- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാന്നാറിലെ ബാലികാ സദനത്തിൽ നിന്ന് നാലു പെൺകുട്ടികൾ ഒളിച്ചോടി: സമയോചിതമായ നീക്കത്തിലൂടെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് പിക്കപ്പ് വാൻ ഡ്രൈവർ; നിർണ്ണായകമായത് വണ്ടിക്ക് കുട്ടികൾ കൈകാണിച്ചപ്പോൾ തോന്നിയ സംശയം
പത്തനംതിട്ട: മാന്നാറിലെ പരാശക്തി ബാലികാ സദനത്തിൽ നിന്ന് ഒളിച്ചോടിയ നാലു പെൺകുട്ടികളെ സമയോചിതമായ നീക്കത്തിലൂടെ പിക്കപ്പ്വാൻ ഡ്രൈവർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇന്നു പുലർച്ചെ 12 മണിയോടെയാണ് 16,17 വയസ് വീതമുള്ള നാലു പെൺകുട്ടികൾ ബാലികാ സദനത്തിന്റെ മതിൽ ചാടി രക്ഷപ്പെട്ടത്.
മാന്നാർ ടൗണിലെത്തിയ കുട്ടികൾ പിക്കപ്പ് വാനിന് കൈകാണിച്ചു. എവിടെപ്പോകണമെന്ന് ചോദിച്ച ഡ്രൈവറോട് കുട്ടികളിലൊരാൾ കുമ്പഴയിൽ എന്നാണ് മറുപടി നൽകിയത്. അമ്പലപ്പുഴ, കുമ്പഴ, നൂറനാട്, ഹരിപ്പാട് എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളാണ് രക്ഷപ്പെട്ടത്. തന്ത്രപൂർവം വാൻ ഡ്രൈവർ വാഹനത്തിൽ കയറ്റി നേരെ പത്തനംതിട്ടയ്ക്ക് വച്ചു പിടിച്ചു. കുമ്പഴയിലേക്ക് പോകുന്നതിന് പകരം നേരെ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെത്തിച്ചു.
തങ്ങൾക്ക് ബാലികാസദനത്തിൽ കഴിയാൻ ഇഷ്ടമില്ലാത്തതു കൊണ്ടാണ് ഒളിച്ചോടിയത് എന്നാണ് കുട്ടികൾ പറഞ്ഞത്. സ്റ്റേഷനിലെ വനിതാ പൊലീസുകാർ കുട്ടികൾക്ക് കൗൺസലിങ് നൽകി. കുട്ടികളെ കാണാതായത് സംബന്ധിച്ച് മാന്നാർ പൊലീസ് കേസെടുത്തിരുന്നു.
അവിടെ നിന്ന് വനിതാ പൊലീസ് അടക്കം എത്തി കുട്ടികളെ ഏറ്റെടുത്തു. കുട്ടികളെ ഇനി കൗൺസിലിങിന് വിധേയമാക്കിയതിന് ശേഷം മാത്രമേ ഒളിച്ചോടാനുണ്ടായ കാരണം വ്യക്തമാവുകയുള്ളൂ.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്