തിരുവനന്തപുരം: വനിതാ കമ്മീഷൻ അധ്യക്ഷയാണ് എംസി ജോസഫൈൻ. അതിലുപരി സിപിഎമ്മിന്റെ തല മുതിർന്ന വനിതാ നേതാവ്. വിസ്മയയുടെ മരണത്തോടെ സ്ത്രീധന പീഡനങ്ങൾ കേരളത്തിലാകെ ചർച്ചായായി. എല്ലാത്തിനും പരിഹാരം വനിതാ കമ്മീഷനിലുണ്ടെന്ന് സർക്കാരും ഇടതുപക്ഷവും പറയുന്നു. എന്നാൽ അവിടെ വിളിച്ച വീട്ടമ്മയ്ക്ക് നേരിടേണ്ടിവന്നത് അപഹാസ്യമാണ്. അതും വനിതാ കമ്മീഷൻ അധ്യക്ഷയുടെ കൈയിൽ നിന്നും. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുകയാണ്. എന്തിനാണ് ഇങ്ങനൊരു വനിതാ കമ്മീഷൻ എന്ന ചോദ്യമാണ് ഉയരുന്നത്.

യോധികയുടെ പരാതി സംബന്ധിച്ച് ചോദിക്കാൻ വിളിച്ച വ്യക്തിയോട് കയർത്ത് ജോസഫൈൻ. നേരത്തെയും വിവാദത്തിൽ പെട്ടിരുന്നു. 89 വയസുള്ള വയോധികയുടെ പരാതി എന്തിനാണ് വനിതാ കമ്മിഷന് നൽകുന്നതെന്നും പരാതിക്കാരി ആരായാലും വിളിക്കുന്നിടത്ത് ഹിയറിങ്ങിന് എത്തണമെന്ന് എം.സി. ജോസഫൈൻ പറഞ്ഞു. ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവരികയും ചെയ്തു. ഇത് ഏറെ ചർച്ചയായി. അന്നും ജോസഫൈനെതിരെ പൊതു സമൂഹം രംഗത്തെത്തി. എന്നാൽ സർക്കാർ മാത്രം ഒന്നും അറിഞ്ഞില്ല. അതുകൊണ്ട് അവർ ആസ്ഥാനത്ത് തുടരുകയും ചെയ്തു. ഇപ്പോൾ പരാതി പറയാൻ വിളിച്ച യുവതിയേയും അപമാനിച്ചിരിക്കുന്നു.



ഇപ്പോഴത്തെ വീഡിയോയിൽ സൈബർ സഖാക്കൾക്ക് പോലും വനിതാ കമ്മീഷൻ അധ്യക്ഷയെ പ്രതിരോധിക്കാൻ കഴിയുന്നില്ല. ഗാർഹിക പീഡനങ്ങളിൽ പലപ്പോഴും പുറത്തു പറയാൻ പോലും യുവതികൾക്ക് ഭയമാണ്. ഈ സാഹചര്യമാണ് പീഡകരുടെ മുതൽക്കൂട്ട്. ഇതിന് പരിഹാരമുണ്ടാക്കുകയാണ് വനിതാ കമ്മീഷൻ പോലുള്ള ഏജൻസികളുടെ ദൗത്യം. എന്നാൽ ജോസഫൈന് ഈ പരാതികൾ വെറുമൊരു തമാശയാണ്. എല്ലാം കേട്ടിട്ട് അനുഭവിച്ചോളാൻ ഉപദേശിക്കുന്ന വനിതകളുടെ രക്ഷകർത്താവ്. ജോസഫൈനെ ഉടൻ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റണമെന്നതാണ് ഉയരുന്ന ആവശ്യം.

വനിതകളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ഫോൺ ഇൻ പരിപാടിയിലാണ് ദാർഷ്ട്യം തളം കെട്ടുന്നത്. യുവതിയുടെ പരാതി കേൾക്കുമ്പോൾ അസ്വസ്ഥതയോടെ തലയാട്ടുന്ന അധ്യക്ഷ. സമാധാനം പോയി പൊട്ടിത്തെറിച്ച് ബഹളം വച്ചു. അതിന് ശേഷം ദുരിതം പറഞ്ഞപ്പോൾ അനുഭവിച്ചോ എന്നു പറഞ്ഞ് അപമാനിക്കലുമാണ് സംഭവിച്ചത്. ഫോൺ ഇൻ പരിപാടിയിൽ വീട്ടമ്മയെ അപമാനിച്ച വനിതാ കമ്മീഷൻ അധ്യക്ഷയ്‌ക്കെതിരെ പ്രതിഷേധം ശക്തമാണ്. ഇതിലും ഭേദം ഭർത്താവും അമ്മായി അമ്മയും ആണു തള്ളേ എന്ന് ട്രോളി സോഷ്യൽ മീഡിയയും സജീവമാകുന്നു

