തിരുവനന്തപുരം; സംസ്ഥാനത്ത് ഏറ്റവും വെറുക്കപ്പെട്ട പാർട്ടി ബിജെപിയെന്ന സർവ്വേ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി പ്രതിനിധി എസ് ശിവശങ്കർ ഇന്നലെ മാതൃഭൂമി ചാനൽ ചർച്ചയിൽ നിന്നും ഇറങ്ങിപ്പോയിരുന്നു. ചാനൽ ബിജെപിയെ അപമാനിച്ചു എന്ന് ആരോപിച്ചായിരുന്നു ശിവശങ്കറിന്റെ നടപടി. അതിനിടെ, വെറുക്കപ്പെട്ട പാർട്ടി എന്നുള്ള പ്രയോഗം ചാനൽ തിരുത്തുന്നതായി ചീഫ് ഓഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണൻ വ്യക്തമാക്കി. അത്തരമൊരു പ്രയോഗം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിച്ചാണ് ചാനൽ തിരുത്ത് നടത്തിയത്. വെറുക്കപ്പെട്ട പാർട്ടി എന്നതിന് പകരം ഏറ്റവും സ്വീകാര്യത കുറഞ്ഞ പാർട്ടി എന്ന് ചർച്ചയിൽ ഉപയോഗിക്കണമെന്നും ഉണ്ണി ബാലകൃഷ്ണൻ അഭ്യർത്ഥിച്ചിരുന്നു.

ഇതിന് പിന്നാലെ ശനിയാഴ്ച വെറുക്കപ്പെട്ട പാർട്ടി ബിജെപിയെന്ന പ്രയോഗത്തിൽ മാതൃഭൂമി ന്യൂസ് ക്ഷമ പറഞ്ഞു. ഉണ്ണി ബാലകൃഷ്ണനാണ് മാപ്പ് പറഞ്ഞത്. വെറുക്കപ്പെട്ട എന്ന പ്രയോഗം ഒഴിവാക്കേണ്ടതായിരുന്നു. ആ ബോധ്യം ഉണ്ടായപ്പോൾ തന്നെ തത്സമയം തിരുത്തുകയും ചെയ്തിരുന്നു. വെറുക്കപ്പെട്ട എന്ന പ്രയോഗം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായി അദ്ദേഹം അറിയിച്ചു .

ഉണ്ണി ബാലകൃഷ്ണൻ പറഞ്ഞത്

മാതൃഭൂമി ന്യൂസും സീ വോട്ടറും ഇന്നലെ നടത്തിയ സർവേയിൽ കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട പാർട്ടിയേത് എന്നൊരു ചോദ്യമുണ്ടായിരുന്നു. വെറുക്കപ്പെട്ട എന്ന പ്രയോഗം ഒഴിവാക്കേണ്ടതായിരുന്നു. ആ ബോധ്യം ഉണ്ടായ നിമിഷം തന്നെ തത്സമയം ഞാനത് തിരുത്തുകയും ചെയ്തു. തീർച്ചയായും അതൊരു ജാഗ്രതക്കുറവ് തന്നെയാണ്. ഈ പ്രയോഗം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അത് എന്റെ ഭാഗത്ത് നിന്നും വന്ന വീഴ്ച ആയതിനാൽ ഞാൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.

സംസ്ഥാനത്ത് ഏറ്റവും വെറുക്കപ്പെട്ട പാർട്ടി എന്ന പ്രയോഗത്തിലൂടെ മാതൃഭൂമി ചാനൽ ബിജെപിയെ അപമാനിച്ചു എന്ന് ആരോപിച്ച് ബിജെപി പ്രതിനിധിയായ എസ് ശിവശങ്കർ ചർച്ച ബഹിഷ്‌ക്കരിക്കുകയായിരുന്നു. ''വെറുക്കപ്പെട്ട പാർട്ടിയെന്ന ആശയമോ പ്രയോഗമോ രീതിയോ ജനാധിപത്യത്തിൽ ഇല്ല എന്നതുകൊണ്ട് ആ ചോദ്യം സർവ്വേയിൽ ഉയർത്തിയ രീതിയേയും അംഗീകരിക്കാനാവില്ല. ബിജെപിയെ അവഹേളിക്കാൻ ശ്രമിച്ച മാതൃഭൂമി ചാനലിൽ ഇരിക്കേണ്ട എന്ന് തന്റെ പാർട്ടിയുടെ തീരുമാനം പാർട്ടി ജനറൽ സെക്രട്ടറി അറിയിച്ചതിനാൽ താൻ പ്രതിഷേധം ശക്തമായി അറിയിച്ച് കൊണ്ട് ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോകുന്നതായി'' ശിവശങ്കർ വ്യക്തമാക്കുകയായിരുന്നു.

