തിരുവല്ല: കിണറ്റിൽ വീണ കോഴിയെ രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു മല്ലപ്പള്ളി തുരുത്തിക്കാട് മരുതി കുന്നിൽ വീട്ടിൽ രാജൻ. ഒടുവിൽ ഫയർ ഫോഴ്സ് വന്ന് കോഴിയെയും രക്ഷിക്കാനിറങ്ങിയ രാജനെയും കരയ്ക്ക് കയറ്റേണ്ടി വന്നു. മല്ലപ്പള്ളി പരിയാരത്ത് ഇന്ന് വൈകിട്ട് മൂന്നിനാണ് സംഭവം.

പരിയാരം തെക്കേ മുറിയിൽ തങ്കമ്മ ജോണിന്റെ വീടിനോട് ചേർന്നുള്ള 30 അടിയോളം താഴ്ചയുള്ള കിണറ്റിൽ അകപ്പെട്ട തുരുത്തിക്കാട് മരുതി കുന്നിൽ വീട്ടിൽ രാജനെയാണ് അഗ്നി രക്ഷാ സേനയെത്തി രക്ഷപെടുത്തിയത്. കിണറ്റിൽ വീണ കോഴിയെ രക്ഷപ്പെടുത്താനായി കിണറ്റിൽ ഇറങ്ങിയ രാജന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തിരികെ കയറാൻ കഴിയാതിരുന്നതിനെ തുടർന്ന് അഗ്നി രക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ അഗ്നി രക്ഷാ സേനാ ഉദ്യോഗസ്ഥർ ചേർന്ന് കിണറിന്റെ തൊടിയിൽ പിടിച്ചു കിടക്കുകയായിരുന്ന രാജനെ വല ഉപയോഗിച്ച് മുകളിലെത്തിച്ചു. ഫയർ സ്റ്റേഷൻ ഇൻ ചാർജ് പി. ശശിധരൻ ഉദ്യോഗസ്ഥരായ എം.കെ രാജേഷ് കുമാർ, ഹരിലാൽ, ഷംനാദ്, അരുൺ മോഹൻ, നൗഫൽ, കെ.പി ഷാജി, ഷിബു, ജയൻ, മാത്യു എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം.