- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദാരിദ്യം നുണഞ്ഞ ബാല്യം; ചികിത്സ കിട്ടാതെ മരിച്ച അച്ഛൻ; പഠനം പോരാട്ടമാക്കി നിയമം, ചരിത്രം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളിൽ ബിരുദം; ഇസ്ലാമിക ചരിത്രത്തിൽ ബിരുദാനന്തര ബിരുദം; ഒന്നിലേറെ ഡോക്ടറേറ്റുകൾ; ബംഗാളി ഭാഷയിൽ എഴുതിയ 87 പുസ്തകങ്ങൾ; നിരവധി വിശേഷങ്ങളിലൂടെ കടന്നുപോകുന്ന നമ്മളറിയാത്ത പോയ മമത..!
കേന്ദ്രം ഭരിക്കുന്ന മോദി സർക്കാർ കണ്ണുരുട്ടിയാൽ ഭയക്കുന്ന അല്ലെങ്കിൽ പതുങ്ങുന്ന ഒരുപാട് രാഷ്ട്രീയ നേതാക്കളേയും ഉദ്യോഗസ്ഥരേയും നമ്മൾ പലപ്പോഴായി കണ്ടുവരാറുണ്ട്. എന്നാൽ ഒരിക്കൽപോലും കുലുങ്ങാത്ത പോരാട്ടവീര്യം കാഴ്ചവയ്ക്കുന്ന മമ്ത എന്നാ മമതാ ബാനർജിയെയും നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ പൊതുവെ മലയാളികൾക്കിടയിൽ അറിയപ്പെടുന്നത് മോദിയുമായുള്ള പോരാട്ടങ്ങളിലൂടെയാണ് .
രാഷ്ട്രീയ കളരിയിൽ മമതാ ബാനർജി പോരാട്ടം രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് ഒരു പാഠപുസ്തകവുമാണ്. മമതാ ബാനർജി യെക്കുറിച്ച് വളരെ ചുരുങ്ങിയ വരികളിലുടെ ദീദി യിലേക്കുള്ള വഴികൾ വിവരിക്കുന്ന ബഷീറുദ്ദീൻ വെള്ളാഞ്ചിറയുടെ ലേഖനം ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുകയാണ്.
ബഷീറുദ്ദീൻ വെള്ളാഞ്ചിറയുടെ ലേഖനത്തിന്റെ പൂർണ രൂപം
പ്രത്യയശാസ്ത്രമില്ലാത്ത രാഷ്ട്രീയ പ്രയോഗമാണ് മമതാ ബാനർജിയെന്ന് എപ്പോഴും വിമർശിക്കുന്ന ഒരാളാണ് ഞാൻ. ഇടതുപക്ഷത്തിന്റെ ബദൽ നാളങ്ങൾ ഊതിക്കെടുത്തിയല്ല, ഇന്ത്യയുടെ മതേതരപ്പന്തങ്ങൾ ജ്വലിക്കേണ്ടത് എന്ന് ഇപ്പോഴും വിശ്വസിക്കുന്നയാളുമാണ്. സ്വാതന്ത്ര്യാനന്തര ബംഗാളിനെ അക്രമ രാഷ്ട്രീയത്തിലേക്ക് വഴിതെറ്റിച്ചതിൽ മമതയ്ക്ക് വലിയ പങ്കുണ്ടെന്ന് കരുതുന്നയാളുമാണ്..
എന്നാൽ ബംഗാളി ജനതയെ ഒപ്പം നിർത്തുന്നതിൽ ആ ജനനായിക പ്രകടിപ്പിക്കുന്ന മാസ്മരികത കുറേ കാലമായി എന്നെ വിസ്മയിപ്പിക്കുന്നു. അഴിമതി രാജാക്കന്മാരായ പുരുഷ നേതാക്കളെ വിറപ്പിച്ച് നയിക്കുന്ന ആ പെൺകരുത്ത് അത്യപൂർവം തന്നെ! ഉദ്യോഗസ്ഥ പ്രഭുത്വത്തെ കിടിലം കൊള്ളിക്കുന്ന ആ ആജ്ഞാശക്തി അതിലേറെ അപൂർവം! ഇടതു പക്ഷത്തെ നിലംപരിശാക്കുകയും ബിജെപിയെ നിലക്കു നിർത്തുകയും ചെയ്ത ആ നേതൃപാടവം അപൂർവങ്ങളിൽ അപൂർവം!
