ചെങ്ങന്നൂർ: പിണറായി സർക്കാരിന്റെ ഭരണത്തിൽ കീഴിലെ രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പ് ആര് ജയിക്കും എന്ന ചോദ്യത്തിന് ഉത്തരം കിട്ടാൻ ഇനിയും ഒരാഴ്ച കൂടി കാത്തിരിക്കണം. മത്സരാർത്ഥികളായുള്ള മൂന്ന് പ്രധാനപാർട്ടികളും ഒരുപോലെ ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്. ഈ സാഹചര്യത്തിലാണ് മറുനാടൻ മലയാളി സർവ്വേ ഫലം പുറത്തുവിടുന്നത്.അഞ്ച് ദിവസം മുമ്പ് പൂർത്തിയാക്കിയ സർവ്വേ ഫലത്തിൽ കാര്യമായ വ്യത്യാസം സംഭവിച്ചേക്കാമെന്നു സമ്മതിച്ചുകൊണ്ട് തന്നെയാണ് ഞങ്ങൾ ഇതു പുറത്തു വിടുന്നത്. ചെങ്ങന്നൂരിൽ അനുനിമിഷം രാഷ്ട്രീയ കാലാവസ്ഥ മാറി മറിയുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞവർഷത്തെ അതേ നില തന്നെ മുന്നണികൾ തുടരുമെന്നാണ് മറുനാടൻ സർവേ ഫലം തെളിയിക്കുന്നത്.

എൽഡിഎഫ് ഒന്നാമതും നേരിയ മാർജിന്റെ വ്യത്യാസത്തിൽ രണ്ടാംസ്ഥാനത്ത് യുഡിഎഫും കഴിഞ്ഞതവണത്തേക്കാൾ വോട്ടിൽ കുറവു വന്ന് ബിജെപി മൂന്നാംസ്ഥാനത്തുമെത്തുമെന്നാണ് സർവേഫലം വ്യക്തമാക്കുന്നത്.എൽഡിഎഫ് സ്ഥാനാർത്ഥിയായ സജി ചെറിയാൻ 40 പോയിന്റുമായി മുമ്പിൽ എത്തിയപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി 36 പോയിന്റുമായി രണ്ടാമതുണ്ട്. എന്നാൽ ബിജെപി സ്ഥാനാർത്ഥിയായ ശ്രീധരൻ പിള്ളയ്ക്ക് 22 പോയിന്റുമായി മൂന്നാമത് എത്താനേ കഴിഞ്ഞിട്ടുള്ളൂ. ആം ആദ്മിയടക്കം മറ്റ് സ്ഥാനാർത്ഥികളെല്ലാം കൂടി രണ്ട് പോയിന്റ് നേടാനേ കഴിഞ്ഞിട്ടുള്ളു.

ചെങ്ങന്നൂരിൽ ആർക്ക് വോട്ട് ചെയ്യും എന്ന ഒറ്റ ചോദ്യം ചെങ്ങന്നൂരിലെ വിവിധ ഇടങ്ങളിൽ എത്തിയ 2,000 പേർക്ക് വിതരണം ചെയ്താണ് പ്രധാന ചോദ്യത്തിന് ഉത്തരംകണ്ടെത്തിയത്. ഇങ്ങനെ ഉത്തരം നൽകിയവരിൽ 40 ശതമാനം പേരും സജി ചെറിയാനു എന്നു പറഞ്ഞപ്പോൾ 36 ശതമാനം പേർ വിജയകുമാറിനെന്ന് പറയുകയുണ്ടായി. ശ്രീധരൻ പിള്ളയെ പിന്തുണച്ചത് വെറും 22 ശതമാനം പേരാണ്. കഴിഞ്ഞ തവണ രണ്ടാമതെത്തിയ പി സി വിഷ്ണുനാഥുമായി വെറും 2,000 വോട്ടിന്റെ വ്യത്യാസത്തിൽ തോറ്റയാളാണ് ബിജെപി സ്ഥാനാർത്ഥി. ബിജെപിക്ക് വലിയ തിരിച്ചടിയായിരിക്കും ഇത്തവണത്തെ തെരഞ്ഞെടുപ്പ് എന്നു തന്നെയാണ് സർവ്വേ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

