- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മഞ്ചേശ്വരത്ത് സിപിഎം ബിജെപിക്ക് വോട്ട് മറിച്ചു; മുല്ലപ്പള്ളിക്ക് പിന്നാലെ ആരോപണം ഉന്നയിച്ച് എംസി കമറുദ്ദീൻ; ജില്ലയിലെ യുഡിഎഫ് നേതൃത്വം നിർജ്ജീവമായിരുന്നുവെന്നും ലീഗ് നേതാവ്; മതേതര വോട്ടുകൾ പരമാവധി സമാഹരിക്കാൻ കഴിഞ്ഞെന്ന് യുഡിഎഫ് സ്ഥാനാർത്ഥി; മഞ്ചേശ്വരത്തിൽ ആശങ്ക തീരാതെ യുഡിഎഫ്; പ്രതീക്ഷയോടെ ബിജെപി
കാസർഗോഡ്: നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് സിപിഎം ബിജെപിക്ക് വോട്ട് മറിച്ചെന്ന ആരോപണവുമായി മുസ്ലിം ലീഗ് നേതാവ് എംസി കമറുദ്ദീൻ രംഗത്ത്. ജില്ലയിലെ യുഡിഎഫ് നേതൃത്വം നിർജ്ജീവമായിരുന്നുവെന്നും കമറുദ്ദീൻ പറഞ്ഞു.
മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ഫലത്തിൽ തനിക്ക് വലിയ ആശങ്കയുണ്ടെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ജയിപ്പിക്കാൻ മുഖ്യമന്ത്രിയുമായി ധാരണയുണ്ടെന്നാണ് മുല്ലപ്പള്ളി വാദിച്ചത്.
എന്നാൽ മുല്ലപ്പള്ളിയുടെ പ്രസ്താവന പുറത്തെത്തിയതിന് തൊട്ടുപിന്നാലെ കെപിസിസി അധ്യക്ഷനെ തള്ളി മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർത്ഥി കെഎം അഷ്റഫ് രംഗത്തെത്തി. മതേതര വോട്ടുകൾ തനിക്ക് പരമാവധി സമാഹരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ഉറച്ച വിജയ പ്രതീക്ഷയുണ്ടെന്നുമായിരുന്നു അഷ്റഫിന്റെ പ്രതികരണം.
സിപിഎംബിജെപി ധാരണയുണ്ടെ എന്ന് യാതൊരു സംശയവും പ്രകടിപ്പിക്കാതിരുന്ന അഷ്റഫ് കുമ്പള, മഞ്ചേശ്വരം, മംഗൾപ്പാടി പഞ്ചായത്തുകളിൽ താൻ വൻ ലീഡ് നേടുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. തന്റെ മണ്ഡലത്തിൽ വോട്ടുകച്ചവടം നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാർത്ഥി വിവി രമേശൻ ആർഎസ്എസുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണെന്ന് മുല്ലപ്പള്ളി മാധ്യമങ്ങൾക്കുമുന്നിൽ പറഞ്ഞിരുന്നു. മുറിവേറ്റ നരിയെപ്പോലെയാണ് സാധാരണ കമ്മ്യൂണിസ്റ്റുകാർ തെരഞ്ഞെടുപ്പ് രംഗത്തുണ്ടാകുക. എന്നാൽ മഞ്ചേശ്വരത്ത് ബിജെപിയുമായി കമ്മ്യൂണിസ്റ്റുകാർ ഒത്തുകളിക്കുന്ന കാഴ്ച്ചയാണ് കാണാനായതെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.
ഒരു വഴിപാട് പോലെയാണ് അവരെ തിരഞ്ഞെടുപ്പ് രംഗത്ത് കണ്ടതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സിപിഎം വോട്ടുകൾ ബിജെപിക്ക് അനുകൂലമായി രേഖപ്പെടുത്തിയിട്ടുണ്ടാകുമെന്ന് വലിയ സംശയമുണ്ട്. ഇതൊരു കരാറാണ്. ബിജെപി സംസ്ഥാന അധ്യക്ഷനെ നിയമസഭയിൽ എത്തിച്ചാൽ ലാവലിൻ കേസും കേന്ദ്ര അന്വേഷണങ്ങളും അവസാനിക്കും. ലാവലിൻ കേസിൽ ബിജെപി ഇടപെട്ടില്ലെങ്കിൽ കേസ് മുഖ്യമന്ത്രിക്ക് എതിരാകാനുള്ള സാധ്യത ധാരാളമുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു.
മഞ്ചേശ്വരം വിവാദത്തിൽ മുല്ലപ്പള്ളിയോട് യോജിക്കുന്നില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. വോട്ട് മറിക്കൽ ആരോപണം എന്തുകൊണ്ടെന്ന് അറിയില്ലെന്ന് ഉണ്ണിത്താൻ പറഞ്ഞു. മഞ്ചേശ്വരത്ത് മുല്ലപ്പള്ളി എൽഡിഎഫ് പിന്തുണ തേടിയത് ആശയക്കുഴപ്പമുണ്ടാക്കി. യുഡിഎഫ് സ്ഥാനാർത്ഥി തോൽക്കുമെന്ന വിവരം അദ്ദേഹത്തിന് എവിടെനിന്ന് കിട്ടിയെന്നും ഉണ്ണിത്താൻ പരിഹസിച്ചു.
2006ൽ നേടിയ വിജയം പിന്നീട് ആവർത്തിക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞിട്ടില്ല. 2011, 2016, 2019 ഉപതിരഞ്ഞെടുപ്പ് മൂന്നിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. ഒരു ഉപതിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പിലും മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ച മണ്ഡലം എന്ന നിലയിൽ ഇത്തവണയും ഈ മണ്ഡലം സംരക്ഷിക്കാനാണ് ലീഗ് ശ്രമിക്കുന്നത്
ബിജെപിയെ സംബന്ധിച്ച് ഈ മണ്ഡലം പിടിക്കുക അഭിമാന പോരാട്ടമാണ്. ഇത്തവണ മികച്ച പോളിങ് രേഖപ്പെടുത്തിയതോടെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. 2016ലും 2011ലും മഞ്ചേശ്വരമായിരുന്നു സുരേന്ദ്രന്റെ അങ്കത്തട്ട്. 2011-ൽ 5828 വോട്ടുകൾക്ക് പരാജയപ്പെട്ടെങ്കിലും 2016-ൽ പരാജയം വെറും 89 വോട്ടുകൾക്ക് മാത്രമായിരുന്നു.
ന്യൂസ് ഡെസ്ക്