ആർക്കും മെരുങ്ങാത്ത ആ വന്യശക്തിയെ അറിയാൻ കമ്പം തോന്നിയപ്പോഴാണ് ആമസോണിൽ ഈ പുസ്തകത്തിന്റെ ആദായ വിൽപന കണ്ടത്. ഷുതാപാ പോൾ രചിച്ച ജീവചരിത്ര ഗ്രന്ഥം, മാധ്യമപ്പൊലിമയ്ക്കപ്പുറം മറഞ്ഞു കിടന്ന ഒരു അത്ഭുത ജന്മത്തെയാണ് അനാവരണം ചെയ്യുന്നത്. ദാരിദ്യം നുണഞ്ഞ ബാല്യം; ചികിത്സ കിട്ടാതെ മരിച്ച അച്ഛൻ; പഠനം പോരാട്ടമാക്കി നിയമം, ചരിത്രം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളിൽ ബിരുദം; ഇസ്ലാമിക ചരിത്രത്തിൽ ബിരുദാനന്തര ബിരുദം; ഒന്നിലേറെ ഡോക്ടറേറ്റുകൾ..
കൗമാരത്തിൽ തന്നെ കോൺഗ്രസ് രാഷ്ട്രീയത്തിൽ കത്തിക്കയറിയ മമതയുടെ പിൽക്കാല ജീവിതം നമ്മുടെ ഓർമയിലുള്ളതുകൊണ്ട്, പുതുമയൊന്നും തോന്നിയില്ല. എങ്കിലും ജയപ്രകാശ് നാരായണന്റെ കാറിനു മുകളിൽ കയറി പ്രതിഷേധ നൃത്തം ചവിട്ടിയതും വനിതാ സംവരണ ബില്ലിനെ എതിർത്ത സമാജ് വാദി മെംബറെ ലോക്‌സഭയുടെ നടുത്തളത്തിൽ കഴുത്തിനു പിടിച്ചതുമൊക്കെ സമരവേദികളിൽ എപ്പോഴും നിലവിട്ടു പെരുമാറുന്ന ദീദിയുടെ മാത്രം സ്‌റ്റൈൽ ആണു താനും..
തോറ്റടിഞ്ഞും കുതിച്ചുയർന്നും മുന്നേറിയ ആ രാഷ്ട്രീയ ജീവിതം തൊട്ടതൊക്കെ ചരിത്രമാക്കി. കാൽ നൂറ്റാണ്ടുകാലം എംപിയും പലതവണ കേന്ദ്രമന്ത്രിയുമായ അവർ ബംഗാളിന്റെ പ്രഥമ വനിതാ മുഖ്യമന്ത്രിയായി പത്ത് വർഷം പിന്നിടുന്നു. 66 വയസ്സിനുള്ളിൽ എത്രയോ ആയുസ്സുകൾ ജീവിച്ചു തീർത്ത അസാധാരണമായ സ്ത്രീജന്മം..
പുസ്തകത്തിന്റെ അവസാന താളുകളിലേക്കാണ് മമതയുടെ ഒരു അഭിമുഖം വാട്‌സാപ്പിൽ വന്നു കയറിയത്. പത്തനംതിട്ടയിൽ നിന്ന് പ്രിയസുഹൃത്ത് ഖാൻ ഷാജഹാനാണ്, ഒരു ഹിന്ദി വാർത്താ ചാനലിൽ വന്ന ആ ഇന്റർവ്യൂ എനിക്കയച്ചത്. ഹിന്ദി അദ്ധ്യാപകനായ സഹപ്രവർത്തകൻ സുമേഷ്, ദീദിയുടെ വാക്കുകൾ തെറ്റാതെ ഭാഷാന്തരം ചെയ്തു തന്നു. പുസ്തകവും അഭിമുഖവും ചേർന്ന് അനാവരണം ചെയ്തത്, ഞാൻ ഒട്ടും അറിയാതെ പോയ ഒരു ബഹുമുഖ പ്രതിഭയെ ആണ്. കൽക്കത്തയിലെ കൂലിത്തെരുവിൽ കൊച്ചു വീട്ടിൽ ഒറ്റയ്ക്കു കഴിയുന്ന ദീദി, തെരുവിന്റെ മക്കളാണ് തന്റെ കുടുംബമെന്ന് തെളിയിക്കുന്നു..
