- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ചേശ്വരം എംഎൽഎ എം.സി ഖമറുദ്ദീനെ അറസ്റ്റ് ചെയ്തു; സാമ്പത്തിക തട്ടിപ്പ് കേസിൽ ഒരു എംഎൽഎ കേരളത്തിൽ അറസ്റ്റിലാവുന്നത് ആദ്യം; അറസ്റ്റ് രേഖപ്പെടുത്തിയത് സ്റ്റേഷനിൽ വിളിച്ചു വരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം; തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പ്രതിസന്ധി സൃഷ്ടിച്ച് മുസ്ലിം ലീഗ് നേതാവിന്റെ അറസ്റ്റ്
കാസർകോട്: മഞ്ചേശ്വരം എംഎൽഎ എം.സി ഖമറുദ്ദീനെ അറസ്റ്റ് ചെയ്തു. ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ ചന്ദേര പൊലീസ് സ്റ്റേഷനിലെ നാല് കേസിലാണ് അറസ്റ്റ്. രാവിലെ മുതലുള്ള ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 420, 34 എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. എംഎൽഎ തട്ടിപ്പ് നടത്തിയതിന് തെളിവുകളുണ്ടെന്ന് ചോദ്യം ചെയ്യലിന് ശേഷം എഎസ്പി വിവേക് കുമാർ പറഞ്ഞു.
ഇന്നു രാവിലെ 10 മണിമുതൽ എംസി കമറുദ്ദീനെ ചോദ്യം ചെയ്ത് വരികയായിരുന്നു. ഫാഷൻ ഗോൾഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 109 വഞ്ചനാ കേസുകളിൽ പ്രതിയാണ് കമറുദ്ദീൻ. കേസിൽ കമറുദ്ദീന്റെ കൂട്ടുപ്രതിയും ഫാഷൻ ഗോൾഡ് എംഡിയുമായ പൂക്കോയ തങ്ങളേയും പൊലീസ് ഇവിടേക്ക് വിളിച്ചു വരുത്തിയിരുന്നു. കമറൂദ്ദിനൊപ്പം ഇദ്ദേഹത്തേയും അറസ്റ്റ് ചെയ്തുവെന്നാണ് സൂചന. ഇതാദ്യമായാണ് സാമ്പത്തിക തട്ടിപ്പ് കേസിൽ ഒരു എംഎൽഎ കേരളത്തിൽ അറസ്റ്റിലാവുന്നത്.
800 ഓളം നിക്ഷേപകരിൽ നിന്നായി 150 കോടിയിലേറെ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. ഉദുമയിലും കാസർകോടും ഉൾപ്പെടെ ഒട്ടേറെ കേസുകൾ ഖമറുദ്ദീനെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെയാണ് അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തത്. പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ് നിക്ഷേപകർ പരാതി നൽകിയത്.
അന്വേഷകസംഘം ഇതിനകം 80 പേരിൽനിന്ന് മൊഴിയെടുത്തിരുന്നു. കഴിഞ്ഞ ദിവസം പൂക്കോയതങ്ങളെയും ലീഗ് നേതൃത്വം മധ്യസ്ഥനായി നിയോഗിച്ച കല്ലട്ര മായിൻഹാജിയെയും ചോദ്യം ചെയ്തിരുന്നു. ഇതിന് തുടർച്ചയെന്നോണമാണ് എംഎൽഎയെയും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം എത്തിയത്. നിക്ഷേപകർക്ക് പണം പറഞ്ഞ സമയത്തിനകം തിരിച്ചുനൽകാൻ എംഎൽഎയ്ക്ക് കഴിയുമെന്ന് കരുതുന്നില്ലെന്ന് പ്രശ്ന പരിഹാരത്തിനായി ലീഗ് നേതൃത്വം നിയോഗിച്ച കല്ലട്ര മായിൻഹാജി നേതൃത്വത്തിനു റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് പ്രശ്നം എംഎൽഎ തന്നെ നേരിടണമെന്ന് ലീഗ് നേതൃത്വം നിലപാടെടുക്കുകയും ചെയ്തിരുന്നു.
