നഴ്സിന്റെ ബാഗ് അവർ ജോലി ചെയ്യുന്ന ക്ലിനിക്കിൽ കയറി ആരോ മോഷ്ടിച്ചതാണ്. അതിനുള്ളിലുണ്ടായിരുന്ന എടിഎം കാർഡിന്റെ കവറിൽ പിൻനമ്പരും എഴുതി വച്ചിരുന്നു.
മോഷ്ടാക്കൾക്ക് പിന്നീട് കൊയ്ത്തായിരുന്നു. ഒന്നു രണ്ടു തവണ പണം പോയിട്ടും കാർഡ് ഉടമ വിവരം ബാങ്കിൽ അറിയിച്ച് കാർഡ് ബ്ലോക്ക് ചെയ്യായിരുന്നത് കാരണമാണ് ആറു തവണ പണം നഷ്ടമായത്. മോഷണത്തിന്റെ യഥാർഥ ചിത്രം കിട്ടിയ പൊലീസ് പരാതിക്കാരി മിനി വർഗീസിനോട് കാര്യങ്ങൾ മനസിലാക്കിയ ശേഷം പണം പോയ എടിഎമ്മുകളിൽ സിസിടിവി കാമറകൾ പരിശോധിച്ചു.
പ്രതിയായ ചങ്ങനാശേരി മാടപ്പള്ളി വെങ്കോട്ട പുതുപ്പറമ്പിൽ രാഹുലി(20)നെയാണ് കീഴ്വായ്പൂർ പൊലീസ് ഇൻസ്പെക്ടർ സിടി സഞ്ജയിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിയും സഹോദരനുമായ രതീഷ് (23) മറ്റൊരു മോഷണക്കേസിൽ ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്ത് പൊൻകുന്നം സബ്ജയിലിൽ റിമാൻഡിലാണ്.
കഴിഞ്ഞ അഞ്ചിന് ഇരുവരും ചേർന്നാണ് ക്ലിനിക്കിലെത്തി ബാഗും പഴ്സും മോഷ്ടിച്ചത്. ബാഗിലുണ്ടായിരുന്ന 3000 രൂപ ഇരുവരും ചേർന്ന് കൈക്കലാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് ഇവരുടെ വീടിന് നിരീക്ഷണവും കാവലും ഏർപ്പെടുത്തി. കോവിഡ് കാലഘട്ടമായതിനാൽ അറസ്റ്റ് ചെയ്യുന്നതിന്റെ നൂലാമാലകൾ ഏറെയായിരുന്നു. ഈ നിർദേശങ്ങളിൽ ഇളവ് വന്നതിന് പിന്നാലെ പ്രതിയെ കസ്റ്റഡിയിൽ എടുത്തു.
തനിക്ക് നഷ്ടമായ പണം തിരികെ കിട്ടിയാൽ മതിയെന്നായിരുന്നു പരാതിക്കാരിയുടെ നിലപാട്. പണം തിരികെ കിട്ടിയാൽ കേസ് വേണ്ടെന്ന് വയ്ക്കാമെന്നും ഇവർ പറഞ്ഞു. എന്നാൽ, പണം തിരിച്ചു കിട്ടാൻ വഴിയില്ലെന്നും കേസെടുക്കാതെ പറ്റില്ലെന്നും പൊലീസ് ബോധവൽക്കരിച്ചാണ് ഇവരുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തത്.
കൂട്ടുപ്രതിയായ സഹോദരൻ രതീഷ് ചങ്ങനാശേരിയിൽ വാഹനം മോഷ്ടിച്ചതിന് ഇതിനിടെ അറസ്റ്റിലായി. പൊൻകുന്നം ജയിലിൽ റിമാൻഡിൽ കഴിയുന്ന ഇയാളെ കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തു. ഇരുവരും നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്