- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന സ്പീക്കറുടെ പ്രസ്താവന വേദനയുണ്ടാക്കി; പുറത്തു രാഷ്ട്രീയം പറഞ്ഞാൽ അതിന്റെ മറുപടി സഭയിൽ തിരിച്ചും പറയും; മാതൃകയാക്കേണ്ടത് രാധാകൃഷ്ണനെ; നിലപാട് തിരുത്തിയേ മതിയാകൂ; സഭയിലെ ആദ്യ പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വിമർശിച്ചത് സ്പീക്കറെ; എംബി രാജേഷിന് മറുപടി നൽകി സതീശൻ നൽകുന്നത് രാഷ്ട്രീയ സന്ദേശം
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി എം.ബി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ചർച്ചയാകുന്നത് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഈ സഭയിലെ കന്നി പ്രസംഗം. സഭയ്ക്ക് പുറത്ത് താൻ രാഷ്ട്രീയം പറയുമെന്ന് രാജേഷ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ വാക്കുകൾ വേദനയുണ്ടാക്കിയെന്നും പുറത്ത് രാഷ്ട്രീയം പറഞ്ഞാൽ അകത്ത് തങ്ങൾ മറുപടി പറയുമെന്നും വിഡി സതീശൻ വിശദീകരിച്ചു. സ്പീക്കർ തെരഞ്ഞെടുപ്പിൽ 96 വോട്ടുകൾ എം ബി രാജേഷിന് ലഭിച്ചപ്പോൾ എതിർസ്ഥാനാർത്ഥിയായി മത്സരിച്ച പി.സി വിഷ്ണുനാഥിന് 40 വോട്ട് മാത്രമാണ് ലഭിച്ചത്.
ഭരണപക്ഷത്ത് നിന്ന് മൂന്നും പ്രതിപക്ഷത്ത് നിന്ന് ഒരാളും വോട്ടെടുപ്പിന് എത്തിയിരുന്നില്ല. രാജേഷിനെ വിജയിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചേർന്ന് അദ്ദേഹത്തെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു. അതിന് ശേഷം സ്പീക്കറെ അനുമോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചു. അതിന് ശേഷമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസംഗം. അതിലാണ് സ്പീക്കറുടെ രാഷ്ട്രീയം പറയുമെന്ന നിലപാടിന് സതീശൻ മറുപടി നൽകിയത്. അങ്ങനെ പ്രതിപക്ഷ നേതാവിന്റെ ആദ്യ നിലപാട് പ്രഖ്യാപനം സ്പീക്കർക്കെതിരെയായി. സാധാരണ അത്തരം സംഭവങ്ങൾ സഭയിൽ നടക്കാറില്ല.
സഭയുടെ പൊതു ശബ്ദമാകാൻ പുതിയ സ്പീക്കർ എംബി രാജേഷിന് കഴിയട്ടേയെന്ന് ആശംസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്പീക്കറെ അഭിനന്ദിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്‌തെങ്കിലും സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന രാജേഷിന്റെ നിലപാടിലുള്ള അതൃപ്തി പ്രതിപക്ഷം മറച്ചുവച്ചില്ല. സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയും എന്ന രാജേഷിന്റെ പ്രസ്താവന വേദനിപ്പിച്ചുവെന്നും അത് ഒഴിവാക്കണമെന്നും സതീശൻ അഭിനന്ദന പ്രസംഗത്തിലൂടെ തന്നെ ആവശ്യപ്പെട്ടു. സ്പീക്കർ സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയരുതെന്ന് .സതീശൻ പറയുന്നു. സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാൽ പ്രതിപക്ഷത്തിനു മറുപടിപറയേണ്ടിവരും. രാഷ്ട്രീയം പറയുമെന്ന സ്പീക്കറുടെ പ്രസ്താവന ശരിയല്ലെന്നാണ് പ്രതിപക്ഷ നിലപാട്ു. കെ.