കോഴിക്കോട്: കാലടി ശ്രീ ശങ്കര സംസ്‌കൃത സർവകലാശാലയുടേയും സർക്കാരിന്റേയും വാദങ്ങളെ പൊളിച്ച് മലയാള വിഭാഗത്തിൽ അസിസ്റ്റൻഡ് പ്രൊഫസർ തസ്തികയിലേയ്ക്കുള്ള നിയമനത്തിൽ ക്രമക്കേട് നടന്നതായി കാണിച്ച് ഇന്റർവ്യൂ ബോർഡിലെ വിഷയ വിദഗ്ദ്ധർ വൈസ് ചാൻസലർക്ക് അയച്ച കത്ത് പുറത്ത്. ഡോ.ടി. പവിത്രൻ, ഡോ. ഉമർ തറമ്മേൽ, ഡോ.കെ.എം. ഭരതൻ. എന്നിവർ ചേർന്ന് എഴുതിയ കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഗുരുതര ആരോപണങ്ങളാണ് കത്തിലുള്ളത്. വിഷയത്തിൽ ചാൻസലർ കൂടിയായ ഗവർണ്ണർ ഇടപെടുമെന്ന് ഉറപ്പാക്കുന്നതാണ് ഈ കത്ത്.

സിപിഎം നേതാവ് എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് അനധികൃതമായി നിയമനം നൽകാൻ റാങ്ക് പട്ടിക അട്ടിമറിച്ചു എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് കത്ത്. അതിനിടെ ജോലിക്കില്ലെന്ന് നിനിത അറിയിച്ചു കഴിഞ്ഞു. വിഷയത്തിൽ കാലടി സർവ്വകലാശാലയിലേക്ക് കെ എസ് യു മാർച്ച് നടത്തി. ഇതിനെ പൊലീസ് നേരിടുകയും ചെയ്തു. അങ്ങനെ പ്രതിഷേധങ്ങൾ ശക്തമാകുമ്പോഴാണ് കത്തും പുറത്തു വരുന്നത്.

ഇപ്പോൾ പ്രസിദ്ധീകരിച്ച പട്ടിക തങ്ങൾ തയ്യാറാക്കിയ റാങ്ക് പട്ടികയ്ക്ക് വിരുദ്ധമാണെന്നും അദ്ധ്യാപന പരിചയമോ കാര്യമായ പ്രസിദ്ധീകരണങ്ങളോ ഇല്ലാത്ത ഒരു ഉദ്യോഗാർഥിക്ക് നിയമനം നൽകാൻ തീരുമാനിച്ചത് തെറ്റായ നടപടിയാണെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. തന്റെ മുന്നിലുള്ള രണ്ടോ അതിലധികമോ മികച്ച ഉദ്യോഗാർഥികളെ മറികടന്നാണ് ഈ ഉദ്യോഗാർഥി പട്ടികയിൽ ഒന്നാമതായത്. സർവകലാശാല അധികാരികൾക്ക് ഇഷ്ടമുള്ളവർക്ക് നിയമനം നൽകാനായിരുന്നെങ്കിൽ വിഷയവിദഗ്ധരുടെ ആവശ്യമില്ലായിരുന്നെന്നും ഈ നടപടി സർവകലാശാലാ എത്തിക്സിന് വിരുദ്ധമാണെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

തങ്ങളെ മുന്നിൽ നിർത്തിയുള്ള ഈ തെറ്റായ നിയമനം തങ്ങളുടെ ധാർമികമായ ഉത്തരവാദിത്വത്തിനുമേൽ കരിനിഴൽ വീഴ്‌ത്തിയതായും സർവകലാശാലയുടെ സൽപ്പേരിനും അന്തസ്സിനും കളങ്കമേൽപ്പിച്ചതായും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. അതുകൊണ്ട് അനധികൃതമായ ഈ നിയമനം മരവിപ്പിച്ച് ഇന്റർവ്യൂ ബോർഡിന്റെ കൂട്ടായ തീരുമാനം നടപ്പിലാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ജനുവരി 31ന് ആണ് കത്ത് നൽകിയിരിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് നിയമന വിവാദം പുറംലോകത്ത് എത്തുന്നത്. റാങ്ക് പട്ടികയെ ശീർഷാസനത്തിൽ മറിച്ചുവെന്നായിരുന്നു ജോ ഉമർ തറമേൽ പരസ്യമായി പ്രതികരിച്ചത്.

കത്തിന്റെ പൂർണരൂപം

മലയാളം അസിസ്റ്റന്റ് അസോസിയേറ്റ് പ്രൊഫസർ ഇന്റർവ്യൂ ബോർഡിൽ വിഷയ വിദഗ്ധരായി പങ്കെടുത്ത അദ്ധ്യാപകർ തയ്യാറാക്കി അയക്കുന്ന കത്ത്.

