പത്തനംതിട്ട: മല്ലപ്പള്ളിയിലെ വീട്ടിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും വിളിച്ചിറക്കിക്കൊണ്ടു പോയി കാസർകോഡ് ചീമേനിയിലെത്തിച്ച് പീഡിപ്പിച്ച യുവാവിനെ പോക്സോ കേസിൽ അറസ്റ്റ് ്ചെയ്തു.

മല്ലപ്പള്ളി പെരുമ്പ്രമാവ് പുത്തൻപുരയ്ക്കൽ അനീഷ് കുമാറിന്റെ മകൻ അമൽ (21) ആണ് അറസ്റ്റിലായത്. ചൊവ്വാഴച രാവിലെ 7.30 നാണ് പെൺകുട്ടിയെ കാണാനില്ലെന്ന് പിതാവ് കീഴ്‌വായ്പുർ പൊലീസിൽ പരാതി നൽകിയത്. കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും മൊബൈൽ ഫോണിന്റെ ലൊക്കേഷൻ നോക്കി ജില്ലാ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ കാസർകോട് ചീമേനിയിൽ ഉണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു.

ചീമേനി പൊലീസിനെ വിവരമറിയിച്ചശേഷം കീഴ്‌വായ്പൂർ പൊലീസ് വ്യാഴാഴ്ച രാത്രി അവിടെയെത്തി ഇരുവരെയും കൂട്ടിക്കൊണ്ടുവന്നു. പെൺകുട്ടിയെ കോഴഞ്ചേരി വൺ സ്റ്റോപ്പ് സെന്ററിലാക്കി. വനിതാപൊലീസ് എത്തി വിശദമായ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് യുവാവ് ലൈംഗികമായി പീഡിപ്പിച്ചവിവരം തെളിഞ്ഞത്. വീട്ടിൽ നിന്നും വിളിച്ചിറക്കി മല്ലപ്പള്ളി ബസ് സ്റ്റാൻഡിലെത്തിച്ച ശേഷം കാസർകോട്ടേക്ക് പോകുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചു.

പൊലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും കണ്ടെത്തി കൂട്ടിക്കൊണ്ടുവന്നത്. എസ് ഐ മാരായ ആദർശ്, സുരേന്ദ്രൻ, ജയകൃഷ്ണൻ നായർ, എസ് സി പി ഓ സജി ഇസ്മായിൽ, സി പി ഓമാരായ ഷെറിൻ ഫിലിപ്പ്, ശരണ്യ, ഷെറീന എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.