താൻ പുറത്ത് കാത്ത് നിൽക്കാമെന്നും ചാനൽ ഇപ്പോൾ തിരുത്തിയ കാര്യം ജോർജ് കുര്യനെ അറിയിച്ച് പാർട്ടിയുടെ തീരുമാനം മാറ്റുകയാണ് എങ്കിൽ തിരിച്ച് ചർച്ചയിൽ പങ്കെടുക്കാമെന്നും ശിവശങ്കർ വ്യക്തമാക്കി. തങ്ങൾക്ക് ഇപ്പോൾ ബിജെപി നേതൃത്വത്തെ ബന്ധപ്പെടാൻ അസൗകര്യമുണ്ടെന്നും താങ്കൾ തന്നെ തിരുത്തിന്റെ കാര്യം ബോധ്യപ്പെടുത്തണം എന്നും അവതാരകനായ വേണു ബാലകൃഷ്ണൻ മറുപടി നൽകി. തുടർന്ന് ബിജെപി പ്രതിനിധി ഇല്ലാതെ മാതൃഭൂമി സർവ്വേ ചർച്ച തുടരുകയായിരുന്നു.

മാതൃഭൂമി ന്യൂസ് അഭിപ്രായ വോട്ടെടുപ്പ് ഫലത്തിലാണ് ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയ പാർട്ടി ബിജെപിയെന്ന് ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്. സർവെയിൽ പങ്കെടുത്ത 34.3 ശതമാനം പേരും ഏറ്റവും വെറുക്കുന്ന പാർട്ടി ബിജെപിയെന്ന് രേഖപ്പെടുത്തി. 11.8 ശതമാനം സിപിഎമ്മിനെ ഏറ്റവും വെറുക്കപ്പെടുന്ന പാർട്ടിയായി തെരഞ്ഞെടുത്തു. മുസ്ലിം ലീഗ് പാർട്ടിയെ 9.1 ശതമാനം പേരും കോൺഗ്രസ് പാർട്ടിയെ 8 ശതമാനം പേരുമാണ് വെറുക്കപ്പെടുന്ന പാർട്ടിയായി തെരഞ്ഞെടുത്തത്. 51 ദിവസം കൊണ്ടാണ് സർവേ പൂർത്തിയാക്കിയത്. 140 മണ്ഡലങ്ങളിൽ നിന്ന് 14,913 പേർ അഭിപ്രായ സർവേയിൽ പങ്കെടുത്തു. 18-85 പ്രായമുള്ളവരാണ് സർവേയിൽ പങ്കെടുത്തത്.

സർവ്വേയിൽ മുഖ്യമന്ത്രിയുടെ പ്രകടനം മികച്ചതെന്ന് കൂടുതൽ പേരും അഭിപ്രായം രേഖപ്പെടുത്തി. 38.10% പേരും മുഖ്യമന്ത്രിയുടെ പ്രകടനം മികച്ചതെന്ന് അഭിപ്രായപ്പെട്ടപ്പോൾ ശരാശരി എന്ന് രേഖപ്പെടുത്തിയത് 37.2 ശതമാനം പേരാണ്. മുഖ്യമന്ത്രിയുടെ പ്രകടനം വളരെ മോശമെന്ന് 24.7 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തി. ഉമ്മൻ ചാണ്ടിയുടെ തിരിച്ചുവരവ് നേട്ടമോ എന്ന ചോദ്യത്തിന് 47.7% നേട്ടമെന്നും 36.3% നേട്ടമല്ല എന്നും 16% പേർ അഭിപ്രായമില്ല എന്നും അഭിപ്രായം രേഖപ്പെടുത്തി.

കിറ്റും പെൻഷനും തിരഞ്ഞെടുപ്പിൽ വലിയ ഗുണം ചെയ്യും എന്ന് കരുതുന്നവരാണ് 53.9 ശതമാനം. ചെറുതായി ഗുണംചെയ്യും എന്ന് 26.2 ശതമാനം പേർ അഭിപ്രായപ്പെടുന്നു. ഗുണം ചെയ്യില്ല എന്ന് 18 ശതമാനം പേരും പറയുന്നു. സർക്കാർ വികസന മോഡലായി ഉയർത്തിക്കാട്ടുന്ന കിഫ്ബി ഗുണം ചെയ്തോ എന്ന ചോദ്യത്തോട് 37.3 ശതമാനം പേർ ഗുണം ചെയ്യും എന്നാണ് പ്രതികരിച്ചത്. ഗുണം ചെയ്യില്ല എന്ന് 37.1 ശതമാനം പേരും പ്രതികരിച്ചു. ഇത് തിരഞ്ഞെടുപ്പിനെ ഒട്ടും ബാധിക്കില്ല എന്ന് 15.4 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. പറയാൻ കഴിയില്ല എന്ന് പ്രതികരിച്ചവരാണ് 10.2 ശതമാനം പേർ.