കാലടി ശ്രീ ശങ്കര സംസ്‌കൃത സർവകലാശാലാ ബഹു. വൈസ് ചാൻസലർക്ക് സർ,

വിവിധ മലയാള അദ്ധ്യാപക തസ്തികകളിൽ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം 21.01.21 ന് കാലടിയിലെ സർവകലാശാലാ ഭരണ വിഭാഗം കാര്യാലയത്തിൽ നടന്നിരുന്നല്ലോ. അതിൽ പങ്കെടുത്ത വിഷയ വിദഗ്ദ്ധർ എന്ന നിലയ്ക്കാണ് ഈ കത്തെഴുതുന്നത്. അഭിമുഖം അവസാനിച്ച ശേഷം വിഷയ വിദഗ്ധരുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ, സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ പരസ്പരം ചർച്ച ചെയ്തും വിലയിരുത്തിയും ഒരു ധാരണയിലെത്തിയ ശേഷമാണ് ഉദ്യോഗാർത്ഥികളെ പട്ടികപ്പെടുത്തി മാർക്ക് നൽകിയത്.

എന്നാൽ, അസി.പ്രൊഫസർ (മുസ്ലിം സംവരണം) തസ്തികയിൽ ഇപ്പോൾ പ്രസിദ്ധീകരിച്ച പട്ടിക ഈ ധാരണയ്ക്ക് വിരുദ്ധമാണെന്ന് അറിയുന്നു. കോളേജ് / സർവകലാശാലാ തലത്തിലുള്ള അദ്ധ്യാപന പരിചയമോ കാര്യമായ പ്രസിദ്ധീകരണങ്ങളോ ഇല്ലാത്ത ഒരു ഉദ്യോഗാർഥി തന്റെ മുന്നിലുള്ള രണ്ടോ അതിലധികമോ മികച്ച ഉദ്യോഗാർഥികളെ മറികടന്ന് ലിസ്റ്റിൽ ഒന്നാമതായി മാറിയതായും കഴിഞ്ഞ സിണ്ടിക്കേറ്റിൽ നിയമനം നടത്താൻ തീരുമാനിച്ചതായും അറിഞ്ഞു. സർവകലാശാല നിയമിച്ച വിഷയ വിദഗ്ദ്ധർ എന്ന നിലയ്ക്ക് ഈ തീരുമാനവും നിയമനവും തെറ്റാണെന്നും സർവകലാശാല എത്തിക്സിനു എതിരാണെന്നും ഞങ്ങൾ ബോധ്യ പ്പെടുത്തട്ടെ. സർവകലാശാല അധികാരികൾക്ക് ഇഷ്ടമുള്ളവർക്ക് നിയമനം നൽകാനായിരുന്നു എങ്കിൽ യു ജി സി ഇക്കാര്യത്തിൽ നിർദ്ദേശിക്കുന്ന വിഷയവിദഗ്ധരുടെ ആവശ്യം, ബോർഡിൽ എന്താണെന്ന് ഞങ്ങക്ക് മനസ്സിലാവുന്നില്ല.ആയതുകൊണ്ട് ഈ നിയമനത്തോട് ശക്തമായ വിയോജിപ്പ് ഞങ്ങൾ രേഖപ്പെടുത്തുന്നു.

ഇരുപതും മുപ്പതും വർഷത്തെ അദ്ധ്യാപന പരിചയം ഉള്ളവരായ അദ്ധ്യാപകർ എന്ന നിലയ്ക്ക് അക്കാദമിക് സമൂഹത്തോടും വിദ്യാർത്ഥി സമൂഹത്തോടും ചില ധാർമികമായ ഉത്തരവാദിത്തങ്ങൾ ഞങ്ങൾക്കുണ്ട്. ഞങ്ങളെ മുന്നിൽ നിർത്തിയുള്ള ഈ തെറ്റായ നിയമനം ഞങ്ങളുടെ ധാർമികമായ ഉത്തരവാദിത്വത്തിനു മേൽ കരിനിഴൽ വീഴ്‌ത്തിയിരിക്കുന്നു, എന്നു മാത്രമല്ല സർവകലാശാലയുടെ സൽപ്പേരിനും അന്തസ്സിനും കളങ്കമേൽപ്പിക്കുകയും ചെയ്തതായും ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.

ആയതിനാൽ, സർവകലാശാല അധികൃതരുടെ ഈ തെറ്റായ നയത്തിൽ ഞങ്ങൾ കടുത്ത പ്രതിഷേധവും വിയോജിപ്പും രേഖപ്പെടുത്തുന്നതോടൊപ്പം അനധികൃതമായ ഈ നിയമനം മരവിപ്പിച്ച് ഇന്റർവ്യൂ ബോർഡിന്റെ കൂട്ടായ തീരുമാനം നടപ്പിലാക്കണമെന്നു ബഹു. വൈസ്ചാൻസലറോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

വിശ്വാസപൂർവ്വം മലയാളം ഇന്റർവ്യൂ ബോർഡിലെ വിഷയ വിദഗ്ദ്ധർ,
ഡോ.ടി.പവിത്രൻ
ഡോ.ഉമർ തറമ്മേൽ
ഡോ.കെ.എം.ഭരതൻ.