ഇതുകൂടാതെ പത്തു ഉപചോദ്യങ്ങളും ഞങ്ങൾ വായനക്കാർക്ക് പൂരിപ്പിക്കാൻ നൽകിയിരുന്നു. പത്ത് ഉപചോദ്യങ്ങൾക്ക് 2000 പേരിൽ നിന്നാണ് ഞങ്ങൾ മറുപടി തേടിയത്. സംസ്ഥാനസർക്കാരിന്റെ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു, കേന്ദ്രസർക്കാരിന്റെ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു, കേരളത്തെ പ്രതിപക്ഷത്തെ വിലയിരുത്തുന്നു, കേരളസർക്കാരിന്റെ മദ്യനയത്തെക്കുറിച്ച് എന്താണ് അഭിപ്രായം, മുൻ എംഎൽഎയുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു, കേരള പൊലീസിന്റെ പ്രവർത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു എന്നീ ആറ് ഉപചോദ്യങ്ങൾക്ക് മികച്ചത്, മോശം, അഭിപ്രായമില്ല എന്നീ ഓപ്ഷനുകൾ നൽകി. കത്വ പീഡനം ബിജെപിക്ക് തിരിച്ചടിയുണ്ടാക്കുമോ, കെഎം മാണിയുടെ നിലപാട് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ, മണ്ഡലത്തിലെ വികസനത്തിന് വേണ്ടി ഇടപെടുന്നത് ഏതുമുന്നണിയാണ്, ബിഡിജെഎസ് ആർക്കൊപ്പം നിൽക്കും എന്നിവയും അടങ്ങുന്നതായിരുന്നു ഉപചോദ്യങ്ങൾ.

മറുനാടൻ മലയാളിയുടെ റിപ്പോർട്ടർമാരുൾപ്പെടെ അഞ്ചംഗ സംഘം അഞ്ചുദിവസം കൊണ്ടാണ് സർവേ പൂർത്തിയാക്കിയത്. ഇതിനായി അവർ ചെങ്ങന്നൂരിൽ ക്യാമ്പ് ചെയ്തു. എല്ലാത്തരം ആളുകളെയും കണ്ടു, പ്രതികരണങ്ങൾ തേടി അതോടൊപ്പം ചോദ്യാവലിയും പൂരിപ്പിച്ചു. സംഭവബഹുലമായിരുന്നു സർവ്വേ ദിനങ്ങൾ. തുടക്കം റെയിൽ വേ സ്റ്റേഷനിലായിരുന്നു. ചെങ്ങന്നൂരുകാർ ഒരേ സമയം എത്തുന്ന ഓഫീസ് സമയത്തോടനുബന്ധിച്ച് സർവേ ആരംഭിച്ചു. ഉദ്യോഗസ്ഥ വിഭാഗമായിരുന്നു ഇതിൽ പങ്കെടുത്തവരിൽ കൂടുതലും. ഒരു സംഘം ഇവിടെ സർവേ നടത്തിയപ്പോൾ മറ്റൊരു സംഘം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും ടൗണിലും സർവേ നടത്തി. തുടർന്ന് ടൗണിലെ വ്യാപാരികളും സർവേ പൂരിപ്പിച്ചു.

ഇതിനിടെ ജനങ്ങളുടെ പ്രതികരണങ്ങളും വീഡിയോ റെക്കോർഡ് ചെയ്തു. പലരും ആവേശത്തോടെ പ്രതികരിച്ചപ്പോൾ ചിലർ നമ്മളില്ലേ എന്ന മട്ടിൽ മാറിനിൽക്കുന്നതും കാണാമായിരുന്നു. ആദ്യദിനം ടൗണിൽ മാത്രമായി ഒതുങ്ങി. രണ്ടാം ദിനം മുതൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലൂടെയുള്ള യാത്രയായിരുന്നു. പലതരം തൊഴിൽ ചെയ്യുന്നവരെയും വിവിധ പ്രായത്തിലുള്ളവരെയും ഞങ്ങൾ കണ്ടു. ആല, പെണ്ണുക്കര, ചെറിയനാട്, കൊല്ലകടവ് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു രണ്ടാംദിനം. തുടർന്നുള്ള ഓരോ ദിനങ്ങളിലും പ്രതികരണങ്ങളും സർവേ പൂരിപ്പിക്കലുമായി മറ്റ് പ്രധാനപ്പെട്ട സ്ഥലങ്ങളിലുമെത്തി. ചെറിയനാട്, വെൺമണി, പുലിയൂർ, തിരുവൻവണ്ടൂർ, മുളക്കുഴ, പാണ്ടനാട്, കോടുകുളഞ്ഞി, തുടങ്ങിയ സ്ഥലങ്ങളിലും ഞങ്ങളെത്തി. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മറുനാടൻ മലയാളി നടത്തിയ സർവേയ്ക്ക് മേൽനോട്ടം നൽകിയ വിദഗ്ദ്ധർ തന്നെയാണ് ഈ സർവേക്കും ചുക്കാൻ പിടിച്ചത്. അന്ന് മറുനാടൻ സർവേ 80 ശതമാനത്തിലേറെ ശരിയുമായിരുന്നു. സർവേ ഫലങ്ങളുപയോഗിച്ച് മറുനാടൻ എഡിറ്റർമാരുടെ കൂടി സാന്നിധ്യത്തിൽ മൂന്നുദിവസം നീണ്ടുനിൽക്കുന്നതായിരുന്നു സർവേയുടെ ക്രോഡീകരണം. ഓരോ ചോദ്യങ്ങളുടെയും മറുപടികൾ പട്ടികകൾ നിരത്തി എഴുതിയായിരുന്നു ക്രോഡീകരണം. ഇതിൽ മുന്നിൽ നിൽക്കുന്ന കക്ഷിക്കാണ് വിജയസാധ്യത. സർവേയിൽ കിട്ടിയ 2000 സാമ്പിളുകളുടെ ഉത്തരവും പത്ത് ഉപചോദ്യങ്ങളുടെ ഉത്തരവും പൊരുത്തപ്പെട്ടാൽ മാത്രമാണ് സർവേ വിജയമാകൂ. ഞങ്ങളുടെ ടീം നടത്തിയ ക്രോഡീകരണത്തിൽ അത് പൊരുത്തപ്പെട്ടതിനാൽ സർവേ വിജയമാണെന്നുറപ്പിക്കാം. മാണി യുഡിഎഫിനെ സഹായിക്കുമെന്ന പ്രഖ്യാപനം വരുന്നതിന് മുമ്പാണ് സർവേ പൂർത്തിയാക്കിയതെന്നതും സ്ത്രീകളുടെ പങ്കാളിത്തം താരതമ്യേന കുറവായിരുന്നുവെന്നതുമാണ് സർവേയുടെ ആകെയുള്ള ന്യൂനത.

യുഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന് ഗുണകരമാകുന്നത് ഭരണവിരുദ്ധ തരംഗം ഇല്ലാത്തതും അന്തരിച്ച എംഎൽഎയോടുള്ള വോട്ടർമാരുടെ വാത്സല്യവുമാണ്. ഒപ്പം ക്രിസ്ത്യൻ വോട്ടുകൾ ധ്രൂവീകരിക്കാൻസാധിച്ചതും സജി ചെറിയാന് ഗുണമായി. എന്നാൽ ഇതെങ്ങനെ ഹിന്ദു വോട്ടുകളെ ബാധിക്കും എന്ന ആശങ്ക ഇടത് കേന്ദ്രങ്ങളിൽ ഉള്ളത് സർവ്വേ ഫലം അട്ടിമറിച്ചേക്കാം. ഹിന്ദു വോട്ടുകൾ മറ്റ് രണ്ട് സ്ഥാനാർത്ഥികൾക്കുമായി ചിതറാതെ ഏതെങ്കിലും ഒരു സ്ഥാനാർത്ഥിക്ക് ലഭിച്ചാൽ വിജയം ആ സ്ഥാനാർത്ഥിക്കാവുമെന്ന സ്ഥിതിയുണ്ട്. ഇതാണ് ഇടതുമുന്നണിയെ ഭയപ്പെടുത്തുന്നതും. ബിഡിജെഎസ് വോട്ടുകളാണ് മൂന്ന് കൂട്ടരും ഒരുപോലെ കണക്ക് കൂട്ടുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മറുനാടൻ മലയാളി നടത്തിയ സർവേയ്ക്ക് മേൽനോട്ടം നൽകിയ വിദഗ്ദ്ധർ തന്നെയാണ് ഈ സർവേക്കും ചുക്കാൻ പിടിച്ചത്. അന്ന് മറുനാടൻ സർവേ 80 ശതമാനത്തിലേറെ ശരിയുമായിരുന്നു. സർവേ ഫലങ്ങളുപയോഗിച്ച് മറുനാടൻ എഡിറ്റർമാരുടെ കൂടി സാന്നിധ്യത്തിൽ മൂന്നുദിവസം നീണ്ടുനിൽക്കുന്നതായിരുന്നു സർവേയുടെ ക്രോഡീകരണം. ഓരോ ചോദ്യങ്ങളുടെയും മറുപടികൾ പട്ടികകൾ നിരത്തി എഴുതിയായിരുന്നു ക്രോഡീകരണം. ഇതിൽ മുന്നിൽ നിൽക്കുന്ന കക്ഷിക്കാണ് വിജയസാധ്യത. സർവേയിൽ കിട്ടിയ 2000 സാമ്പിളുകളുടെ ഉത്തരവും ഉപചോദ്യങ്ങളുടെ ഉത്തരവും പൊരുത്തപ്പെട്ടാൽ മാത്രമാണ് സർവേ വിജയമാകൂ. ഞങ്ങളുടെ ടീം നടത്തിയ ക്രോഡീകരണത്തിൽ അത് പൊരുത്തപ്പെട്ടതിനാൽ സർവേ വിജയമാണെന്നുറപ്പിക്കാം. മാണി യുഡിഎഫിനെ സഹായിക്കുമെന്ന പ്രഖ്യാപനം വരുന്നതിന് മുമ്പാണ് സർവേ പൂർത്തിയാക്കിയതെന്നതും സ്ത്രീകളുടെ പങ്കാളിത്തം താരതമ്യേന കുറവായിരുന്നുവെന്നതുമാണ് സർവേയുടെ ആകെയുള്ള ന്യൂനത.