- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഹാർ സ്വദേശിയുടെ ഫോണിൽ കേരളത്തിലെ നമ്പറുകളും; സോനുകുമാറിനെ കുറിച്ച് ആദ്യ വിവരങ്ങൾ ലഭിക്കുന്നത് രാഖിലിന്റെ സുഹൃത്തിൽ നിന്ന്; കേരളത്തിലേക്കു നിരവധി കള്ളത്തോക്കുകൾ കടത്തിയെന്ന് സൂചന; മാനസ വധക്കേസ് അന്വേഷണം ആയുധവേട്ടയായി മാറുന്നു
കൊച്ചി: മാനസ വധക്കേസിലെ പൊലീസ് അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. കേരളത്തിലേക്ക് കള്ളത്തോക്കുകൾ കടത്തുന്ന സംഘത്തിലേക്ക് വിരൽചൂണ്ടുന്നതാണ് മാനസ കേസിലെ അന്വേഷണം. ഇതിന്റെ നിർണായക വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. മാനസ വധക്കേസിൽ അറസ്റ്റിലായ ബിഹാർ പർസന്തോ സ്വദേശി സോനുകുമാറിന്റെ ഫോണിൽ കേരളത്തിൽ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറുകളും കണ്ടെത്തിയത് അന്വേഷണത്തിനു വഴിത്തിരിവാകും.
കേരളത്തിലേക്കു കള്ളത്തോക്കുകൾ കടത്തുന്ന സംഘത്തിലെ അംഗമായ സോനുകുമാറിന്റെ വിവരങ്ങൾ പൊലീസിനു ലഭിച്ചതു മാനസയെ കൊലപ്പെടുത്തിയ രഖിലിന്റെ ബിസിനസ് പങ്കാളിയായിരുന്ന ആദിത്യനിൽ നിന്നാണ്. കൊലപാതകത്തിനു ശേഷം സ്വയം നിറയൊഴിച്ചു മരിച്ച രഖിലുമായി സോനുകുമാർ, ഇയാളുടെ ഏജന്റ് മനീഷ്‌കുമാർ വർമ എന്നിവർക്ക് വലിയ ബന്ധം ഇല്ലെന്ന് പൊലീസ് പറഞ്ഞു.
എന്നാൽ കേരളത്തിലുള്ള മറ്റു ചിലരോട് ഇവർക്ക് അടുപ്പമുള്ളതിന്റെ സൂചനയാണു സോനുകുമാറിന്റെ ഫോണിൽ കണ്ട നമ്പറുകൾ. ഇവരുമായി അടുപ്പമുള്ള അതിഥിത്തൊഴിലാളികളുടെ നമ്പറാവാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല.സോനുകുമാറിനെ അറസ്റ്റു ചെയ്തതിന് പിന്നാലെ കൂട്ടാളിയെയും കേരളാ പൊലീസ് പൊക്കിയിരുന്നു. രാഖിലിന് തോക്കു എവിടെ ലഭിക്കുമെന്ന് പരിചയപ്പെടുത്തിയത് ഇടനിലക്കാരനായ ബർസാദ് സ്വദേശി മനീഷ്‌കുമാർ വർമ്മയായിരുന്നു.
ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്. ബിഹാർ പൊലീസിനൊപ്പം രണ്ടു ദിവസം നീണ്ടു നിന്ന ഓപ്പറേഷനൊടുവിലാണ് പ്രതികൾ പിടിയിലായത്. രാഖിലിന് തോക്കുനൽകിയ സോനു കുമാറിനെ പരിചയപ്പെടുത്തിയത് മനിഷ് കുമാർ വർമ്മയാണ്. ഇയാളെ പാറ്റ്നയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. 35000 രൂപയാണ് തോക്കിന് നൽകിയത്. തുക പണമായി നേരിട്ടു നൽകുകയായിരുന്നു. തോക്ക് ഉപയോഗിക്കാനുള്ള പരിശീലനവും ഇവിടെ നിന്ന് നൽകിയെന്നാണ് ലഭിക്കുന്ന വിവരം.
ബിഹാർ പൊലീസുമായി ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്ക് തയാറാക്കിയ പ്രത്യേക ഓപ്പറേഷനിലാണ് രണ്ടു പേരും പിടിയിലാകുന്നത്. ഇതിന്റെ ഭാഗമായി സംയുക്തമായി സംഘത്തെ നിയോഗിക്കുകയായിരുന്നു. പിടികൂടുമെന്നുറപ്പായപ്പോൾ ആക്രമിച്ച് ചെറുത്തു നിൽക്കാനും ശ്രമമുണ്ടായെങ്കിലും പൊലീസിന്റെ ശ്രമകരമായ ഇടപെടലിലൂടെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികളെ അവിടത്തെ കോടതിയിൽ ഹാജരാക്കി. അറസ്റ്റിലായ രണ്ടുപേരുടെ ബന്ധങ്ങളെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുമെന്ന് അന്വേഷണത്തലവൻ കെ. കാർത്തിക്ക് പറഞ്ഞു. എസ്ഐമാരായ മാഹിൻ സലിം, വി.കെ. ബെന്നി, സി.പി.ഒ എം.കെ ഷിയാസ്, ഹോംഗാർഡ് സാജു എന്നിവരുൾപ്പെടുന്ന സംഘമാണ് ഉണ്ടായിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