- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമ്മൂട്ടിക്ക് എന്താ കൊമ്പുണ്ടോ? നിയമം എല്ലാവർക്കും ഒരു പോലെ ബാധകമെന്ന് പറഞ്ഞ് സജിയുടെ ഭാര്യയുടെ മാസ് എൻട്രി; പ്രിസൈഡിങ് ഓഫീസറാണെന്ന് കരുതി മാധ്യമ പ്രവർത്തകരെ തടഞ്ഞ് പൊലീസ്; മമ്മൂട്ടിയും ഭാര്യയും വോട്ടു ചെയ്തത് സിനിമാ സ്റ്റൈൽ സംഘർഷത്തിനിടെ
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ ചലച്ചിത്ര താരം മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത് സംഘർഷത്തിനിടെ. പൊന്നുരുന്നി സികെഎസ് സ്‌കൂളിലാണ് ഭാര്യ സുൽഫത്തിനൊപ്പം മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത്. മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയ ദൃശ്യങ്ങൾ പക4ത്തുന്നതിനെതിരെ ബിജെപി പ്രതിഷേധിച്ചു. തൃക്കാക്കരയിലെ ബിജെപി സ്ഥാനാർത്ഥി എസ് സജിയുടെ ഭാര്യയാണ് ദൃശ്യങ്ങൾ പകർത്തുന്നതിനെ ചോദ്യം ചെയ്തത്. ഇതോടെ ബൂത്തിന് പുറത്ത് വാക്കേറ്റമുണ്ടായി. നാടകീയമായ സംഭവങ്ങളാണ് ഇതുണ്ടാക്കിയത്.
രാവിലെ സജി വോട്ട് ചെയ്യാൻ എത്തിയിരുന്നു. സജി വോട്ട് ചെയ്യുന്നത് മൊബൈലിൽ പകർത്താൻ ചിലർ ശ്രമിച്ചു. എന്നാൽ ഇതിനെ പൊലീസ് തടഞ്ഞു. വീഡിയോ പകർത്താൻ കഴിയില്ലെന്നായിരുന്നു വാദം. സജി വോട്ട് ചെയ്ത് മടങ്ങി. ഇവിടെ മമ്മൂട്ടി വോട്ട് ചെയ്യാനെത്തുമെന്ന് എല്ലാവർക്കും അറിയാമായിരുന്നു. വോട്ട് ചെയ്യാൻ പതിനൊന്നരയോടെ മമ്മൂട്ടിയും ഭാര്യയും എത്തി. മാധ്യമ പ്രവർത്തകർ വോട്ട് ചെയ്യുന്നത് പകർത്താനും തുടങ്ങി. ഇതിനിടെയാണ് പെട്ടെന്ന് ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ട് ബഹളം തുടങ്ങിയത്.
മമ്മൂട്ടിക്ക് എന്താ കൊമ്പുണ്ടോ എന്നായിരുന്നു ചോദ്യം. ഇവർ പ്രിസൈഡിങ് ഓഫീസറാണെന്ന് ആദ്യം പൊലീസ് കരുതി. ഇതോടെ മാധ്യമ പ്രവർത്തകരെ പൊലീസ് പിടിച്ചു മാറ്റി. വീഡിയോ എടുക്കേണ്ടെന്നും പറഞ്ഞു. പിന്നീട് ബിജെപി പ്രവർത്തകരെത്തി. ഇതോടെയാണ് തടയാനെത്തിയ സ്ത്രീ ബിജെപി സ്ഥാനാർത്ഥിയുടെ ഭാര്യയാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ പൊലീസ് നിലപാട് മാറ്റി. ഇതോടെ ബിജെപിക്കാർ പ്രതിഷേധം ഉയർത്തുകയും ചെയ്തു.
സജി വോട്ട് ചെയ്യാനെത്തിയപ്പോൾ വിഡീയോ പകർത്താൻ ശ്രമിച്ചത് ബിജെപിക്കാരായിരുന്നു. ബൂത്തിനുള്ളിൽ മീഡിയാ പാസുണ്ടെങ്കിൽ മാത്രമേ വീഡിയോ പകർത്താൻ കഴിയൂ. അതുകൊണ്ടാണ് സജിയുടെ വീഡിയോ എടുക്കലിനെ പൊലീസ് തടഞ്ഞത്. എന്നാൽ മമ്മൂട്ടി വന്നപ്പോൾ പാസുള്ള മാധ്യമ പ്രവർത്തകരാണ് വീഡിയോ എടുക്കാനെത്തിയത്. ഇതോടെയാണ് സാധാരണക്കാർക്ക് ഒരു നിയമം. മമ്മൂട്ടിക്ക് കൊമ്പുണ്ടോ എന്ന ചോദ്യം സജിയുടെ ഭാര്യ ഉയർത്തിയത്. ഇതാണ് പ്രശ്‌നമായത്.
മമ്മൂട്ടി വോട്ട് ചെയ്ത ശേഷവും തർക്കം തുടർന്നു. സജിയുടെ ഭാര്യയ്‌ക്കെതിരെ മാധ്യമ പ്രവർത്തകർ തിരിയുകയും ചെയ്തു. ഇതൊന്നും ശ്രദ്ധിക്കാതെ ക്യൂവിൽ നിന്ന് മമ്മൂട്ടി വോട്ട് ചെയ്തു. പുറത്തിറങ്ങിയ മമ്മൂട്ടി രാഷ്ട്രീയ പ്രതികരണങ്ങൾക്ക് തയ്യാറായുമില്ല. ഭാര്യ സുൽഫത്തിനൊപ്പമാണ് മമ്മൂട്ടി എത്തിയത്. തൃക്കാക്കര നിയോജകമണ്ഡലത്തിലെ പൊന്നുരുന്നിയിലൊ 63-ാം ബൂത്ത് നമ്പറിലാണ് ഇവർ വോട്ട് രേഖപ്പെടുത്താനായി എത്തിയത്. കോവിഡ് കാലമാണ് എല്ലാവരും സൂക്ഷിക്കണമെന്ന് മമ്മൂട്ടി വോട്ട് ചെയ്തതിന് ശേഷം പറഞ്ഞു.
വിവിധ ജില്ലകളിലായി നിരവധി താരങ്ങളാണ് വോട്ട് രേഖപ്പെടുത്താനായി എത്തിയത്. പ്രവചനാതീതമായ തെരഞ്ഞെടുപ്പാകും ഉണ്ടാകുകയെന്ന് സംവിധായകനും നടനുമായ രഞ്ജി പണിക്കർ ട്വന്റിഫോറിനോട് പറഞ്ഞു. എല്ലാ തവണയും താൻ വോട്ട് ചെയ്യാറുണ്ടെന്നും പുലർച്ചെ തന്നെയെത്തി വോട്ട് രേഖപ്പെടുത്താറുണ്ടെന്നും രഞ്ജി പണിക്കർ പറഞ്ഞു. നടന്മാരായ ആസിഫ് അലി, അസ്‌കർ അലി, നീരജ് മാധവ്, രശ്മി സോമൻ ഗായിക സയനോര ഫിലിപ്പ് എന്നിവരും വോട്ട് രേഖപ്പെടുത്തി.