- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആരോഗ്യ പ്രശ്നങ്ങൾ കാരണം മാത്യു ടി തോമസ് മത്സരിക്കില്ല: തിരുവല്ലയിൽ ഇക്കുറി സിപിഎമ്മും കോൺഗ്രസും നേർക്കു നേർ: ആർ സനൽകുമാർ എൽഡിഎഫ് സ്ഥാനാർത്ഥിയാകും: കോൺഗ്രസിൽ ആരു മത്സരിക്കണമെന്ന് പിജെ കുര്യൻ തീരുമാനിക്കും: അനൂപ് ആന്റണി ബിജെപി സ്ഥാനാർത്ഥി
തിരുവല്ല: തുടർച്ചയായി മൂന്നു വട്ടം വിജയിച്ച തിരുവല്ലയിൽ ഇക്കുറി മത്സരിക്കാൻ മാത്യു ടി തോമസില്ല. ആരോഗ്യ പ്രശ്നങ്ങൾ കാരണം മാത്യു ടി മത്സരത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചിട്ടുണ്ട്. സിപിഎം ഈ സീറ്റ് ഏറ്റെടുക്കും. കേരളാ കോൺഗ്രസിന്റെ കൈവശമിരുന്ന തിരുവല്ല ഇക്കുറി കോൺഗ്രസ് ഏറ്റെടുക്കും. പകരം റാന്നി വിട്ടു കൊടുക്കും.
സിപിഎമ്മിൽ നിന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ ആർ. സനൽകുമാറായിരിക്കും ഇവിടെ മത്സരിക്കുകയെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ഇതിനായുള്ള മുന്നൊരുക്കങ്ങൾ സനൽ മണ്ഡലത്തിൽ ആരംഭിച്ചു കഴിഞ്ഞു. സാമുദായിക നേതാക്കളെയും പ്രമുഖവ്യക്തികളെയും പലവട്ടം നേരിൽ കണ്ടു. പാർട്ടി തലത്തിലും വർക്ക് ആരംഭിച്ചു. കേരളാ കോൺഗ്രസി(എം)ലെ തമ്മിലടി കാരണം മൂന്നു തവണ മാത്യു ടി തോമസിന് ഈസി വാക്കോവർ ലഭിച്ച മണ്ഡലമാണ് തിരുവല്ല.
അതിന് മുൻപ് കേരളാ കോൺഗ്രസി(എം)ലെ മാമൻ മത്തായി കുത്തകയാക്കി വച്ചിരുന്നതാണ്. മാമൻ മത്തായിയുടെ അകാല മരണത്തെ തുടർന്ന് മത്സരിച്ച ഭാര്യ എലിസബത്ത് മാമൻ മത്തായിയാണ് ഇവിടെ ഏറ്റവുമൊടുവിൽ ജയിച്ചത്. ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച എലിസബത്തിന് സീറ്റ് നൽകാതെ വിക്ടർ ടി തോമസിന് കൊടുത്തതോടെ തുടങ്ങുന്നു കേരളാ കോൺഗ്രസിന്റെ പരാജയം. പിന്നീട് ഇവിടെ വിക്ടറും പുതുശേരിയും മത്സരിച്ചെങ്കിലും കേരളാ കോൺഗ്രസും കോൺഗ്രസും ചേർന്ന് കാലുവാരി തോൽപിച്ചു.
മാത്യു ടി വിജയം ശീലമാക്കിയ തിരുവല്ല ഇപ്പോൾ എൽഡിഎഫ് മണ്ഡലമായി മാറി കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോന്നിയിൽ അടൂർ പ്രകാശിനോട് കനത്ത പരാജയം ഏറ്റു വാങ്ങിയ സനൽ പിന്നീട് ലക്ഷ്യമിട്ടത് ആറന്മുളയായിരുന്നു. വീണാ ജോർജ് വീണ്ടും അവിടെ മത്സരിക്കുമെന്നതിനാൽ പിന്നീട് തിരുവല്ലയിലേക്ക് മാറാൻ തീരുമാനിക്കുകയായിരുന്നു. മാത്രവുമല്ല, സനൽ ഈ മണ്ഡലത്തിൽ നിന്നുള്ളയാളാണ്.
മറുവശത്ത് കോൺഗ്രസും തിരുവല്ല സീറ്റ് ഏറ്റെടുക്കുകയാണ്. മുൻരാജ്യസഭാ ഉപാധ്യക്ഷൻ പിജെ കുര്യന് മത്സരിക്കാൻ വേണ്ടിയാണ് സീറ്റെന്നാണ് പറയുന്നത്. എന്നാൽ, ഇവിടെ പിജെ കുര്യൻ മത്സരിക്കാൻ സാധ്യതയില്ല. കോൺഗ്രസ് മൊത്തമായും കേരളാ കോൺഗ്രസിൽ ഒരു വിഭാഗവും വിമത നീക്കത്തിലാണ്. ഈ വിവരം മറ്റാരേക്കാളും നന്നായി അറിയാവുന്നത് കുര്യനാണ്. അതു കൊണ്ടു തന്നെ അദ്ദേഹം മത്സരിക്കാനുള്ള സാധ്യതയില്ല.
പകരം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ സജി ചാക്കോ, മുൻ ജില്ലാ പഞ്ചായത്തംഗം റെജി തോമസ് എന്നിവരുടെ പേരുകളാണ് ഉയരുന്നത്. സജി ചാക്കോ കുര്യന്റെ ബന്ധുവാണ്. അദ്ദേഹം രാജി വച്ച ഒഴിവിലാണ് കോഴഞ്ചേരി സെന്റ് തോമസ് കോളജിൽ സജി ചാക്കോ അദ്ധ്യാപകനായത്. ഇപ്പോൾ ജോലിയിൽ നിന്ന് വിരമിച്ച സജിചാക്കോ രാഷ്ട്രീയത്തിൽ സജീവമാണ്.
റെജി തോമസ് മല്ലപ്പള്ളി ബ്ലോക്കിന്റെ മുൻപ്രസിഡന്റാണ്. നിലവിൽ തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റാണ്. എൻഡിഎ സ്ഥാനാർത്ഥിയായി അനൂപ് ആന്റണിയാകും മത്സരിക്കുക. ഇതിനുള്ള തീരുമാനം നേരത്തേ വന്നിരുന്നു. അതു കൊണ്ടുതന്നെ ഒരു വർഷത്തോളമായി അനൂപ് മണ്ഡലത്തിൽ സജീവമാണ്. കഴിഞ്ഞ തവണ ബിഡിജെഎസ് സ്ഥാനാർത്ഥിയായി അക്കീരമൺ കാളിദാസ ഭട്ടതിരിയാണ് ഇവിടെ മത്സരിച്ചത്. മുപ്പതിനായിരത്തിൽപ്പരം വോട്ടാണ് അദ്ദേഹം നേടിയത്.
ക്രൈസ്തവ സമുദായത്തിൽ നിന്നുള്ള ആളായതിനാൽ അനൂപ് ആന്റണിക്ക് അതിലേറെ വോട്ട് നേടാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്