കൊച്ചി: കേരളാ എപ്പിഡമിക് ഡിസീസ് ആക്ട് മറികടന്ന് മാരാമൺ കൺവൻഷൻ നടത്തുന്നതിനെതിരേ ഹൈക്കോടതിയിൽ ഹർജി. പൊതുപ്രവർത്തകനായ അടൂർ കടമ്പനാട് പ്ലാന്തുണ്ടിൽ വീട്ടിൽ ശിവദാസൻ, എം വി തമ്പാൻ, ആർ. റെജി, താരാ തമ്പാൻ, ബി. ബിപിൻ എന്നിവർ മുഖേനെ നൽകിയ ഹർജിയിൽ എതിർ കക്ഷികളായ മാർത്തോമ്മ ഇവഞ്ചലിസ്റ്റിക് അസോസിയേഷൻ, അതിന്റെ ജനറൽ സെക്രട്ടറി എന്നിവർ 12 ന് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചു. മുൻകാലങ്ങളിൽ പതിനായിരങ്ങൾ പങ്കെടുക്കുന്ന പരിപാടിയാണ് മാരാമൺ കൺവൻഷൻ. കോവിഡും അതിന്റെ പ്രോട്ടോക്കോളും നിലനിൽക്കുന്ന ഈ സമയത്ത് 200 പേർക്ക് മാത്രം പ്രതിദിനം പ്രവേശനം നൽകി കൺവൻഷൻ നടത്താൻ സർക്കാർ അനുവാദം നൽകിയിട്ടുണ്ട്. ഈ അനുവാദത്തിന്റെ മറവിൽ ആയിരക്കണക്കിന് വിശ്വാസികളെ കൺവൻഷൻ നഗറിൽ കടത്തി വിടാൻ നീക്കമുള്ളതായി ഹർജിയിൽ ആരോപിക്കുന്നു.

200 പേർ മാത്രം പങ്കെടുക്കുമെന്ന് പറയുന്ന കൺവൻഷനിൽ ആയിരങ്ങൾക്ക് ഇരിക്കാൻ കഴിയുന്ന പന്തൽ പമ്പയുടെ തീരത്ത് നിർമ്മാണം പൂർത്തിയാക്കി കഴിഞ്ഞു. 14 ന് തുടങ്ങുന്ന കൺവൻഷൻ 21 ന് സമാപിക്കും. കോവിഡ് വ്യാപനം സംസ്ഥാനത്ത് അതിന്റെ രൂക്ഷാവസ്ഥയിൽ നിൽക്കുമ്പോഴാണ് ആയിരങ്ങൾ തടിച്ചു കൂടാനുള്ള വേദിയൊരുക്കന്നതെന്നും ഹർജിയിൽ പറയുന്നു. കൺവൻഷൻ നടക്കുന്ന പത്തനംതിട്ട ജില്ലയിലും കോവിഡ് കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് രൂക്ഷമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 200 പേർക്ക് പ്രവേശനം അനുവദിച്ചതിന്റെ മറവിൽ ആയിരങ്ങളെ കടത്തി വിടുന്ന പത്തനംതിട്ട ജില്ലയിൽ മാത്രമാണ് സംസ്ഥാനമൊട്ടാകെ സ്ഥിതി വഷളാക്കും.

കേരളത്തിന് പുറത്തു നിന്ന് വരുന്നവരും കൺവൻഷനിൽ പങ്കെടുക്കാനെത്താനുള്ള സാധ്യതയുണ്ട്. ഇത്തരക്കാരെ നിയന്ത്രിക്കാൻ സംഘാടകർ ഒന്നും ചെയ്യുന്നില്ല. ഏതാനും വിശ്വാസികളും പുരോഹിതരും മാത്രം പങ്കെടുത്ത് ചടങ്ങുകൾ ഓൺലൈൻ വഴി പ്രദർശിപ്പിക്കുകയാണ് വേണ്ടത്. അതിനായി സംഘാടകർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ, കൺവൻഷനിൽ പങ്കെടുക്കുന്നവരുടെ എണ്ണം നിജപ്പെടുത്താൻ സ്‌ക്രീനിങ് വേണമെന്നും നിശ്ചിത എണ്ണം പാസ്നൽകണമെന്നും ആവശ്യപ്പെട്ട ജില്ലാ ഭരണകൂടം മുതൽ കോഴഞ്ചേരി വില്ലേജ് ഓഫീസ് വരെ ശിവദാസൻ നിവേദനം നൽകിയിരുന്നു. ഇത് അവർ കണ്ടതായി പോലും നടിച്ചില്ല. എതിർ കക്ഷികളുടെ സ്വാധീനത്തിന് വഴങ്ങിയാണ് സർക്കാർ സംവിധാനം നടപടി സ്വീകരിക്കാതിരുന്നതെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.

അനുവദിച്ച എണ്ണം ആൾക്കാർ മാത്രം എത്തുന്നുവെന്ന് ഉറപ്പാക്കാൻ നടപടി വേണം, ആളുകളുടെ കൂട്ടം ചേരൽ ഒഴിവാക്കണം, അനധികൃതമായി യോഗത്തിലേക്കുള്ള പ്രവേശനം തടയണം, സാമൂഹിക അകലം ഉറപ്പു വരുത്തണം, അതിന് സർക്കാരിന് നിർദ്ദേശം നൽകണം എന്നീ ആവശ്യങ്ങളും ഹർജിയിൽ ഉന്നയിക്കുന്നു. 3449/2021 നമ്പരായി ഫയലിൽ സ്വീകരിച്ച ഹർജിയിൽ 12 ന് വാദം കേൾക്കും.