പത്തനംതിട്ട: 127-ാമത് മാരാമൺ കൺവൻഷൻ നാളെ പമ്പ മണൽപ്പുറത്ത് തുടങ്ങുകയാണ്. സെഞ്ച്വറി പിന്നിട്ട് കുതിക്കുന്ന കൺവൻഷന്റെ പകുതിയോളം വർഷങ്ങളിൽ അതിൽ സജീവ സാന്നിധ്യമായിരുന്ന ഒരാളുടെ അസാന്നിധ്യം നാളെ ശ്രദ്ധാകേന്ദ്രമാകും. മറ്റാരുമല്ല, ചിരിയുടെ വലിയ തമ്പുരാൻ എന്നറിയപ്പെട്ടിരുന്ന ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്റെ അസാന്നിധ്യമാകും ശ്രദ്ധിക്കപ്പെടുക.

67 ആണ്ടുകൾക്ക് ശേഷം ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമാ വലിയ മെത്രാപ്പൊലീത്തയുടെ പ്രസംഗമില്ലാതെ മാരാമൺ കൺവൻഷൻ നഗർ നിൽക്കുമ്പോൾ നികത്താനാവാത്ത വിടവായി ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പൊലീത്തയുടെ വിയോഗവും ഓർമകളിലുണ്ടാകും.

കഴിഞ്ഞ ഏറെ കാലങ്ങളായി മാരാമൺ കൺവൻഷനിൽ നിറ സാന്നിധ്യമായിരുന്ന ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമാ വലിയ മെത്രാപ്പൊലീത്തയുടെയും പന്തലിന് കാൽ നാട്ടുമ്പോൾ മുതൽ എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധയോടെ നേത്യത്വം നൽകിയിരുന്ന ഡോ ജോസഫ് മാർത്തോമയുടെയും സാന്നിധ്യം ഇത്തവണത്തെ കൺവൻഷനിൽ ഉണ്ടാവില്ല.

ഏറെ ജനപ്രിയരായിരുന്ന രണ്ട് ആത്മീയ നേതാക്കളുടെയും അടുത്തടുത്തായുണ്ടായ ദേഹവിയോഗം നികത്താനാവാത്ത വിടവാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് സംഘാടകർ പറഞ്ഞു. രാജ്യം പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി ആദരിച്ച ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ പ്രസംഗം ആണ് കഴിഞ്ഞ എല്ലാ വർഷങ്ങളിലും മാരാമൺ കൺവെൻഷനിലെ ഏറ്റവും ജനശ്രദ്ധ ആകർഷിച്ചിട്ടുള്ളത്.

പുണ്യ നദിയായ പമ്പാ മണൽപ്പരപ്പിൽ ഇനി വചന പ്രഘോഷണത്തിന്റെ നാളുകളാണ്. മദ്ധ്യ തിരുവിതാംകൂറിലെ മത സാഹോദര്യത്തിന്റെ പ്രതീകമാണ് പുണ്യ നദിയായ പമ്പയുടെ മണൽപ്പുറത്ത് നടന്നുവരുന്ന ചെറുകോൽപ്പുഴ മാരാമൺ കൺവെൻഷനുകൾ. നാളെ ഐരൂർ ചെറുകോൽപ്പുഴയിൽ നടക്കുന്ന ഹിന്ദു മത സമ്മേളനത്തിന് സമാപനമാകും. ഒപ്പം നാളെ ഉച്ചക്ക് ശേഷം 2 മണിയോടെ മാരാമൺ മണപ്പുറത്ത് 127-ാമത് കൺവെൻഷന് തുടക്കമാകും.

പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നതെന്ന് മീഡിയാ കൺവീനർ അജീ അലക്സ് പറഞ്ഞു. നാനാ ജാതി മതസ്ഥർ പങ്കെടുക്കുന്ന മാരാമൺ കൺവെൻഷനായി നിർമ്മിച്ച പന്തൽ പോലും കൂട്ടായ്മയുടെ പ്രതീകമാണ്. വിവിധ ഇടവകകളിൽ നിന്നും ഉള്ള സ്ത്രീകൾ ശേഖരിച്ച് മെടഞ്ഞ് എത്തിക്കുന്ന ഓലകൾ ഉപയോഗിച്ച് നിർമ്മിക്കുന്നതാണ് കൺവെൻഷനായുള്ള വിശാലമായ പന്തൽ.