രാധാകൃഷ്ണനെ മാതൃകയാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന അങ്ങയുടെ പ്രസ്താവന ഞങ്ങളെ കുറച്ച് വേദനിപ്പിച്ചു, അത്തരമൊരു പ്രസ്താവന കേരളത്തിന്റെ ചരിത്രത്തിൽ സഭാ നാഥനായി നിയോഗിക്കപ്പെട്ട ആരിൽ നിന്നും ഉണ്ടായിട്ടില്ല. പുറത്ത് രാഷ്ട്രീയം പറഞ്ഞാൽ സ്വാഭാവികമായും അതിന് മറുപടി നൽകേണ്ടി വരും. അത് സംഘർഷങ്ങളുണ്ടാക്കും, നിയമസഭയിലെത്തുമ്പോൾ അത് ഒളിച്ച് വയ്ക്കാൻ പ്രതിപക്ഷത്തിനാവില്ല. അത് സഭയുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്തും. - വി ഡി സതീശൻ നിലപാട് വ്യക്തമാക്കി. പന്ത്രണ്ടാം നിയമസഭയുടെ സ്പീക്കറും ഇപ്പോൾ മന്ത്രിയുമായ കെ രാധാകൃഷ്ണന്റെ പ്രവർത്തനവും ശൈലിയും മാതൃകാപരമായിരുന്നുവെന്നും സതീശൻ തന്റെ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. അറിവും അനുഭവവും സമന്വയിച്ച വ്യക്തിത്വത്തിന്റെ ഉടമയാണ് എം.ബി. രാജേഷ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സഭയ്ക്ക് അഭിമാനകരമായ കാര്യമാണിതെന്നും എം.ബി. രാജേഷിനെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യ കാരണങ്ങളാൽ ഇന്നലെ സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാത്ത 3 പേർ വോട്ടു ചെയ്തില്ല. രാവിലെ 9ന് വോട്ടെടുപ്പ് ആരംഭിച്ചു. സഭയ്ക്കുള്ളിൽ സ്പീക്കറുടെ ഇരിപ്പിടത്തിനു പിന്നിലായി സജ്ജീകരിച്ച 2 ബൂത്തുകളിൽ ബാലറ്റിലൂടെയാണ് അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ വോട്ട് രേഖപ്പെടുത്തി.
ഇന്നലെ 53 പുതുമുഖങ്ങൾ അടക്കം 136 പേർ പ്രോട്ടെം സ്പീക്കർ പി.ടി.എ. റഹീം മുൻപാകെ സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. പി.ടി.എ. റഹീം നേരത്തേ ഗവർണർ മുൻപാകെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ആരോഗ്യ കാരണങ്ങളാൽ മന്ത്രി വി.അബ്ദുറഹിമാൻ (താനൂർ), കെ.ബാബു (നെന്മാറ), എം.വിൻസന്റ് (കോവളം) എന്നിവർക്ക് എത്താനായില്ല. ഇവർ ഇനി സ്പീക്കറുടെ ചേംബറിൽ പ്രതിജ്ഞയെടുത്ത് സഭാംഗങ്ങളാകും. രാവിലെ പ്രോടേം സ്പീക്കറുടെ നേതൃത്വത്തിൽ നടന്ന വോട്ടെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്.
നിയമസഭാ സ്പീക്കറായി എം ബി രാജേഷിനെ തെരഞ്ഞെടുത്തതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ അനുമോദന പ്രസംഗം
അറിവും അനുഭവവും സമന്വയിച്ച സവിശേഷ വ്യക്തിത്വത്തിന്റെ ഉടമയാണ് പതിനഞ്ചാം കേരള നിയമസഭയുടെ അദ്ധ്യക്ഷസ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ശ്രീ. എം. ബി. രാജേഷ്.
ആർ ശങ്കരനാരായണൻ തമ്പി മുതൽക്കിങ്ങോട്ടുള്ള സ്പീക്കർമാരുടെ നിരയിൽ പ്രഗത്ഭരുടെ ശ്രദ്ധേയ സാന്നിദ്ധ്യമാണു നാം കാണുന്നത്. എല്ലാ അർത്ഥത്തിലും ആ നിരയ്ക്കു ചേരുന്ന ഒരു വ്യക്തിയെത്തന്നെ പതിനഞ്ചാം സഭയ്ക്കും സ്പീക്കറായി തെരഞ്ഞെടുക്കാൻ കഴിഞ്ഞിരിക്കുന്നു. സഭയെ സംബന്ധിച്ചിടത്തോളം തീർച്ചയായും അഭിമാനകരമായ കാര്യമാണിത്. സ്പീക്കർ സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ട ശ്രീ. എം.ബി. രാജേഷിനെ ഞാൻ സന്തോഷപൂർവ്വം അഭിനന്ദിക്കുന്നു. സഭയുടെ ആഹ്ലാദകരമായ പൊതുമനോഭാവം ആത്മാർത്ഥമായി പങ്കിടുകയും ചെയ്യുന്നു.