യഥാർഥ മമതാ ബാനർജി ബംഗാൾ മുഖ്യമന്ത്രി മാത്രമല്ല. ബംഗാളി ഭാഷയിൽ 87 പുസ്തകങ്ങൾ എഴുതിക്കഴിഞ്ഞ ഗ്രന്ഥകാരിയാണ്! കൽക്കത്തയിൽ എത്രയോ തവണ സ്വന്തം പ്രദർശനം ഒരുക്കിയിട്ടുള്ള ചിത്രകാരിയാണ്! ഗാനങ്ങൾ എഴുതുകയും സംഗീത സംവിധാനം നിർവഹിക്കുകയും ചെയ്യുന്ന കലാകാരിയാണ്! ഈ വിവരങ്ങളേക്കാൾ അത്ഭുതകരമാണ് മമത എന്ന ജനസേവിക പൊതുമുതലിനോട് പുലർത്തുന്ന സമീപനം!
മുഖ്യമന്ത്രി എന്ന നിലയിൽ മാസാന്തം രണ്ടു ലക്ഷത്തോളം രൂപ ശമ്പളം പറ്റാവുന്ന അവർ ഒരു നയാ പൈസയുടെ ആനുകൂല്യവും കൈപ്പറ്റുന്നില്ല. ഔദ്യോഗിക വസതിയോ വാഹനമോ സ്വീകരിച്ചിട്ടില്ല. സ്വന്തം വീടും വാഹനവും ഉപയോഗിക്കുന്നു. എക്കണോമി ക്ലാസിൽ സ്വന്തം ചെലവിൽ യാത്ര ചെയ്യുന്നു. യാത്രാബത്ത കൈപ്പറ്റുന്നില്ല. ഗസ്റ്റ് ഹൗസുകളിൽ വാടകയും ഭക്ഷണച്ചിലവും എപ്പോഴും സ്വയം കൊടുത്ത് താമസിക്കുന്നു. പാർലിമെന്റ് അംഗവും കേന്ദ്ര മന്ത്രിയും ആയിരുന്ന കാലത്തെ പെൻഷനും വേണ്ടെന്ന് വച്ചിരിക്കുന്നു. ചുരുക്കത്തിൽ രാഷ്ട്രത്തിനു വേണ്ടി സമർപ്പിക്കപ്പെട്ട സമ്പൂർണ സൗജന്യ സേവനം!
പിന്നെ എന്താണ് ദീദിയുടെ വരുമാനം..?
പുസ്തകങ്ങളിൽ നിന്ന് പ്രതിവർഷം ശരാശരി രണ്ടു കോടി രൂപ റോയൽറ്റി ലഭിക്കുന്നു. ചിത്രങ്ങളും സംഗീതവും നൽകുന്ന വരുമാനം വേറെ! തനിച്ച് ജീവിക്കാനും യഥേഷ്ടം സംഭാവന ചെയ്യാനും സ്വന്തം പണം തന്നെ ധാരാളമെന്ന് ദീദി! അധ്വാനിച്ച് ജീവിക്കുന്ന ജനനേതാവിന്റെ ആർജ്ജവമാണ് മമതയുടെ ഇച്ഛാശക്തിയെന്ന് ഇന്ന് ഞാനറിയുന്നു. അഥവാ, ജീവിതമാണ് പ്രത്യയശാസ്ത്രമെന്ന് എന്നെത്തന്നെ തിരുത്തേണ്ടി വരികയാണോ..??
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്