തിരുവനന്തപുരം: റവന്യു വകുപ്പിന്റെ വിവാദ മരംമുറി ഉത്തരവും അതിനു മുൻപ് ഇറക്കിയ സർക്കുലറും ചട്ടവിരുദ്ധമാണെന്നു നിയമവകുപ്പ് ഉപദേശം നൽകിയിരുന്നതായി മന്ത്രി പി.രാജീവ് അറിയിക്കുമ്പോൾ വിഷയത്തിൽ ഒറ്റപ്പെടുന്നത് മുൻ മന്ത്രി ഇ ചന്ദ്രശേഖരൻ.

ഇത് ഉത്തരവു റദ്ദാക്കാൻ തീരുമാനിച്ച ശേഷമാണെന്നും ഉത്തരവു പുറപ്പെടുവിക്കുന്നതിനു മുൻപ് റവന്യു വകുപ്പ് നിയമോപദേശം തേടിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇതോടെ റവന്യൂവകുപ്പ് സ്വന്തം ഇഷ്ടത്തിന് ഉത്തരവ് ഇറക്കിയെന്നാണ് വ്യക്തമാകുന്നത്. വകുപ്പുകൾ ചട്ടമുണ്ടാക്കുമ്പോൾ നിയമ വകുപ്പിന്റെ ഉപദേശം ആവശ്യമാണെങ്കിലും ഉത്തരവിറക്കുന്ന കാര്യത്തിൽ നിയമോപദേശം നിർബന്ധമില്ലെന്നും മന്ത്രി പറഞ്ഞു. ഇങ്ങനെ മുൻ മന്ത്രിയെ പ്രതിരോധിക്കാനും ധനമന്ത്രി മറക്കുന്നില്ല.

ഉത്തരവു നിലനിൽക്കുന്നതല്ലെന്നും 1964 ലെ ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരികയാണു വേണ്ടതെന്നുമാണു നിയമ വകുപ്പ് അഭിപ്രായപ്പെട്ടത്. ഈ ഉത്തരവു റദ്ദാക്കാൻ തീരുമാനിച്ചപ്പോഴാണു റവന്യു വകുപ്പ് നിയമോപദേശം തേടിയത്. റദ്ദാക്കാനുള്ള ഉത്തരവിന്റെ കരടാണു നിയമ വകുപ്പിനു കിട്ടിയത്. 2020 ഡിസംബർ 3 ന് റവന്യു വകുപ്പിൽ നിന്നു ഫയൽ ലഭിച്ചു. 2021 ജനുവരി 20 ന് തിരികെ നൽകി. കാലതാമസം വരുത്തിയിട്ടില്ല. മരം മുറി കേസിൽ ധനമന്ത്രിയുടെ ഈ നിലപാടുകൾ ഏറെ ചർച്ചയാകും.

നിയമവിരുദ്ധമെന്നു നിയമ വകുപ്പ് കണ്ടെത്തിയ ഉത്തരവിനെയാണ് ഇപ്പോഴും റവന്യു മന്ത്രി മഹത്തായ ഉത്തരവെന്നു വാദിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചൂണ്ടിക്കാട്ടി.