ജനാഭിലാഷങ്ങൾ പ്രതിഫലിപ്പിക്കുകയും ജനങ്ങൾക്കും നാടിനും വേണ്ടിയുള്ള നിയമനിർമ്മാണങ്ങളിൽ ഭാഗഭാക്കാവുകയും ചെയ്യുക എന്നതാണ് നിയമസഭാംഗങ്ങളുടെ കടമ. ജനാധിപത്യപരമായ ഈ കടമ അർത്ഥപൂർണമായി നിറവേറ്റാൻകഴിയുന്നതും ഗവൺമെന്റിന്റെ നടപടിക്രമങ്ങൾ കാര്യക്ഷമമായി നിറവേറ്റാൻ കഴിയുന്നതുമായ അന്തരീക്ഷം സഭയിൽ സദാ നിലനിൽക്കേണ്ടതുണ്ട്. ഇതു നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കേണ്ട വലിയ ഉത്തരവാദിത്വം സ്പീക്കറിൽ നിക്ഷിപ്തമാണ്. ഈ ഉത്തരവാദിത്വം എല്ലാ അർത്ഥത്തിലും നിറവേറ്റാൻ പുതിയ നിയമസഭാ സ്പീക്കർക്കു കഴിയട്ടെ.
അദ്ദേഹത്തിന് അതു സാധ്യമാവുന്നതിനുള്ള എല്ലാ സഹകരണവും സഭാനേതാവ് എന്ന നിലയിൽ ഈ പ്രാരംഭഘട്ടത്തിൽത്തന്നെ ഞാൻ വാഗ്ദാനം ചെയ്യുന്നു. സഭാംഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഗവൺമെന്റിന്റെ ഉത്തരവാദിത്വ നിർവഹണ ചുമതലകൾ പരിരക്ഷിക്കുന്നതിനും അങ്ങനെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പുതിയ സ്പീക്കർക്കു കഴിയട്ടെ.
നമ്മുടെ ഭരണഘടന, സ്പീക്കറുടെ മുഖ്യ അധികാരാവകാശങ്ങളെ മാത്രമേ നിർവചിച്ചിട്ടുള്ളു. വിശദമായ കാര്യങ്ങൾ റൂൾസ് ഓഫ് പ്രൊസിജ്വേഴ്സിലാണ് വിശദമാക്കപ്പെടുന്നത്. എന്നാൽ, ഇവയെയെല്ലാം സമഗ്രമായി പ്രതിഫലിപ്പിക്കുന്ന ഒരു വിശേഷണം സഭാനടപടിക്രമങ്ങൾ സംബന്ധിച്ച അധികാരിക ഗ്രന്ഥമെഴുതിയ കൗൾ ആൻഡ് ശക്ധർ ദ്വയത്തിലെ വി. ആർ. ശക്ധർ ഒരിക്കൽ സ്പീക്കർ സ്ഥാനത്തിനു നൽകിയിട്ടുണ്ട്. അത് സഭയുടെ 'collective voice' ആണ് സ്പീക്കർ എന്നതാണ്.
