കണ്ണൂർ: പാനൂരിലെ മൻസൂർ വധക്കേസിൽ അഞ്ചാം പ്രതി സുഹൈൽ തലശ്ശേരി കോടതിയിലെത്തി കീഴടങ്ങി. നിരപരാധിയാണെന്ന് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിനു ശേഷമാണ് സുഹൈൽ കീഴടങ്ങിയത്. പെരിങ്ങളത്തെ ഡിവൈഎഫ്ഐയുടെ മേഖലാ ട്രഷററാണ് സുഹൈൽ.

മൻസൂറിനെ വധിച്ച സംഘത്തിലെ പ്രധാനിയെന്ന് സംശയിക്കുന്നയാളാണ് സുഹൈൽ. കൊലപാതകത്തിൽ പങ്കില്ലെന്ന് സുഹൈൽ ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടതിന് പിന്നാലെയായിരുന്നു നാടകീയമായ കീഴടങ്ങൽ.

മൻസൂർ അനുജനെപ്പോലെയാണെന്നും കൊലപാതകത്തിൽ പങ്കില്ലെന്നും സുഹൈൽ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു. തന്നെ കള്ളക്കേസിൽ കുടുക്കുകയാണെന്നും നുണപരിശോധനയ്ക്കടക്കം തയ്യാറാണെന്നും കാണിച്ച് ഡിജിപിക്ക് കത്തും സുഹൈൽ അയച്ചിട്ടുണ്ട്.

നിയമ വ്യവസ്ഥിതിയിൽ പൂർണ വിശ്വാസമുണ്ട്. താനവിടേക്ക് പോവുകയാണ്. അവിടെ തന്റെ നിരപരാധിത്വം തെളിയിക്കും .നുണ പരിശോധന അടക്കംമുള്ള ടെസ്റ്റുകൾക്ക് തയ്യാറാണെന്നും സുഹൈൽ കുറിപ്പിൽ പറയുന്നു.

വോട്ടെടുപ്പ് ദിവസം ആക്രമണം സൂചിപ്പിച്ച് വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടത് വികാരപ്രകടനം മാത്രമായിരുന്നെന്നും സുഹൈൽ പറഞ്ഞു. പ്രദേശത്തെ മുസ്ലിം ലീഗുകാർ മറക്കാത്ത തിരിച്ചടി ഇന്ന് കിട്ടുമെന്നായിരുന്നു സ്റ്റാറ്റസ്. അന്ന് വൈകിട്ടാണ് മൻസൂർ കൊലപ്പെട്ടത്.

സുഹൈലിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നാണ് മുൻസൂറിന്റെ കുടുംബത്തിന്റെ പരാതി. സംഭവം ശേഷം ഒളിവിലായിരുന്നു. മൻസൂർ കൊല്ലപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട ശേഷം സുഹൈൽ കീഴടങ്ങിയത്.

'ഫേസ്‌ബുക്കിലും വാട്സാപ്പിലും എപ്പോഴും വൈകാരികമായി പ്രതികരിക്കാറുണ്ട് എന്ന് എല്ലാവർക്കുമറിയാം. അന്നും അത് പോലെ പ്രതികരിച്ചു എന്നല്ലാതെ അതിനപ്പുറം ഒന്നുമില്ല എന്നുള്ളത് പടച്ച റബ്ബിനെ സാക്ഷിയായി ഞാൻ ഇവിടെ പറയുന്നു. മൻസൂറിന് അപകടം പറ്റിയത് തന്നെ ഞാൻ അറിയുന്നത് മൻസൂറിനൊപ്പം അപകടം നടക്കുമ്പോൾ ഉണ്ടായിരുന്ന എന്റെ സഹോദരൻ നസീഫ് എന്നെ ഫോണിലൂടെ അറിയിക്കുമ്പോൾ ആണ്. ആ സമയത്ത് ഞെട്ടിതരിച്ച എന്നോട് മറ്റെന്തൊക്കെയോ പറഞ്ഞപ്പോഴും എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. പിറ്റേ ദിനം എന്റെ കുഞ്ഞനുജൻ മരണപ്പെട്ടു എന്നറിഞ്ഞപ്പോൾ അവനെ ഒരു നോക്ക് കാണാനും അവന്റെ ഖബ്റിൽ ഒരു പിടി മണ്ണ് വാരിയിടാനും ഏറെ ആഗ്രഹിച്ചിരുന്നു.പക്ഷേ രാഷ്ട്രീയ പകപോക്കൽ കാലങ്ങളായി നേരിടുമ്പോൾ ഏറെ പ്രിയപ്പെട്ട മൻസൂറിന്റെ മരണത്തിലും എന്നെ പ്രതിയാക്കി നാട്ടുകാർക്കിടയിലും കൂട്ടുകാർക്കിടയിലും കുടുംബത്തിലും അറിയാതെ ഇട്ടു പോയ ഒരു വാട്സാപ്പ് സ്റ്റാറ്റസിന്റെ പേരിൽ വെറുക്കപ്പെട്ടവനായി മാറ്റാൻ ചിലർക്ക് കഴിഞ്ഞു' കുറിപ്പിൽ പറയുന്നു.

വോട്ടെടുപ്പ് ദിനത്തിലെ ആക്രമണം സൂചിപ്പിച്ച് സുഹൈൽ വാട്സാപ്പിൽ പോസ്റ്റിട്ടിരുന്നു. സുഹൈലിന്റെ നേതൃത്വത്തിലാണ് മൻസൂറിനെ സംഘം ചേർന്ന് ആക്രമിച്ചതെന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.

സുഹൈലിനെ പൊലീസ് റിമാൻഡ് ചെയ്തു. മൻസൂർ വധക്കേസിൽ സുഹൈൽ അടക്കം എട്ട് പ്രതികളാണ് നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ളത്. കേസിൽ, പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട 11 പ്രതികളിൽ മൂന്നു പേരാണു പിടിയിലായത്. ഇതുകൂടാതെ നാല് പേർ കൂടി നേരത്തെ അറസ്റ്റിലായിരുന്നു.

വിപിൻ, സംഗീത് എന്നിവരെ വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ വിപിൻ കേസിലെ മുഖ്യ പ്രതിയാണെന്ന് അന്വേഷണ സംഘം പറഞ്ഞു. ബോംബെറിഞ്ഞതു വിപിനാണെന്നാണു ക്രൈംബ്രാഞ്ച് നിഗമനം. കേസിലെ മൂന്നാം പ്രതിയാണ് സംഗീത്. വിപിൻ ഉൾപ്പെടെ മൂന്നുപേർ എഫ്‌ഐആറിലെ പ്രതിപ്പട്ടികയ്ക്കു പുറത്തുള്ളവരാണ്.