നിക്ഷേപകരുടെ പരാതി പരിഹരിക്കാൻ ലീഗ് നിയോഗിച്ച മധ്യസ്ഥൻ കല്ലട്ര മാഹിൻ ഹാജിയെ കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കാസർകോട് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. ജൂവലറിയുടെ ആസ്തികൾ സംബന്ധിച്ച വിവരങ്ങളാണ് ചോദിച്ചറിഞ്ഞത്. നേരത്തെ ജൂവലറി എംഡി പൂക്കോയ തങ്ങളേ 9 മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ജൂവലറിയുടെ നിലവിലെ ആസ്തികൾ സംബന്ധിച്ചും ബാധ്യതകളെ സംബന്ധിച്ചും ഇരുവരുടേയും മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കും.
ജൂവലറി നിക്ഷേപത്തട്ടിപ്പ് കേസുകളിൽ എംസി കമറുദ്ദീൻ എംഎൽഎയെ യുഡിഎഫും പരസ്യമായി തള്ളിപ്പറഞ്ഞിട്ടുണ്ട്. കമറുദ്ദീനെ സംരക്ഷിക്കില്ലെന്നും പൊതുപ്രവർത്തകനെന്ന നിലയിൽ ജാഗ്രത കാണിക്കേണ്ടതായിരുന്നെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു. എംസി കമറുദ്ദീൻറേത് ബിസിനസ് തകർച്ച മാത്രമാണെന്നും വഞ്ചനയല്ലെന്നും ആവർത്തിച്ച് പറഞ്ഞ് കമറുദ്ദീനൊപ്പം യുഡിഎഫ് നേതാക്കളെല്ലാം നേരത്തെ ഉറച്ച് നിന്നിരുന്നു. എന്നാൽ പഴയ നിലപാട് മാറിയെന്ന് വെളിപ്പെടുത്തുന്നതായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. കല്ലട്ര മാഹിൻ ഹാജിയെ മധ്യസ്ഥനാക്കി നിക്ഷേപകരുടെ പണം മടക്കി നൽകാനുള്ള നീക്കം നേരത്തെ മുസ്ലിംലീഗ് നടത്തിയിരുന്നു.
എന്നാൽ നിക്ഷേപകരുടെ പണമെല്ലാം പലവഴിക്ക് ചെലവാക്കുകയും പണം കൊടുത്ത് വാങ്ങിയ ഭൂമി മറിച്ചു വിറ്റുവെന്നും വ്യക്തമായ സാഹചര്യത്തിൽ ഈ നീക്കവും ലീഗ് അവസാനിപ്പിച്ചിരുന്നു. നിർണായക പ്രതിസന്ധിയിൽ യുഡിഎഫും ലീഗും കൈവിട്ടതോടെ കൂടുതൽ പ്രതിരോധത്തിലാകുകയാണ് എംസി കമറുദ്ദീൻ.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കവെ തങ്ങളുടെ ഒരു പ്രമുഖ നേതാവ് തട്ടിപ്പ് കേസിൽ പ്രതിയായി അറസ്റ്റിലായത് യുഡിഎഫിന് വലിയ പ്രതിസന്ധി സൃഷ്ടിക്കും. സാമ്പത്തിക തട്ടിപ്പ് കേസിൽ ഒരു എംഎൽഎ കേരളത്തിൽ അറസ്റ്റിലാവുന്നത് ആദ്യമാണ് എന്നതും സംഭവത്തിന്റെ ഗൗരവം ഉയർത്തുന്നു. തദ്ദേശതെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം എത്തിനിൽക്കുന്ന ഘട്ടത്തിലുണ്ടായ അറസ്റ്റ് യുഡിഎഫിനും മുസ്ലിംലീഗിനും കനത്ത ആഘാതമാണ് സൃഷ്ടിക്കുക. എന്നാൽ കമറൂദ്ദിനെ നേരത്തെ തന്നെ യുഡിഎഫും ലീഗും തള്ളിപ്പറയുകയും ഒരു തരത്തിലും അദ്ദേഹത്തെ സംരക്ഷിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു എന്ന് ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനാകും യുഡിഎഫ് ശ്രമിക്കുക.
തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തിൽ ഇനിയും ഖമറുദ്ദീനെ സംരക്ഷിച്ച് പാർട്ടി പ്രതിരോധത്തിലാകേണ്ടതില്ല എന്നാണ് മുസ്ലിം ലീഗ് പ്രവർത്തക സമിതിയിലും യുഡിഎഫ് ജില്ല യോഗത്തിലും ഉയർന്നിട്ടുള്ള അഭിപ്രായം. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് അന്വേഷണ സംഘം നീങ്ങുന്നതിന് മുമ്പ് തന്നെ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാണ് പാർട്ടിയിലെയും മു്ന്നണിയിലെയും ഭൂരിപക്ഷം അഭിപ്രായം. കബളിപ്പിക്കപ്പെട്ടവരിൽ ഭൂരിഭാഗവും ലീഗ് അണികളാണെന്നത് നേതൃത്വത്തെ അലട്ടുന്നുണ്ട്. എന്നാൽ ബാധ്യതകൾ പാർട്ടി ഏറ്റെടുക്കില്ലെന്നും ഖമറുദ്ദീനും പൂക്കോയ തങ്ങളും വ്യക്തിപരമായി ഏറ്റെടുക്കണമെന്നുമാണ് തീരുമാനം. ഇക്കാര്യം മുസ്ലിം ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി കെപിഎ മജീദ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഫാഷൻഗോൾഡിന്റെയും ഖമറുദ്ദീന്റെയും ആസ്തികൾ വിറ്റാൽപോലും ബാധ്യതകൾ തീർക്കാനാകില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് പാർട്ടി ബാധ്യതകൽ ഏറ്റെടുക്കില്ലെന്ന നിലപാടിലേക്ക് എത്തിയത്.
അതേ സമയം തട്ടിപ്പിന് ഇരയായ മൂന്ന് പേർകൂടി ഇന്നലെ ചന്ദേര പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിട്ടുണ്ട്. ചന്ദേര സ്റ്റേഷനു പുറമെ പയ്യന്നൂർ, കാസർകോട്, തൃശൂർ എന്നിവിടങ്ങളിലും ഈ സംഭവത്തിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 80 പേരിൽ നിന്നും ഇതിനോടകം ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തിട്ടുണ്ട്. പൂക്കോയ തങ്ങളെയും മുസ്ലിം ലീഗ് കാസർകോഡ് ജില്ല ട്രഷറർ മാഹിൻ ഹാജിയെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. മാഹിൻഹാജിയെയാണ് മുസ്ലിം ലീഗ് ഈ കേസിൽ മദ്ധ്യസ്ഥനായി നിയോഗിച്ചിരുന്നത്. മാഹിൻഹാജി അന്വേഷിച്ച് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബാധ്യതകൾ ഏറ്റെടുക്കാനാകില്ലെന്ന് മുസ്ലിം ലീഗ് തീരുമാനമെടുത്തത്. ഖമറുദ്ദീന്റെയും പൂക്കോയ തങ്ങളുടെയും വീടുകളിൽ ഇതിനോടകം ക്രൈംബ്രാഞ്ച് സംഘം പരിശോധനകൾ പൂർത്തിയാക്കി. തെളിവുകൾ ശേഖരിച്ചു കഴിഞ്ഞാൽ അറസ്റ്റ് ഉണ്ടാകുമെന്ന മുൻകൂട്ടലിലാണ് നാളെ പാണക്കാട് അടിയന്തിര പ്രാധാന്യമുള്ള യോഗം ഇന്ന്ചേർന്നിരുന്നു. അറസ്റ്റിന് മുമ്പ് ഖമറുദ്ദീനെ കൊണ്ട് രാജിവെപ്പിച്ച് പാർട്ടിയുടെ മുഖം രക്ഷിക്കാനുള്ള ശ്രമം മുസ്ലിം ലീഗ് നടത്തിയെങ്കിലും ഫലം കണ്ടില്ല.
മറുനാടന് ഡെസ്ക്