ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ജോഷിമഠിൽ വന്മഞ്ഞുമല തകർന്നതിനെ തുടർന്ന് അതിശക്തമായ വെള്ളപ്പൊക്കത്തിൽ കനത്ത നാശനഷ്ടം.  ധൗലിഗംഗ നദി കരകവിഞ്ഞ് ഒഴുകിയതിനു പിന്നാലെയാണു വെള്ളപ്പൊക്കമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ടു ചെയ്തു. നിരവധി വീടുകൾ തകർന്നു. പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുകയാണ്. തപോവൻ റെയ്‌നി എന്ന പ്രദേശത്താണ് സംഭവം. 

തപോവൻ-റെനി ജലവൈദ്യുത പദ്ധതിയിൽ ജോലി നോക്കിയിരുന്ന നൂറ്റമ്പതോളം തൊഴിലാളികൾക്ക് ജീവൻ നഷ്ടമായെന്നാണ് വിവരം. 10 മൃതദേഹങ്ങൾ നദിയിൽ നിന്നു കണ്ടെത്തിയതായി വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. എൻടിപിസിയുടെ തപോവൻ വൈദ്യുത നിലയം പൂർണമായും ഒലിച്ചുപോയി.

രക്ഷാപ്രവർത്തനത്തിന് കര, വ്യോമസേനകൾ രംഗത്ത്. 2013 മാതൃകയിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. 600 പേരടങ്ങുന്ന സേനയെയാണ് സൈന്യം നിയോഗിച്ചിരിക്കുന്നത്. ഇവർ വിവിധ പ്രളയബാധിത പ്രദേശത്ത് എത്തുമെന്ന് അധികൃതർ അറിയിച്ചു.



100-150 പേർ മരിച്ചതായി സംശയിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഓം പ്രകാശ് പറഞ്ഞു. അളകനന്ദ നദിയുടെ കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലകളും കയറ്റങ്ങളും നിറഞ്ഞ പ്രദേശമായതിനാൽ രക്ഷാപ്രവർത്തനം തീർത്തും ദുഷ്‌കരമാണ്.

#WATCH | Water level in Dhauliganga river rises suddenly following avalanche near a power project at Raini village in Tapovan area of Chamoli district. #Uttarakhand pic.twitter.com/syiokujhns

- ANI (@ANI) February 7, 2021

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സ്ഥിതിഗതികൾ വിലയിരുത്തി. മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിനോട് ഫോണിൽ സംസാരിച്ച പ്രധാനമന്ത്രി, സ്ഥിതി നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യ ഉത്തരാഖണ്ഡിനൊപ്പമുണ്ടെന്നും രാജ്യം മുഴുവൻ പ്രാർത്ഥനയിലാണെന്നും അറിയിച്ചു. അസം, ബംഗാൾ സന്ദർശനത്തിലാണ് പ്രധാനമന്ത്രി. കരസേനയും വ്യോമസേനയും രക്ഷാപ്രവർത്തനത്തിനു രംഗത്തെത്തി. വ്യോമസേനയുടെ എഎൻ32, സി130 വിമാനങ്ങളാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്. ഡെറാഡൂൺ വിമാനത്താവളം കേന്ദ്രീകരിച്ചാവും പ്രവർത്തനം.

ദുരന്തം നേരിടുന്നതിന് കേന്ദ്ര സർക്കാരിന്റെ പൂർണപിന്തുണയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയെ അറിയിച്ചു. ഇപ്പോൾ രക്ഷാപ്രവർത്തനം നടത്തുന്ന ദുരന്തനിവാരണ സേനയെ കൂടാതെ അധികമായി നാലു സംഘത്തെക്കൂടി (200 പേർ) ഡൽഹിയിൽനിന്ന് ഉത്തരാഖണ്ഡിലേക്ക് അയച്ചതായി അമിത് ഷാ ട്വിറ്ററിൽ അറിയിച്ചു.

ദുരന്തനിവാരണ സംഘത്തെ സഹായിക്കുന്നതിനായി ഹെലികോപ്റ്ററുകളും സൈനികസംഘവും ഉത്തരാഖണ്ഡിൽ എത്തിയതായി സൈനികവൃത്തങ്ങൾ അറിയിച്ചു. കരസേനാ ആസ്ഥാനം സ്ഥിതി നിരീക്ഷിച്ചുവരുകയാണെന്നും അവർ വ്യക്തമാക്കി.



'ഉത്തരാഖണ്ഡിലെ നിർഭാഗ്യകരമായ സാഹചര്യം നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യ ഉത്തരാഖണ്ഡിനൊപ്പം നിൽക്കുന്നു, അവിടെ എല്ലാവരുടെയും സുരക്ഷയ്ക്കായി രാജ്യം പ്രാർത്ഥിക്കുന്നു. മുതിർന്ന അധികാരികളുമായി നിരന്തരം സംസാരിക്കുകയും എൻഡിആർഎഫ് വിന്യാസം, രക്ഷാപ്രവർത്തനം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള അപ്ഡേറ്റുകൾ നേടുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

 
 
Narendra Modi
 
@narendramodi
Am constantly monitoring the unfortunate situation in Uttarakhand. India stands with Uttarakhand and the nation prays for everyone's safety there. Have been continuously speaking to senior authorities and getting updates on NDRF deployment, rescue work and relief operations.

പഴയ വിഡിയോകൾ പ്രചരിപ്പിച്ച് ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് അറിയിച്ചു. അളകനന്ദ നദിയിലെ ജലനിരപ്പ് സാധാരണയിൽ കഴിഞ്ഞ് ഒരു മീറ്റർ കൂടിയതായും അദ്ദേഹം പറഞ്ഞു.

മഞ്ഞിടിച്ചിലിനു പിന്നാലെ സമീപ പ്രദേശത്തുനിന്ന് ആയിരക്കണക്കിന് ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്ഥാന മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിന്റെ നേതൃത്വത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് പുരോഗമിക്കുകയാണ്.



സംഭവത്തെ തുടർന്നു ഋഷികേശ്, ഹരിദ്വാർ എന്നിവിടങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ പ്രയാഗ്രാജിലും മിർസപുരിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തി. കുടങ്ങിക്കിടക്കുന്നവർക്കു ബന്ധപ്പെടുവാനായി സർക്കാർ ഹെൽപ്ലൈൻ നമ്പർ തുറന്നു: 1070 or 9557444486

Biggest story at this time: Terrifying images of glacier break leading massive flooding in Uttarakhand's Chamoli district. Extensive damage and devastation expected at several villages. Full coverage on @IndiaToday pic.twitter.com/rzR6ODfJ9y


ഏത് സമയത്തും പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശമാണ് ജോഷിമഠ്. വലിയ മഞ്ഞുമല പൂർണമായും ഇടിഞ്ഞു വീഴുകയായിരുന്നു. ഋഷിഗംഗ പ്രോജക്ടിനും കനത്ത നാശനഷ്ടമുണ്ടായെന്നാണ് വിവരം. ആളുകളോട് ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത രക്ഷാപ്രവർത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.