- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട്ടിൽ മാവോയിസ്റ്റ് കീഴടങ്ങി; ജില്ലാ പൊലീസ് മേധാവിക്ക് മുമ്പാകെ കീഴടങ്ങിയത് കബനിദളത്തിലെ ലിജേഷ്; മാവോയിസ്റ്റ് ആശയങ്ങൾക്ക് പ്രസക്തി നഷ്ടപ്പെട്ടുവെന്ന് ലിജേഷ്; ഇത് പുനരധിവാസ പാക്കേജ് പ്രകാരം ഉള്ള ആദ്യ കീഴടങ്ങൽ
കൽപറ്റ: വയനാട്ടിൽ കബനിദളത്തിലെ മാവോയിസ്റ്റ് ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാർ മുമ്പാകെ കീഴടങ്ങി. സിപിഐ മാവോയിസ്റ്റ് കബനി ദളത്തിലെ ഡപ്യൂട്ടി കമൻഡന്റ് പുൽപ്പള്ളി അമരക്കുനി പണിക്കപ്പറമ്പിൽ ലിജേഷ് (രാമു രമണ 37) ആണ് കീഴടങ്ങിയത്.
ലിജേഷ് സ്വമനസാലെയാണ് കീഴടങ്ങിയതെന്നു ജില്ലാ പൊലീസ് ഓഫീസിൽ വാർത്താസമ്മേളനത്തിൽ ഉത്തര മേഖല ഐജി അശോക് യാദവ് അറിയിച്ചു. പുൽപ്പള്ളിയിൽനിന്നു പതിറ്റാണ്ടുകൾക്കു മുമ്പ് കർണാടകയിലേക്കു ഇഞ്ചിപ്പണിക്കുപോയ നിർധന കുടുംബത്തിലെ അംഗമാണ് നാലാം ക്ലാസ് വരെ പഠിച്ചിട്ടുള്ള ലിജേഷ്. ബാലനായിരിക്കെ കർണാടകയിലെത്തിയ ലിജേഷ് ഏഴു വർഷമായി മാവോയിസ്റ്റ് കബനി ദളത്തിലെ അംഗമാണ്. ഭാര്യ കവിതയും മാവോയിസ്റ്റ് പ്രവർത്തകയാണ്. ഇവർ കീഴടങ്ങിയിട്ടില്ല.
സംസ്ഥാന സർക്കാരിന്റെ മാവോയിസ്റ്റ് പുനരധിവാസ പാക്കേജ് പ്രകാരമുള്ള ആദ്യത്തെ കീഴടങ്ങലാണിത്. തിങ്കളാഴ്ച രാത്രിയാണ് ഇയാൾ കീഴടങ്ങിയത്. കബനി ദളത്തിന്റെ ഡെപ്യൂട്ടി കമാൻഡന്റായിരിക്കെ ലിജേഷ് കേരളമുൾപ്പെടെ കർണാടക, ആന്ധ്രപ്രദേശ് തുടങ്ങി സംസ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
മാവോയിസ്റ്റ് ആശയങ്ങൾക്ക് പ്രസക്തി നഷ്ടപ്പെട്ടുവെന്നും സംഘടനയിൽ പ്രവർത്തിക്കുന്ന യുവാക്കൾ ജീവിതത്തിലേക്ക് തിരിച്ചുവരണമെന്നും ആവശ്യപ്പെട്ടാണ് ലിജേഷ് പൊലീസിൽ കീഴടങ്ങിയത്. 2018 മെയിലാണ് സംസ്ഥാന സർക്കാർ മാവോയിസ്റ്റ് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചിത്. മാവോയിസ്റ്റ് സ്വാധീനത്തിൽ കുടുങ്ങിയവരെ തീവ്രവാദത്തിൽ നിന്നും മോചിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി പ്രകാരം കീഴടങ്ങുന്ന മാവോവാദികൾക്ക് സർക്കാർ വക 5 ലക്ഷം രൂപ വരെ സഹായധനവും ജോലിയും നൽകും. ഇത്തരത്തിൽ കീഴടങ്ങുന്നവർ അഞ്ച് വർഷം പൊലീസ് നിരീക്ഷണത്തിലുമായിരിക്കും.
ലിജേഷിനു ആവശ്യമായ എല്ലാ സുരക്ഷയും നൽകുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. മഞ്ചക്കണ്ടി ഏറ്റുമുട്ടൽ ദിനത്തിന്റെ മൂന്നാം വാർഷികം അടുത്ത ദിവസങ്ങളിൽ നടക്കാനിരിക്കെ ലിജേഷിന്റെ കീഴടങ്ങൽ മാവോയിസ്റ്റ് സംഘങ്ങൾക്ക് ക്ഷീണമുണ്ടാക്കും
മറുനാടന് മലയാളി ബ്യൂറോ