കൊച്ചി: ആമസോൺ കനിഞ്ഞാൽ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം തിയേറ്ററുകളിൽ എത്തും. എങ്ങനേയും ചിത്രത്തെ തിയേറ്ററിലെത്തിക്കാനുള്ള അവസാന വട്ട ശ്രമത്തിലാണ് സംവിധായകൻ പ്രിയദർശൻ. തന്റെ ഏറ്റവും മികച്ച സിനിമയായ അറബിക്കടലിന്റെ സിംഹത്തെ തിയേറ്ററിലേക്ക് എത്തിക്കാനുള്ള അവസാന വട്ട ശ്രമത്തിലാണ് പ്രിയൻ. കേരളത്തിലെ 200 തിയേറ്ററുകൾ റിലീസിന് സമ്മതിച്ചു കഴിഞ്ഞു. ആമസോൺ പ്രൈം ഒടിടിയിൽ സിനിമ സ്വന്തമാക്കി കഴിഞ്ഞു. ഈ സാഹചര്യത്തിൽ ആമസോണിന്റെ അനുമതി തിയേറ്റർ റിലീസിന് അനിവാര്യതയാണ്.

90 ശതമാനവും അറിബക്കടലിന്റെ സിംഹം തിയേറ്ററിൽ എത്താനാണ് സാധ്യത. 200 തിയേറ്ററുകൾ സമ്മതം മൂളി കഴിഞ്ഞു. ആമസോണിന്റെ സമ്മതം ഇതിന് ആവശ്യമാണ്. ഇത് കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ-തിയേറ്റർ ഫെഡറേഷൻ നേതാവായ ലിബർട്ടി ബഷീർ മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെയാണ്. മരയ്ക്കാറുടെ പ്രിവ്യൂ മോഹൻലാൽ രണ്ടു ദിവസം മുമ്പ് കണ്ടിരുന്നു. ഇതിന് ശേഷം ചിത്രം തിയേറ്ററിൽ കൊണ്ടു വരുന്നതല്ലേ നല്ലതെന്ന ചർച്ച മോഹൻലാലും ഉയർത്തി. ഇതിന് പിന്നാലെയാണ് അവസാന ശ്രമവുമായി പ്രിയദർശൻ രംഗത്ത് എത്തുന്നത്. ആമസോണിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി ഒടിടിയിലും തിയേറ്ററിലും ചിത്രം ഇറക്കാനാണ് ശ്രമം.

തിയേറ്റർ റിലീസിനായി നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ചില നിബന്ധനകൾ മുന്നോട്ടു വച്ചെങ്കിലും, ഉടമകൾ തയാറാവാത്തതിനാൽ ഒടുവിൽ ചിത്രം ഡിജിറ്റൽ റിലീസ് ചെയ്യും എന്ന നിലയിലെത്തുകയായിരുന്നു. സാധാരണ തിയറ്റർ റിലീസ് ചെയ്യുന്ന സിനിമ 42 ദിവസത്തിന് ശേഷമാണ് ഒടിടിക്ക് നൽകുക. ഇപ്പോൾ ഒടിടി കരാർ ഭേദഗതി വരുത്തിയാണ് മരക്കാർ തിയറ്ററുകളിൽ എത്തിക്കാൻ ശ്രമിക്കുന്നത്. റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ ഒടിടി സമയപരിധിയിൽ മാറ്റം വരുത്താൻ ഫിലിം ചേംബർ അനുമതി നൽകിയിട്ടുണ്ട്.

അതേമസമയം ഒരേ സമയം ഒടിടിയിലും തിയറ്ററിലും സിനിമ റിലീസ് ചെയ്യുന്നത് സംബന്ധിച്ച് ഫിയോക് അംഗങ്ങൾക്കിടയിൽ ഹിതപരിശോധന നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഒടിടിയിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ തിയറ്ററിൽ പ്രദർശിപ്പിക്കണോയെന്ന അഭിപ്രായം തേടുന്നതിനാണ് ഫിയോക് ഹിതപരിശോധന നടത്തുന്നത്. തിയേറ്ററിൽ പ്രദർശിപ്പിച്ച് 100 കോടി ചെലവിട്ട് എടുത്ത ചിത്രത്തിന് മുടക്കമുതൽ തിരിച്ചു പിടിക്കാൻ കഴിയുമോ എന്ന സംശയം തുടക്കത്തില്ഡ ആന്റണി പെരുമ്പാവൂരിനുണ്ടായിരുന്നു. ഇതിനൊപ്പം തിയേറ്ററുകാരുടെ പിടിവാശി കാരണം ചിത്രം ഒടിടിയിലേക്ക് പോയത്. ഇതിനെ ആദ്യം മുതൽ എതിർത്ത സംവിധായകൻ പ്രിയദർശൻ അവസാന നിമിഷം ഒടിടിയെ അംഗീകരിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് കഥയിലെ ട്വിസ്റ്റ്.

