- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലി വാഗ്ദാനത്തിൽ കബളിപ്പിച്ച് പഠനാവശ്യത്തിനുള്ള മൊബൈൽ തട്ടിയെടുത്ത് അജ്ഞാതൻ; ഷാരോണിന്റെ വേദന മറുനാടനിലൂടെ അറിഞ്ഞ് അതിവേഗ ഇടപെടൽ നടത്തി മെഗാതാരവും; കെയർ ആൻഡ് ഷെയറിലൂടെ മരടിലെ പത്താംക്ലാസുകാരനും സഹോദരിക്കും പുതിയ ഫോൺ; ഇത് മമ്മൂട്ടിയുടെ 'വിദ്യാമൃതം'
കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ച് പഠനാവശ്യത്തിനുള്ള മൊബൈൽ ഫോൺ തട്ടിയെടുത്ത് കളഞ്ഞതിനെ തുടർന്ന് പഠനം വഴിമുട്ടിയ വിദ്യാർത്ഥിക്ക് നടൻ മമ്മൂട്ടിയുടെ സഹായം. മരട് മാർട്ടിൻപുരം പയനിയർ ജംക്ഷൻ വലിയ പറമ്പിൽ ഷിബിയുടെ മകൻ അരൂർ സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി ഷാരോണിന് പഠനാവശ്യത്തിനുള്ള സ്മാർട്ട് ഫോൺ വാങ്ങി നൽകിയാണ് സഹായിച്ചത്.
നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ എത്തിക്കാൻ അദ്ദേഹം തുടങ്ങിവെച്ച 'വിദ്യാമൃതം' പദ്ധതിയിലുൾപ്പെടുത്തിയാണ് സഹായം നൽകിയത്. വിദ്യാർത്ഥിയുടെ ദുരിതം മറുനാടൻ റിപ്പോർട്ട് ചെയ്തത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സഹായം ചെയ്തത്. പി.ആർ.ഒ റോബർട്ട് കുര്യാക്കോസ് വഴി മറുനാടനെ ബന്ധപ്പെടുകയും മമ്മൂട്ടിയുടെ ചാരിറ്റി സംഘടനയായ 'കെയർ ആൻഡ് ഷെയർ' പ്രതിനിധി അനൂപ് വഴി ഷാരോണിന്റെ പിതാവ് ഷിബിക്ക് കൈമാറുകയായിരുന്നു.
കഴിഞ്ഞയാഴ്ചയാണ് ശുചീകരണ ജോലി വാഗ്ദാനം ചെയ്തു ഷാരോണിന്റെ സ്മാർട്ഫോൺ അജ്ഞാതൻ തട്ടിയെടുത്തത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബം ആണെങ്കിലും നന്നായി പഠിക്കുന്ന കുട്ടി ആയതിനാൽ സ്കൂളിൽ നിന്നു പഠനാവശ്യത്തിനു സൗജന്യമായി നൽകിയ ഫോണാണു നഷ്ടപ്പെട്ടത്. ഷാരോണിനൊപ്പം എട്ടാം ക്ലാസിൽ പഠിക്കുന്ന സഹോദരിയുടെ പഠനവും ഇതോടെ മുടങ്ങി.
തോപ്പുംപടിയിലെ ബന്ധുവീട്ടിൽ നിന്നു വീട്ടിലേക്കു മടങ്ങാൻ കണ്ണാടിക്കാട് ബസ് ഇറങ്ങിയ ഷാരോണിന് സ്കൂട്ടറിൽ എത്തിയ ആളാണ് ജോലി വാഗ്ദാനം ചെയ്തത്. പാലത്തിന് അപ്പുറം കുറച്ചു ക്ലീനിങ് ജോലി ഉണ്ടെന്നും ജോലിക്കാരൻ വന്നില്ലെന്നും ഷാരോൺ വരികയാണെങ്കിൽ 1500 രൂപ നൽകാമെന്നും പറഞ്ഞു.
വീട്ടിലെ ബുദ്ധിമുട്ട് ഓർത്തപ്പോൾ സമ്മതം മൂളിയെങ്കിലും അമ്മയുടെയും അച്ഛന്റെയും അനുവാദം മേടിക്കണം എന്നു പറഞ്ഞു. ഇതോടെ അയാൾ വീട്ടിലെത്തിച്ചു. കോവിഡ് കാലത്ത് ചെറിയ സഹായമാകും എന്നു കരുതി അമ്മ സമ്മതം നൽകിയതോടെ ഷാരോണിനെ സ്കൂട്ടറിനു പിന്നിലിരുത്തി പുറപ്പെട്ടു. അരൂർ പാലം കഴിഞ്ഞിട്ടും വണ്ടി നിർത്താതെ ആയപ്പോൾ ജോലി എവിടെയാണെന്നു ചോദിച്ചു.
വണ്ടി നിർത്തി ഷാരോണിനെ ഇറക്കി. കോൾ ചെയ്യാനെന്നു പറഞ്ഞു ഫോൺ വാങ്ങി. വണ്ടി പെട്ടെന്നു സ്റ്റാർട്ടാക്കി കടന്നു. പിറകെ ഓടിയെങ്കിലും കിട്ടിയില്ലെന്നു ഷാരോൺ പറഞ്ഞു. അമ്മയെ ഉടൻ വിളിച്ചു പറഞ്ഞു. അരൂർ സ്റ്റേഷനിൽ എത്തി പരാതി നൽകി. മരടിലെയും കുമ്പളം ടോൾ പ്ലാസയിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ കള്ളനെ പിടികൂടാനാകുമെങ്കിലും ഇതുവരെ നടപടി ആയില്ല.
ഈ വാർത്ത മറുനാടൻ റിപ്പോർട്ട് ചെയ്തോടെയാണ് മമ്മൂട്ടി ഷാരോണിന്റെ ദുരിതം അറിയുന്നത്. ഉടൻ തന്നെ ഫോൺ ലഭ്യമാക്കാനുള്ള നിർദ്ദേശം നൽകുകയായിരുന്നു. ഓൺലൈൻ ക്ളാസുകൾ കാണാൻ സ്മാർട്ട് ഫോൺ ഇല്ല എന്ന കാരണത്താൽ ഒട്ടേറെ കുട്ടികൾക്ക് പഠനത്തിൽ തടസ്സം നേരിട്ടിരുന്നു.
ഇതു മനസ്സിലാക്കിയ മമ്മൂട്ടി തന്റെ ജീവകാരുണ്യപ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴി കുട്ടികളെ സഹായിക്കാൻ 'വിദ്യാമൃതം' എന്ന പദ്ധതിക്ക് തുടക്കം കുറിക്കുകയായിരുന്നു. ഇതുവരെ ആയിരത്തിലധികം ഫോണുകൾ നൽകി കഴിഞ്ഞു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.