- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംഡിഎംഎയുമായി പിടിച്ചത് മൂന്നു പേരെ; അളവ് കുറവായതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു; പ്രതികൾ നൽകിയ വിവരം അനുസരിച്ച് പിടികൂടിയ നാലാമനിൽ നിന്നും കണ്ടെടുത്തത് കഞ്ചാവും ഹാഷിഷ് ഓയിലും; സംഭവം റാന്നിയിൽ
റാന്നി: പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി മൂന്നു യുവാക്കൾ പിടിയിലായി. ഇവരിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ച് കഞ്ചാവും ഹാഷിഷ് ഓയിലുമായി നാലാമനും അറസ്റ്റിലായി. പഴവങ്ങാടി കരികുളം മോതിരവയൽ കക്കുഴിയിൽ ബ്ലെസൻ കുര്യാക്കോസ് (23), മാമുക്ക് കല്ലൂപ്പറമ്പിൽ നോഹിൻ സജു (26), ചേത്തക്കൽ മന്ദമരുതി താമ്രത്ത് വീട്ടിൽ ബെൻ ബിജു എബ്രഹാം (28) എന്നിവരാണ് എംഡിഎം എയുമായി പിടിയിലായത്. അളവിൽ കുറവായിരുന്നതിനാൽ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ഇവരിൽ നിന്ന് കിട്ടിയ വിവരം അനുസരിച്ച് എഴുമറ്റൂർ ചാലാപ്പള്ളി പുല്ലോക്കൽ തടത്തിൽ വീട്ടിൽ സുബിനെ (27) ആണ് മൂന്നു കിലോഗ്രാം കഞ്ചാവും 36 ഗ്രാം ഹാഷിഷ് ഓയിലുമായി അറസ്റ്റ് ചെയ്തത്. ഇയാൾ വാടകയ്ക്ക് താമസിക്കുന്ന അങ്ങാടി പുല്ലൂപ്രം ശ്രീരാഗം വീട്ടിലെ ഷെൽഫിൽ ഷോൾഡർ ബാഗിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ഇവ. ഒമ്പത് ചെറിയ ഡപ്പികളിലായാണ് ഓയിൽ സൂക്ഷിച്ചിരുന്നത്.
കഞ്ചാവിന് 1,51,000 രൂപയും ഹാഷിഷിന് 45000 രൂപയും വിലവരും. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഡിവൈ. എസ്‌പി മാത്യു ജോർജിന്റെ നേതൃത്വത്തിൽ നടത്തിയ സംയുക്ത നീക്കത്തിലാണ് എം.ഡി.എം.എ യുമായി മൂന്ന് പേരെ പിടികൂടിയത്. ഇവർക്ക് ഇത് ലഭിച്ചത് എവിടെ നിന്നാണ് ലഭിച്ചത് എന്നതടക്കമുള്ള വിവരങ്ങൾ അന്വേഷിച്ചു വരികയാണ്. യുവാക്കളിൽ രണ്ടുപേർ ഓടിപ്പോകുകയും പിന്നീട് രാത്രിയോടെ പൊലീസ് ഇൻസ്പെക്ടർ എം.ആർ സുരേഷിന്റെ നേതൃത്വത്തിൽ നടന്ന തെരച്ചിലിൽ പിടികൂടുകയുമായിരുന്നു.
ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഞ്ചാവും ഹാഷിഷും വിൽക്കുന്ന സുബിനെ പിടികൂടാൻ സാധിച്ചത്. എസ്. ഐമാരായ സായി സേനൻ, ഗീവർഗീസ്, ഹരികുമാർ, പൊലീസുദ്യോഗസ്ഥരായ അജി തോമസ്, സുധീഷ്, മണിലാൽ, രതീഷ്, ജോസി, ലിജു, അജി, ലിന്റോ ഉണ്ണികൃഷ്ണൻ, സുഭാഷ് ചന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കഞ്ചാവ് ഉൾപ്പെടെ മയക്കുമരുന്നുകളുടെ കടത്തും വിപണനവും തടയുന്നതിന് കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. റാന്നിയിൽ എം.ഡി.എം.എ പിടിച്ചെടുത്തതിനെ തുടർന്ന്, ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ എല്ലാ പൊലീസുദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയതായി ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ പറഞ്ഞു.
=
മീതൈലെനെഡൈഓക്സി മെതംഫെറ്റാമിൻ എന്ന പേരിൽ അറിയപ്പെടുന്ന എം.ഡി.എം.എ ഒരു സൈക്കോ ആക്ടീവ് മയക്കു മരുന്നാണ്. ജില്ലയിൽ അപൂർവമായി മാത്രം പിടിക്കപ്പെട്ടിട്ടുള്ള ഇത് ഒരു ഉത്തേജകമായി പ്രവർത്തിക്കുന്നതും മനസ്സിനെ മായിക ലോകത്ത് കുറച്ചു മണിക്കൂറുകൾ എത്തിക്കും. വെള്ള നിറത്തിലുള്ള ഈ മയക്കു മരുന്ന് ഉപയോഗിച്ചാൽ 30 മുതൽ 45 മിനുറ്റിനുള്ളിൽ പ്രവർത്തിച്ചു
തുടങ്ങും. മൂന്നു മുതൽ ആറു മണിക്കൂർ വരെ നീണ്ടു നിൽക്കുകയും ചെയ്യും. യുവാക്കളും കുട്ടികളും ഇത്തരം മയക്കുമരുന്നുകളുടെ ഉപയോക്താക്കളോ വാഹകരോ ആകുന്നത് തടയുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ജില്ലയിലെ മയക്കുമരുന്നുകൾക്കെതിരായ നിയമനടപടികൾക്കായി ഡാൻസാഫ് ടീം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്