പത്തനംതിട്ട: ചിറ്റാർ കുടപ്പനക്കുളത്ത് കർഷകനായ മത്തായി വനപാലകരുടെ കസ്റ്റഡിയിലിരിക്കേ കിണറ്റിൽ വീണു മരിച്ച സംഭവത്തിൽ ഇപ്പോൾ നടക്കുന്നത് മൃതദേഹം വച്ചുള്ള വിലപേശലാണെന്ന് സിദ്ധനർ സർവീസ് വെൽഫയർ സൊസൈറ്റിയും കേരള ഉള്ളാട മഹാസഭയും സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിൽ ആരോപിച്ചു. വരാൻ പോകുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയക്കാരും ചില മാധ്യമങ്ങളും ഒത്താശ ചെയ്യുകയാണ്. മത്തായിയുടെ മരണത്തിൽ വനപാലകരെ കുറ്റക്കാരാണെന്ന് കണ്ടെത്താനുള്ള ഒരു തെളിവും ഇതു വരെ കിട്ടിയിട്ടില്ല. ഇനി നടക്കുന്ന അന്വേഷണത്തിൽ അങ്ങനെ കിട്ടിയാൽ അവരെ അറസ്റ്റ് ചെയ്യുക തന്നെ വേണം. പക്ഷേ, ഇപ്പോൾ നടക്കുന്നത് മുതലെടുപ്പ് മാത്രമാണെന്നും സിദ്ധനർ വെൽഫയർ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് കെ. ദാമോദരൻ, ജനറൽ സെക്രട്ടറി ആർ. നാരായണൻ, സെക്രട്ടറി ആർ. ശിവദാസൻ, കേരള ഉള്ളാട മഹാസഭ ചിറ്റാർ-പാമ്പിനി യൂണിറ്റ് പ്രസിഡന്റ് ടിപി മുരളീധരൻ എന്നിവർ പറഞ്ഞു.

കുറ്റകൃത്യത്തിന്റെ പേരിൽ പ്രതിക്കൂട്ടിലായിരിക്കുന്ന ഏഴു വനംവകുപ്പ് ജീവനക്കാരിൽ അഞ്ചും ഒരു താൽക്കാലിക ഡ്രൈവറും പട്ടികജാതി/വർഗ വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ്. പൊലീസിന്റെ ഇതുവരെയുള്ള അന്വേഷണത്തിൽ അവർ കുറ്റക്കാരാണെന്ന് എങ്ങും പറഞ്ഞിട്ടില്ല. പ്രതിപ്പട്ടികയിൽ പേരു ചേർത്തിട്ടില്ല. എന്നാൽ, അവരെ വച്ച് വിലപേശൽ രാഷ്ട്രീയം നടത്തുകയാണ്. ഇതിന് പിന്നിൽ മതമേലധ്യക്ഷന്മാരുടെയും രാഷ്ട്രീയ പാർട്ടികളുടെയും വനം-ക്വാറി മാഫിയകളുടെയും ചില മാധ്യമങ്ങളുടെയും സംഘടിത ശ്രമം നടക്കുന്നുണ്ട്.

മൃതദേഹം അടക്കം ചെയ്യാതെയുള്ള വില പേശൽ അവസാനിപ്പിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. അന്വേഷണം നടത്താതെ മറ്റുള്ളവരുടെ സമ്മർദത്തിന് വഴങ്ങി നിരപരാധികളെയും അടിസ്ഥാന ജനവിഭാഗത്തെയും കുറ്റക്കാരായി അവരോധിക്കുന്ന പ്രവണത അവസാനിപ്പിച്ചില്ലെങ്കിൽ ആദിവാസി, പട്ടികജാതി/വർഗ വിഭാഗങ്ങളെ സംഘടിപ്പിച്ച് സമരവുമായി മുന്നോട്ടു പോകുമെന്നും നേതാക്കൾ അറിയിച്ചു.

ജൂലൈ 28 നാണ് കുടപ്പനക്കുളത്തെ കുടുംബവീട്ടിലെ കിണറ്റിൽ മത്തായിയുടെ മൃതദേഹം കണ്ടത്. ഫോറസ്റ്റുകാർ ചോദ്യം ചെയ്യലിനായി വിളിച്ചു കൊണ്ടു പോയതാണ് മത്തായിയെ. അവർ മർദിച്ച് കൊന്ന് കിണറ്റിൽ തള്ളിയെന്നാണ് ബന്ധുക്കളുടെ വാദം. കുറ്റക്കാരായ വനപാലകരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്‌കരിക്കാൻ ബന്ധുക്കൾ തയാറല്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.