- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
സ്ത്രീകളുടെ വിവാഹപ്രായം 21 ആയി ഉയർത്തുന്ന ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു കേന്ദ്രമന്ത്രി സ്മൃതി ഇറാനി; എല്ലാ സമുദായങ്ങൾക്കും പുതിയ നിയമം ബാധകമായിരിക്കുമെന്ന് ബില്ലിൽ; മുസ്ലിം വ്യക്തി നിയമത്തിനും മുകളിൽ പുതിയ വിവാഹ നിയമം; പ്രതിപക്ഷം എതിർത്തപ്പോൾ ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടു തീരുമാനം
ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹപ്രായം 21 ആയി ഉയർത്തുന്ന വിവാഹപ്രായ ഏകീകരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. നാളെ അവതരിപ്പിക്കുമെന്ന് പറഞ്ഞ ബിൽ നാടകീയമായി ഇന്ന് അവതരിപ്പിക്കുകയായിരുന്നു. എല്ലാ സമുദായങ്ങൾക്കും ബിൽ ബാധകമായിരിക്കുമെന്ന് ബില്ലിൽ പരാമർശിക്കുന്നു. മുസ്ലിം വ്യക്തി നിയമനത്തിനും മുകളിലായിരിക്കും ബിൽ എന്നു വ്യക്തമാക്കിന്നുണ്ട്.
പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ എതിർപ്പിനെ വകവെക്കാതെയാണ് കേന്ദ്രം ബില്ലുമായി മുന്നോട്ട് പോയത്. വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സമൃതി ഇറാനിയാണ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. ബിൽ അവതരണത്തെ എതിർത്ത് സഭയിൽ പ്രതിപക്ഷ പ്രതിഷേധവും അരങ്ങേറി. ഒടുവിൽ ബിൽ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണം എന്ന പ്രതിപക്ഷ ആവശ്യം മന്ത്രി അംഗീകരിച്ചു.
ഇന്ത്യ മുഴുവൻ ഒരു വിവാഹ നിയമമെന്ന് ബിൽ അവതരിപ്പിച്ചു കൊണ്ട് സ്മൃതി ഇറാനി പറഞ്ഞു. എല്ലാവ്യക്തി നിയമങ്ങൾക്കും മേലേയാകും വിവാഹനിയമം എന്നും വർ കൂട്ടിച്ചേർത്തു. ബില്ല് ഇന്ന് പാസാക്കുന്നതോടെ രാജ്യത്തെ ഏഴ് വ്യക്തിനിയമങ്ങൾ പരിഷ്കരിക്കും. ബിൽ സ്റ്റാൻഡിങ് കമ്മറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
ബില്ല് ഭരണ ഘടന വിരുദ്ധമാണെന്ന് ലോക്സഭയിൽ ഇ.ടി.മുഹമ്മദ് ബഷീർ എംപി പറഞ്ഞു. ലോക്സഭയിൽ ബില്ല് കീറിയെറിഞ്ഞുകൊണ്ടാണ് പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചത്. പ്ലക്കാർഡുകളുമായി പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി. ആരുമായും കൂടിയാലോചിക്കാതെയാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു നീക്കം നടത്തിയതെന്നും സംസ്ഥാനങ്ങളുമായും പ്രതിപക്ഷ പാർട്ടികളുമായും ചർച്ച വേണം എന്നുമാണ് പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം. ബിൽ സ്റ്റാൻഡിങ് കമ്മറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിക്കുകയും പ്രതിപക്ഷ പ്രതിഷേധതതെ തുടർന്ന് ലോക്സഭ ഇന്നത്തേക്ക് പിരിയുകയയിരുന്നു.
ബിൽ സഭയിൽ എംപിമാർക്ക് നേരത്തെ വിതരണം ചെയ്തിരുന്നു. വിവാഹപ്രായം ഇരുപത്തിയൊന്നിലേക്ക് ഉയർത്തുന്ന നിയമം എല്ലാ സമുദായങ്ങൾക്കും ബാധകമായിരിക്കും. വിവാഹ പ്രായം ഉയർത്തുമ്പോൾ രാജ്യത്തെ ഏഴ് വിവാഹ നിയമങ്ങളിൽ ഭേദഗതി വരുത്തേണ്ടി വരും. ഹിന്ദു, ക്രിസ്ത്യൻ, പാഴ്സി വിവാഹനിയമങ്ങൾ മാറും. മുസ്ലിം ശരിഅത്ത് വ്യവസ്ഥയ്ക്കും മുകളിലാകും നിയമം. ബാലവിവാഹ നിരോധന നിയമത്തിൽ ഇത് എഴുതിച്ചേർക്കും. ക്രിസ്ത്യൻ വിവാഹ നിയമം, പാഴ്സി വിവാഹ നിയമം, ഹിന്ദു വിവാഹ നിയമം, സ്പെഷ്യൽ മാരേജ് ആക്ട്, ഹിന്ദു മൈനോരിറ്റി ആൻഡ് ഗാർഡിയൻ ഷിപ്പ് ആക്ട് - 1956, ഫോറിൻ മാരേജ് ആക്ട്, ബാല വിവാഹ നിരോധന നിയമം അടക്കം 7 നിയമങ്ങളാണ് ഇതിനായി മാറ്റുക.
കഴിഞ്ഞ ബുധനാഴ്ചയാണ് സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കി ഉയർത്താനുള്ള കരട് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. ഇതിനു പിന്നാലെ വിവിധ രാഷ്ട്രീയകക്ഷികളും വനിതാസംഘടനകളും ആക്ടിവിസ്റ്റുകളും ബില്ലിനെതിരെ രംഗത്ത് എത്തി. പ്രതിപക്ഷത്ത് നിന്നും എതിർപ്പ് ഉയർന്നിട്ടുണ്ട്. വിവാഹപ്രായം ഉയർത്തുന്ന ബിജെപി സർക്കാരിന് ഗൂഢ ഉദ്ദേശമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം നിലപാടെടുക്കുമ്പോൾ മറ്റൊരു വിഭാഗം അനുകൂല നിലപാടിലാണ്. ഇത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അതേ സമയം സിപിഎമ്മും സിപിഐയും മുസ്ലിം ലീഗുമടക്കം ബില്ലിനെതിരെ രംഗത്തെത്തിയിരുന്നു.
മറുനാടന് ഡെസ്ക്