സഭയുടെ കൂട്ടായ, പൊതുവായ ശബ്ദമാണു സ്പീക്കറിലൂടെ മുഴങ്ങിക്കേൾക്കേണ്ടത് എന്നാണ് ശക്ധർ പറഞ്ഞത്. ആ നിലയ്ക്കുള്ള സഭയുടെ പൊതു ശബ്ദമായി മാറാൻ ശ്രീ. എം. ബി. രാജേഷിനും കഴിയട്ടെ എന്ന് ആശംസിക്കുന്നു. ആ വിധത്തിൽ, കൗൾ ആൻഡ് ശക്ധർ വിഭാവനം ചെയ്ത വിധത്തിൽ, പ്രവർത്തിക്കാൻ സ്പീക്കർക്കു കഴിയണമെങ്കിൽ, അതിനനുഗുണമായ സഹകരണം ഭരണ-പ്രതിപക്ഷ അംഗങ്ങളിൽ നിന്ന് അദ്ദേഹത്തിനുണ്ടാവണം. അക്കാര്യം സഭയിലെ ഓരോ അംഗത്തെയും ഓർമ്മിപ്പിക്കാൻ കൂടി ഞാൻ ഈ അവസരം ഉപയോഗിക്കട്ടെ. ആ വിധത്തിലുള്ള സഹകരണം ഉറപ്പാവുമ്പോൾ മാത്രമേ സ്പീക്കർക്ക് സഭയുടെ പരമാധികാരം ഉയർത്തിപ്പിടിക്കാൻ കഴിയൂ.
എം. ബി. രാജേഷ് വിവിധങ്ങളായ തലങ്ങളിൽ പ്രവർത്തിച്ച അനുഭവവും വ്യത്യസ്തങ്ങളായ വിഷയങ്ങൾ പഠിച്ചതിന്റെ അറിവും ഉള്ള വ്യക്തിയാണ്. ഇതു രണ്ടും സ്പീക്കർ എന്ന നിലയിൽ സൂക്ഷ്മമായി കാര്യങ്ങളെ സമീപിക്കാനും വിലയിരുത്താനും അദ്ദേഹത്തെ സഹായിക്കും.
എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയായി സംസ്ഥാന തലത്തിലും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റായി ദേശീയ തലത്തിലും പ്രവർത്തിച്ചതിന്റെ അനുഭവം. വിവിധങ്ങളായ സമര പരമ്പരകൾക്കു നേതൃത്വം നൽകിയതിന്റെ അനുഭവം. പൊലീസ് മർദ്ദനത്തിന്റെ മുതൽ ജയിൽവാസത്തിന്റെ വരെ അനുഭവം. ലോകസഭയിലെ പാർലമെന്ററി പ്രവർത്തനത്തിന്റെ അനുഭവം. പല പാർലമെന്ററി സമിതികളിൽ പ്രവർത്തിച്ചതിന്റെ അനുഭവം. ഇതെല്ലാം എം. ബി. രാജേഷിന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
അതേപോലെയാണ് അറിവിന്റെ കാര്യവും. ധനതത്വശാസ്ത്രത്തിൽ മാസ്റ്റർ ബിരുദവും നിയമത്തിൽ ബിരുദവുമുണ്ട്. പാലക്കാട്ട് അഭിഭാഷകനായി പ്രവർത്തിച്ച് ആർജിച്ച അനുഭവസമ്പത്തുണ്ട്. ജലന്ധറിൽ ജനിച്ച രാജേഷിനു ഹിന്ദിഭാഷ അറിയാം. പാർലമെന്റിൽ രാജേഷ് ഹിന്ദിയിൽ നടത്തിയ പ്രസംഗം ശ്രദ്ധയാർജിച്ചിട്ടുണ്ട്.
ദേശീയ-മലയാളം ചാനലുകളിലെ സംവാദങ്ങളിലൂടെ നമ്മുടെ നാട്ടിലെ ഓരോ വീട്ടിലും എം. ബി. രാജേഷ് ഇന്നു സുപരിചിതനാണ്. ഏത് ഗഹനമായ വിഷയവും ലളിതമായും യുക്തിസഹമായും ആഴത്തിൽ പഠിച്ച് ചർച്ചകളിൽ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് എല്ലാവരാലും പ്രശംസിക്കപ്പെട്ടതാണ്. ശക്തമായി വാദമുഖങ്ങൾ അവതരിപ്പിക്കുമ്പോഴും പ്രതിപക്ഷ ബഹുമാനത്തോടെയും മാന്യതയും പക്വതയും കൈവിടാതെയുമുള്ള അദ്ദേഹത്തിന്റെ സംവാദഭാഷ എതിർപക്ഷത്തുള്ളവരിൽ പോലും മതിപ്പുളവാക്കുന്നു.
