ന്യൂഡൽഹി: കോൺഗ്രസിനെ അടിമുടി വെട്ടിലാക്കി ഇടഞ്ഞു നിൽക്കുന്ന നേതാക്കൾ. രാഹുൽ ഗാന്ധിക്കും നേതൃത്വത്തിനുമെതിരെ രംഗത്തുള്ള നേതാക്കളാണ് ഇപ്പോൾ വീണ്ടും പാർട്ടിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ഒടുവിൽ രംഗത്തുവന്നത് കോൺഗ്രസിന്റെ മുതിർന്ന നേതാവ് മനീഷ് തിവാരിയാണ്. ഉത്തരാഖണ്ഡിൽ പാർട്ടിയെ വെട്ടിലാക്കി കോൺഗ്രസ് മുതിർന്ന നേതാവും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായിരുന്ന ഹരീഷ് റാവത്ത് രംഗത്തെത്തിയതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് മനീഷ് തിവാരിയും പാർട്ടിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്.

പാർട്ടി ഏറ്റവുമധികം പ്രതിസന്ധി നേരിട്ട അസം, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു മനീഷ് തിവാരിയുടെ ട്വീറ്റ്. ആദ്യം അസം, പിന്നെ പഞ്ചാബ് ഇപ്പോൾ ഉത്തരാഖണ്ഡും. ഒരു തെളിവു പോലുമില്ലാത്ത രീതിയിൽ പാർട്ടി രാജ്യത്ത് നിന്ന് അപ്രത്യക്ഷമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. താൻ പിന്തുടരുന്നവർ തന്റെ കൈയും കാലും കെട്ടിയിട്ടിരിക്കുന്നു എന്നാരോപിച്ചു കൊണ്ടായിരുന്നു കോൺഗ്രസ് നേതൃത്വത്തിനെതിരെ ഹരീഷ് റാവത്ത് രംഗത്തെത്തിയത്.

ഇതിന് പിന്നാലെ ഉത്തരാഖണ്ഡിലെ പാർട്ടിയുടെ പ്രധാനപ്പെട്ട നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ പാർട്ടിയെ വെട്ടിലാക്കി മനീഷ് തിവാരി കൂടി രംഗത്തെത്തിയത് കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നിലവിലെ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ 2016-ലാണ് ബിജെപിയിൽ ചേരുന്നത്. സമാന രീതിയിലായിരുന്നു പഞ്ചാബിലും സംഭവിച്ചത്. പഞ്ചാബ് മുൻ മുഖ്യമന്ത്രി ആയിരുന്ന അമരീന്ദർ സിങ് പാർട്ടിയോട് ഇടഞ്ഞ് പുതിയ പാർട്ടി രൂപവത്കരിച്ചിരുന്നു.

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനിടെ ഉത്തരാഖണ്ഡിലും കോൺഗ്രസ് പ്രതിസന്ധി നേരിടുകയാണ്. കോൺഗ്രസ് നേതാവ് മനീഷ് തിവാരി പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയതോടെ നേതൃത്വം വെട്ടിലായിരിക്കുകയാണ്. അതേസമയം ഉത്തരാഖണ്ഡിൽ ഹരീഷ് റാവത്ത് സൂചന നൽകുന്നത് പാർട്ടിക്ക് പുറത്തേക്കു പോകുമെന്നാണ്.

കഴിഞ്ഞ ദിവസമാണ് രാജി സൂചന നൽകി റാവത്ത് രംഗത്തെത്തിയത്. കോൺഗ്രസ് തന്നെ അവഗണിക്കുകയാണെന്നും താൻ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിശ്രമിക്കുകയാണെന്നും ധ്വനി ഉണർത്തുന്ന നിരവധി ട്വീറ്റുകളാണ് അദ്ദേഹം പങ്കുവെച്ചത്. എന്നാൽ, പാർട്ടി വിടുമോ എന്ന കാര്യത്തിൽ തുറന്നുസംസരിക്കാൻ റാവത്ത് തയ്യാറായിട്ടില്ല. രാജിയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം കൃത്യമായ ഉത്തരം നൽകിയിട്ടില്ല.

'സമയമാകുമ്പോൾ, ഞാൻ നിങ്ങളോട് എല്ലാം പറയും, ഞാൻ നിങ്ങളോട് സംസാരിച്ചില്ലെങ്കിൽ, മറ്റാര് സംസാരിക്കും? ഞാൻ നിങ്ങളെ വിളിക്കും. തൽക്കാലം ആസ്വദിക്കൂ,' റാവത്ത് പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിട്ടും സംഘടനാപരമായി ഒരു ചുമതലയും തന്നെ ഏൽപ്പിക്കാത്തതിൽ റാവത്തിന് പരാതിയുണ്ടായിരുന്നു. 'തെരഞ്ഞെടുപ്പിന്റെ സമുദ്രത്തിൽ നമുക്ക് നീന്തേണ്ടതുണ്ട്. എന്നിട്ടും സംഘടന എന്നെ അവഗണിക്കുകയോ അല്ലെങ്കിൽ നിഷേധാത്മക സമീപനം സ്വീകരിക്കുകയോ ചെയ്യുന്നു. ഇത് വിചിത്രമായി തോന്നുന്നില്ലേ? നമുക്ക് സഞ്ചരിക്കേണ്ട സമുദ്രത്തിൽ, അധികാരമുള്ളവർ നിരവധി മുതലകളെ അഴിച്ചുവിട്ടിട്ടുണ്ട്. ഞാൻ ആരെയാണോ പിന്തുടരേണ്ടത്, അവരുടെ ആളുകൾ എന്റെ കയ്യുംകാലും കെട്ടിയിട്ടിരിക്കുകയാണ്,' എന്നായിരുന്നു റാവത്ത് കഴിഞ്ഞ ദിവസം പറഞ്ഞത്.