സോഷ്യൽ മീഡിയിയൽ എത്തിയ വീഡിയോയുടെ ഭാഗങ്ങളിലെ പ്രധാന സംഭാഷണം ചുവടെ

എംസി ജോസഫൈൻ: പേരെന്താ..
യുവതി: ലെബിന..
എംസി ജോസഫൈൻ:എന്താ ലെബിനാ വിശേഷം.. പറയ്......
യുവതി: 2014ലാണ് എന്റെ കല്യാണം കഴിഞ്ഞത്.
എംസി ജോസഫൈൻ: ഐങ് ഹോ....മക്കളുണ്ടോ..... എറണാകുളത്ത് എവിടെയാണ് വീട്. എന്താ ഈ സൗണ്ട് ഉണ്ടാക്കുന്നത്. നിങ്ങള് പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല. കുട്ടികളുണ്ടോ.. കുട്ടികളുണ്ടോ....
യുവതി: ഇല്ലാ
എംസി ജോസഫൈൻ:ഭർത്താവ് ഉപദ്രവിക്കാറുണ്ടോ
യുവതി: ഉണ്ട്
എംസി ജോസഫൈൻ:അമ്മായി അമ്മ ഉപദ്രവിക്കാറുണ്ടോ?
യുവതി: ഉണ്ട്
എംസി ജോസഫൈൻ:അപ്പോൾ നിങ്ങൾ എന്തുകൊണ്ട് പൊലീസിനോട് പറഞ്ഞില്ല
യുവതി: ഞാൻ ആരേയും വിളിച്ചില്ലായിരുന്നു
എംസി ജോസഫൈൻ:എങ്കിൽ പിന്നെ അനുഭവിച്ചോ

ഈ സംഭാഷണത്തിനിടെയാണ് ജോസഫൈന്റെ അസ്വസ്ഥത പ്രകടിപ്പിക്കൽ. സൗണ്ടു വരുന്നതിന് ദേഷ്യപ്പെടുന്നുമുണ്ട്. പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വീഡിയോയാണ്. ഇത് വീഡിയോയിൽ വ്യക്തമാണ്. അപ്പോഴും പുറത്തു വരുന്ന സംഭാഷണ ശകലങ്ങൾ ആരേയും ഞെട്ടിക്കുന്നതാണ്. എന്നാൽ പിന്നെ അനുഭവിച്ചോളാനാണ് ഉപദേശം. ഇത് വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് എങ്ങനെ കഴിഞ്ഞുവെന്ന ചോദ്യമാണ് സോഷ്യൽ മീഡിയിയിൽ ഉയരുന്നത്.



ഇതിന് മുമ്പുള്ള പരാതിയും സോഷ്യൽ മീഡിയ ചർച്ചയാക്കിയിരുന്നു. പത്തനംതിട്ട കോട്ടാങ്ങൽ സ്വദേശി ലക്ഷ്മിക്കുട്ടിഅമ്മയെ മദ്യലഹരിയിൽ അയൽവാസി മർദിച്ച കേസിൽ  പരാതിക്കാരിയുടെ ബന്ധുവായ ഉല്ലാസ് ആണ് അന്ന് വനിത കമ്മീഷൻ അധ്യക്ഷയെ വിളിച്ചത്. പരാതിക്കാരിയോട് അടൂരിൽ വരാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാൽ 89 വയസ്സായ സ്ത്രീ ആയതിനാൽ പറഞ്ഞസ്ഥലത്ത് എത്താൻ ബുദ്ധിമുട്ടുണ്ടെന്നും, എന്തു ചെയ്യണമെന്നാണ് ഉല്ലാസ് വനിതാ കമ്മിഷൻ അധ്യക്ഷയോട് ചോദിച്ചത്.

എന്നാൽ എന്തിനാണ് വനിതാ കമ്മിഷനിൽ പരാതി കൊടുക്കാൻ പോയതെന്നും പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടാൽ പോരേ എന്നുമാണ് വനിതാ കമ്മിഷൻ അധ്യക്ഷ തിരിച്ചുചോദിക്കുന്നത്. '89 വയസ്സുള്ള തള്ളയെക്കൊണ്ട് പരാതി കൊടുപ്പിക്കാൻ ആരാണ് പറഞ്ഞത്. പരാതി കൊടുത്താൽ വിളിപ്പിക്കുന്നിടത്ത് എത്തണം.' എന്ന് വനിതാ കമ്മിഷൻ അധ്യക്ഷ ഉല്ലാസിനോട് കയർക്കുകയായിരുന്നു.



അയൽവാസിയായ ആദർശ് ലക്ഷ്മിക്കുട്ടിയെ മദ്യലഹരിയിൽ മർദിക്കുകയായിരുന്നു. പെരുമ്പട്ടി പൊലീസിൽ പരാതി നൽകിയെങ്കിലും ആരോപണവിധേയനെ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു. തുടർന്നാണ് ബന്ധുക്കൾ വനിതാ കമ്മിഷനിലും മുഖ്യമന്ത്രിക്കും പരാതി നൽകിയത്. ജനുവരി 28-ന് അടൂരിൽ നടക്കുന്ന ഹിയറിങ്ങിന് ഹാജരാവണമെന്നായിരുന്നു വനിതാ കമ്മിഷനിൽ നിന്ന് ലഭിച്ച നോട്ടീസ്. എന്നാൽ പരാതിക്കാരിക്ക് വീട്ടിൽ നിന്ന് 50 കിലോമീറ്ററോളം അകലെയുള്ള സ്ഥലത്ത് എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് അറിയിച്ചാണ് ബന്ധുവായ ഉല്ലാസ് വനിതാ കമ്മീഷൻ അധ്യക്ഷയെ ഫോണിലൂടെ ബന്ധപ്പെട്ടത്.