- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവിന്റെ പരസ്ത്രീഗമനവും ലഹരി ഉപയോഗവും: ആത്മഹത്യാക്കുറിപ്പെഴുതി വച്ച് യുവതി തൂങ്ങി മരിച്ചു; ഭർത്താവ് ആത്മഹത്യാക്കുറിപ്പ് എടുത്തു മാറ്റിയപ്പോൾ കേസെടുത്തത് സ്വാഭാവിക മരണത്തിന്; ഫോണിൽ നിന്ന് കൂട്ടുകാരിക്ക് അയച്ച ശബ്ദസന്ദേശവും ആത്മഹത്യാക്കുറിപ്പും വഴിത്തിരിവായി; ദിവസങ്ങൾക്ക് ശേഷം ഭർത്താവ് അറസ്റ്റിൽ
കൂടൽ: ഭാര്യ വീടിനുള്ളിൽ തൂങ്ങി മരിച്ച സംഭവത്തിൽ ദിവസങ്ങൾക്ക് ശേഷം ഭർത്താവ് അറസ്റ്റിൽ. ആദ്യം വെറും ആത്മഹത്യയായി പൊലീസ് കണക്കാക്കിയ സംഭവത്തിൽ യുവതിയുടെ ഫോണിൽ നിന്നുള്ള തെളിവുകളാണ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി ഭർത്താവിനെ അറസ്റ്റ് ചെയ്യാൻ ഇടയാക്കിയത്. പത്തനാപുരം മാങ്കോട് ശ്രീനിലയത്തിൽ അജീഷ് കൃഷ്ണ(40)യെയാണ് ഭാര്യ വിനീത(34)യുടെ മരണവുമായി ബന്ധപ്പെട്ട് കൂടൽ ഇൻസ്പെക്ടർ ജി. പുഷ്പകുമാർ അറസ്റ്റ് ചെയ്തത്.
ജൂലൈ 30 ന് രാവിലെ പത്തരയോടെയാണ് വീടിന്റെ ഒന്നാം നിലയിലെ മുറിയിൽ വിനീത തൂങ്ങി മരിച്ചത്. ശരീരത്തിൽ ആത്മഹത്യാക്കുറിപ്പ് ഒളിപ്പിച്ചാണ് യുവതി ജീവനൊടുക്കിയത്. തൂങ്ങി നിന്ന വിനീതയെ അഴിച്ചിറക്കിയപ്പോൾ ആത്മഹത്യാക്കുറിപ്പ് ലഭിച്ച ഭർത്താവ് അജീഷ് അതൊളിപ്പിച്ചു വച്ചു. ഇതു കാരണം വെറും ആത്മഹത്യയ്ക്കാണ് പൊലീസ് കേസെടുത്തത്. പിന്നീട് യുവതിയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് കൂട്ടുകാരിക്ക് അയച്ച ആത്മഹത്യാക്കുറിപ്പ് ശ്രദ്ധയിൽപ്പെട്ടത്.
ഇതിനെ തുടർന്ന് ഇൻസ്പെക്ടർ പുഷ്പകുമാർ കൂട്ടുകാരിയുടെ മൊഴിയെടുത്തു. അപ്പോഴാണ് ആത്മഹത്യയ്ക്ക് പിന്നിലെ യഥാർഥ കാരണം കണ്ടെത്തിയത്. അജീഷ് കഞ്ചാവ് കച്ചവടമടക്കം കേസുകളിൽ പ്രതിയായിരുന്നു. ചീട്ടുകളി, ലഹരി ഉപയോഗം എന്നിവയുമുണ്ടായിരുന്നു. ഇതൊക്കെയുണ്ടെങ്കിലും വിനീത പുറമേ അജീഷിനെ നല്ല രീതിയിലാണ് അവതരിപ്പിച്ചിരുന്നത്. എന്നാൽ, ഭർത്താവിന്റെ ഫോണിൽ നിന്ന് പരസ്ത്രീ ബന്ധത്തിനുള്ള തെളിവുകൾ കിട്ടിയതോടെയാണ് വിനീത ജീവനൊടുക്കിയത്.
മരിക്കുന്നതിന് മുൻപ് തയാറാക്കിയ ആത്മഹത്യാക്കുറിപ്പും താൻ ജീവനൊടുക്കുകയാണെന്നൊരു വോയ്സ് ക്ലിപ്പും വിനീത കൂട്ടുകാരിക്ക് വാട്സാപ്പിൽ അയച്ചു കൊടുത്തിരുന്നു. അതിൽ ഭർത്താവിന്റെ അമ്മയുടെയും പെങ്ങളുടെയും നമ്പറും നൽകിയിരുന്നു. ഏറെ വൈകിയാണ് കൂട്ടുകാരി ഇത് കണ്ടത്. ഉടൻ തന്നെ വിനീത നൽകിയിരുന്ന നമ്പരിൽ അമ്മായിയമ്മയെ വിളിച്ചു. വിനീത ജീവനൊടുക്കാൻ പോകുന്നുവെന്ന വിവരം അറിയിച്ചു.
തുടർന്ന് അമ്മയും മകനുമെല്ലാം ചേർന്ന് ഒന്നാം നിലയിലെ മുറിയിൽ എത്തുമ്പോഴാണ് തൂങ്ങി നിൽക്കുന്ന വിനീതയെ കണ്ടത്. ഉടൻ തന്നെ അഴിച്ചിറക്കി ആത്മഹത്യാക്കുറിപ്പും മാറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 12, എട്ട് വയസു വീതമുള്ള രണ്ടു കുട്ടികളും ഇവർക്കുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡിലാണ്. തുടരന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് ഇൻസ്പെക്ടർ അറിയിച്ചു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്