- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്തളത്തെ വനിതാ പ്രിൻസിപ്പൽ എസ് ഐ വൈറലായത് സുപ്പർ ഫാസ്റ്റ് വേഗതയിൽ; നന്നായി ബാറ്റ് ചെയ്യുമ്പോൾ റണ്ണൗട്ട് ആകും പോലെ ഭർത്താവിന് എതിരായ കേസും; ശബരിമലയിൽ ഭക്തന്മാരെ കക്കൂസിൽ അടച്ച് കാശുണ്ടാക്കിയ ജയകുമാർ തകർത്തത് പിആറിൽ കെട്ടിയ മഞ്ജു വി നായരുടെ ഇമേജ്
പത്തനംതിട്ട: മകരവിളക്ക് ദിവസം ജ്യോതി ദർശനം വാഗ്ദാനം ചെയ്ത് ഇതര സംസ്ഥാന തീർത്ഥാടകരെ കക്കൂസിലും ഹോട്ടലിലുമായി താമസിപ്പിച്ച കേസിൽ പ്രതിയായ നൂറനാട് പണയിൽ ശ്രീശൈലത്തിൽ ജയകുമാറിന്റെ ഭാര്യയും പന്തളം എസ്ഐയുമായ മഞ്ജു വി. നായർ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ താരമായ ആളാണ്. പന്തളം പൊലീസ് സ്റ്റേഷനിലെ ആദ്യ വനിതാ പ്രിൻസിപ്പൽ എസ്ഐ എന്ന പേരിലായിരുന്നു സോഷ്യൽ മീഡിയ മഞ്ജുവിനെ താരമാക്കിയത്.
താരപ്പകിട്ടിന്റെ നെറുകയിൽ നിൽക്കുമ്പോഴാണ് ശബരിമലയിൽ തീർത്ഥാടകരെ ഒളിപ്പിച്ചു താമസിപ്പിച്ചെന്ന കേസിൽ ഭർത്താവ് ജയകുമാർ പ്രതിയായത്. ഈ വിവരം കൂടി സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ നന്നായി ബാറ്റ് ചെയ്തു കൊണ്ടിരിക്കുമ്പോൾ റണ്ണൗട്ട് ആയ അവസ്ഥയിലായി വനിതാ എസ്ഐ. പലവിധ ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ മഞ്ജു വൈറലായത് പൊലീസ് സേനയിൽ തന്നെ വിമർശനത്തിന് കാരണമായിരുന്നു.
എന്ത് ചെയ്തിട്ടാണ് വനിതാ എസ്ഐക്ക് ഇത്ര പബ്ലിസിറ്റ് എന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ചോദിക്കുന്നു. ഒന്നുകിൽ ഒരു കേസ് തെളിയിക്കുക അല്ലെങ്കിൽ ജനോപകാര പ്രദമായ എന്തെങ്കിലും ചെയ്യുക. ഇതൊന്നുമില്ലാതെ ഒരു വനിതാ എസ്ഐ ഒരു സ്റ്റേഷനിൽ ചുമതല ഏറ്റത് ഇത്ര ആഘോഷിക്കേണ്ട കാര്യമില്ല എന്നാണ് അവരുടെ നിലപാട്. എസ്ഐയാകുന്നതിന് മുൻപ് മഞ്ജു പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തിരുന്നു. ആ പരിചയമാണ് ഇത്തരമൊരു വാർത്തയുടെ സൃഷ്ടിക്ക് പിന്നിൽ എന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വിലയിരുത്തിയിരുന്നു.
പന്തളം എസ്എച്ച്ഓയാണ് മാധ്യമങ്ങളെ നിർബന്ധിച്ച് ഇത്തരമൊരു വാർത്ത നൽകിയത്. ഏതാനും പത്രങ്ങളുടെ ലോക്കൽ പേജുകളിൽ വലിയ പ്രാധാന്യമൊന്നുമില്ലാതെയാണ് വാർത്ത ആദ്യ ദിവസം വന്നത്. ഇതിന്റെ കട്ടിങുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ മറ്റു പ്രമുഖ പത്രങ്ങൾ വലിയ പ്രാധാന്യത്തോടെ വാർത്ത നൽകി. തൊട്ടുപിന്നാലെ ഓൺലൈൻ മാധ്യമങ്ങളും ഏറ്റെടുത്തു. ഒന്നിന് പിറകെ മറ്റൊന്നായി വാർത്തകൾ ഓൺലൈനുകളിൽ നിറയുമ്പോഴാണ് ശബരിമലയിൽ ഭർത്താവിന്റെ പേരിൽ വിവാദം ഉണ്ടാകുന്നത്.
തീർത്ഥാടകരെ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച്, പണം വാങ്ങി കക്കൂസിലും ഹോട്ടലിലുമായി താമസിപ്പിച്ചതിന് ജയകുമാറിനെതിരേ കേസെടുക്കാൻ സന്നിധാനം എസ്ഐ വിമുഖത കാണിച്ചിരുന്നു. വനിതാ എസ്ഐയുടെ ഭർത്താവെന്ന നിലയിലായിരുന്നു ഈ വൈമനസ്യം. മറുനാടൻ ഈ വാർത്തയും വീഡിയോയും പുറത്തു വിട്ടതോടെ അന്ന് രാത്രി വൈകിയാണ് പൊലീസ് കേസെടുത്തത്. സന്നിധാനം എസ്ഐയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി എന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പക്ഷേ, ഇദ്ദേഹത്തിന് എതിരേ നടപടി ഉണ്ടാകാൻ സാധ്യതയില്ല എന്നാണ് അറിയുന്നത്.
തിരുവല്ലയിലും കൊച്ചി സിറ്റിയിലും ജോലി നോക്കിയ ശേഷമാണ് മഞ്ജു വി നായർ പന്തളത്ത് വന്നത്. പ്രബേഷൻ എസ്ഐയായി മാവേലിക്കരയിലും ജൂനിയർ എസ്ഐയായി ചെങ്ങന്നൂരിലും ജോലി ചെയ്തു. രണ്ട് വർഷം മുൻപാണ് പൊലീസ് സേനയിൽ ചേർന്നത്. അതിന് മുൻപ് നഗരസഭയിലും റെയിൽവേയിലും പബ്ലിക് റിലേഷൻസ് വകുപ്പിലും ജോലി ചെയ്തു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്