ആദ്യ തെരഞ്ഞെടുപ്പു വിജയം സ്‌കൂൾ ലീഡറായിട്ടായിരുന്നു. നിയമ വിദ്യാർത്ഥിയായിരിക്കേ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പാർലിമെന്റിലേക്ക് പാലക്കാട് നിന്ന് ആദ്യ മത്സരത്തിൽ തന്നെ വിജയിച്ചു. രണ്ടാമൂഴത്തിൽ പാലക്കാടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ടു.
പാർലമെന്റിലെ ഇടപെടലുകളിലൂടെ രാജേഷ് രാജ്യമാകെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 2009 മുതൽ വിദേശകാര്യം, ശാസ്ത്ര സാങ്കേതികം, പെട്രോളിയം, ഊർജ്ജകാര്യം, കൃഷി എന്നീ പാർലമെന്ററി സമിതികളിൽ പ്രവർത്തിച്ചിട്ടുണ്ട് രാജേഷ്.
ബ്രിട്ടനിലെ കവന്ററി യൂണിവേഴ്സിറ്റി ബിസിനസ് സ്‌കൂളിന്റെ ക്ഷണപ്രകാരം 2011 ലെ ലീഡർഷിപ്പ് ലക്ചർ സീരീസിൽ പ്രഭാഷണം നടത്താനുള്ള അവസരം രാജേഷിനുണ്ടായിട്ടുണ്ട്. ലണ്ടൻ കിങ്സ് കോളേജും ബ്രിട്ടീഷ് വിദേശകാര്യവകുപ്പും സംയുക്തമായി നടത്തിയ പരിപാടിയിൽ ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എംപിമാരിൽ ഒരാൾ രാജേഷായിരുന്നു.
പരന്ന വായനയുള്ള രാജേഷ് എഴുത്തുകാരൻ, പ്രഭാഷകൻ, പരിഭാഷകൻ എന്നീ നിലകളിലും അംഗീകരിക്കപ്പെടുന്ന വ്യക്തിത്വമാണ്. പൗരത്വ നിയമം സംബന്ധിച്ച അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ദശലക്ഷക്കണക്കിനാളുകളാണ് സമൂഹമാധ്യമങ്ങളിലൂടെ കണ്ടിട്ടുള്ളത്. ഹർകിഷൻ സിങ്ങ് സുർജിത്, ജ്യോതി ബസു, പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി എന്നീ ദേശീയ നേതാക്കളുടെ പ്രസംഗങ്ങളുടെ പരിഭാഷകനായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
2008 ലെ ലോക മത പാർലിമെന്റിന് മുന്നോടിയായി സ്‌കൂൾ ഓഫ് ഭഗവദ്ഗീത സംഘടിപ്പിച്ച ഉച്ചകോടിയിൽ മതവും രാഷ്ട്രീയവും എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്താനും അദ്ദേഹത്തിന് അവസരമുണ്ടായി. രാഷ്ട്രീയത്തിനു പുറമേ സാഹിത്യവും സ്പോർട്സും അദ്ദേഹത്തിന് ഇഷ്ടമേഖലകളാണ്. എം. ടിയുടേയും വി. കെ. എന്നിന്റേയും മറഡോണയുടേയുമൊക്കെ ആരാധകനാണ് രാജേഷ്. ഫെയ്സ് അഹമ്മദ് ഫെയ്സിന്റെ വിഖ്യാത കവിത 'ഹം ദേഖേംഗേ' പൗരത്വ പ്രക്ഷോഭകാലത്ത് മലയാളത്തിലേക്ക് മൊഴിമാറ്റിയത് രാഷ്ട്രീയത്തെ സർഗ്ഗാത്മകമായി കാണുന്നു എന്നതുകൊണ്ടാണ്.
'നിശ്ശബ്ദരായിരിക്കുവാൻ എന്തവകാശം?' എന്നതു മുതൽ 'വിരുദ്ധ ലോകങ്ങൾ' വരെയായി നിരവധി കൃതികൾ വ്യത്യസ്തങ്ങളായ വിഷയങ്ങൾ മുൻനിർത്തി എഴുതിയിട്ടുള്ള വ്യക്തികൂടിയാണ്. ഇങ്ങനെ ബഹുമുഖ വ്യക്തിത്വം എന്നു വിശേഷിപ്പിക്കേണ്ട എം. ബി.രാജേഷിന് ശ്രദ്ധേയമായ നിലയിൽ സഭയെ നയിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