രണ്ടു ദിവസം മുമ്പാണ് ചെന്നൈയിലെ പ്രവ്യൂ തിയേറ്ററിൽ മോഹൻലാൽ കുടുംബം സമേതം ചിത്രം കാണുന്നത്. അത്യുഗ്രൻ എന്നാണ് സിനിമ കണ്ട ശേഷം ലാൽ പ്രതികരിച്ചത്. മോഹൻലാലിന്റെ കുടുംബവും ഈ വികാരത്തിലാണ്. പ്രിയദർശൻ ഒരുക്കിയത് മലയാള സിനിമയിലെ സൂപ്പറുകളിൽ ഒന്നാണെന്ന് മോഹൻലാലിന്റെ അടുത്ത സുഹൃത്തായി ചിത്രം കണ്ട പ്രമുഖനും വിശദീകരിക്കുന്നു. ഇതോടെയാണ് തിയേറ്ററിൽ ഈ ചിത്രം എത്തിയിരുന്നുവെങ്കിൽ വമ്പൻ ഹിറ്റാകുമെന്ന ഉറപ്പ് ലാലിന് വരുന്നത്. ഇക്കാര്യം ആന്റണി പെരുമ്പാവൂരിനോട് മോഹൻലാൽ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ വൈകിപോയില്ലേ എന്ന ചോദ്യമാണ് ആന്റണിയുടെ മനസ്സിലുള്ളത്. തിയേറ്ററുകാരുടെ സംഘടനയായ ഫിയോക് പൂർണ്ണമായും അന്റണിയുമായി പിണങ്ങി കഴിഞ്ഞു.

ആമസോണിലും തിയേറ്ററിലും ഒരുമിച്ച് റിലീസിനുള്ള സാധ്യതയാണ് ഇപ്പോൾ മരയ്ക്കാറിന്റെ അണിയറക്കാർ തേടുന്നത്. തുടക്കം മുതൽ തന്നെ ഈ ചിത്രം തിയേറ്ററിൽ ഹിറ്റാകുമെന്ന് പ്രിയദർശൻ ആവർത്തിച്ചിരുന്നു. 100 കോടി ചെലവിൽ മലയാളത്തിൽ നിർമ്മിച്ച ബ്രഹ്മാണ്ട ചിത്രമാണ് മരയ്ക്കാർ. സാബു സിറിളിന്റെ കലാസംവിധാന മികവ് ചിത്രത്തെ പുതിയ തലത്തിലെത്തിക്കുന്നുണ്ട്. ഈ മികവിനുള്ള അംഗീകാരമായിരുന്നു ദേശീയ അവാർഡും. കോവിഡിന് മുമ്പ് തിയേറ്ററിൽ എത്തേണ്ട ചിത്രം കാരണം ആന്റണി പെരുമ്പാവൂരിന് വമ്പൻ സാമ്പത്തിക ബാധ്യതയുമുണ്ടായി. ഈ സാഹചര്യത്തിലാണ് നഷ്ടം ഉണ്ടാകില്ലെന്ന് ഉറപ്പിക്കാൻ ഒടിടിയെ കുറിച്ച് ആലോചനകൾ എത്തിയത്. ഇത് തിയേറ്റർ സംഘടനയുമായുള്ള പ്രശ്നങ്ങൾക്കും കാരണമായി. മിനിമം ഗാരന്റിയായി തുക മുൻകൂർ ആവശ്യപ്പെട്ടതായിരുന്നു പ്രശ്ന കാരണം.

ഫിയോക് തുടങ്ങിയത് ദിലീപും ആന്റണി പെരുമ്പാവൂരും ചേർന്നാണ്. എന്നാൽ വിജയകുമാർ പ്രസിഡന്റായതോടെ സംഘടനയുടെ ചെർമാനായ ദീപിന് പോലും മുൻതൂക്കം നഷ്ടമായി. മരയ്ക്കാറിൽ ആന്റണി പെരുമ്പാവൂരിന്റെ ആവശ്യങ്ങൾ വിജയകുമാർ അംഗീകരിച്ചില്ല. മോഹൻലാലിനെതിരെ കടുത്ത അധിക്ഷേപങ്ങളും നടന്നു. പെരുമ്പാവൂരിനെ ഉപരോധിക്കാനും ശ്രമിച്ചു. ദിലീപിന്റെ നേതൃത്വത്തിൽ സുരേഷ് കുമാർ നടത്തിയ അനുരജ്ഞനവും ഫലം കണ്ടില്ല. ഇതോടെ മരയ്ക്കാറിനെ ഒടിടിയിൽ കാണിക്കാൻ ആന്റണിയും തീരുമാനിച്ചു. മോഹൻലാലും പ്രിയദർശനും ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു.

ഇത് ഫിയോക്കിനെ കൂടുതൽ പ്രകോപിതരുമാക്കി. ഈ സാഹചര്യത്തിൽ ഇനി ഫിയോക്കിനെ കൂടെ നിർത്തി മരയ്ക്കാറെ തിയേറ്ററിൽ എത്തിക്കാൻ സാഹചര്യം കുറവാണ്. അതുകൊണ്ടാണ് ബദൽ തേടുന്നത്. ആമസോൺ വിട്ടു വീഴ്ചയ്ക്കു തയ്യാറായാൽ കൂടുതൽ തിയേറ്ററുകൾ മരയ്ക്കാറെ ഏറ്റെടുക്കുമെന്നാണ് വിലയിരുത്തൽ.