പന്തളം: ഹോട്ടലിൽ മുറിയെടുത്ത് മാരക മയക്കുമരുന്നായ എംഡിഎംഎ കച്ചവടം ചെയ്യുന്നതിനിടെ യുവതി അടക്കം അഞ്ചംഗ സംഘം ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീമിന്റെ പിടിയിൽ. മണികണ്ഠനാൽത്തറയ്ക്ക് സമീപം റിവർ വോക്ക് ഹോട്ടലിൽ നിന്നും ശനിയാഴ്ച ഉച്ചയോടെയാണ് നാർക്കോട്ടിക് സെൽ ഡിവൈ.എസ്‌പി കെ.എ. വിദ്യാധരന്റെ നേതൃത്വത്തിൽ 154 ഗ്രാം എം.ഡി.എം.എ പിടികൂടിയത്. കേരളത്തിൽ ഇതു വരെ നടന്നതിൽ വച്ച് ഏറ്റവും വലിയ മയക്കു മരുന്ന് വേട്ടയാണിതെന്ന് പൊലീസ് പറഞ്ഞു.

അടൂർ പറക്കോട് ഗോകുലം വീട്ടിൽ മോനായി എന്ന രാഹുൽ (29), കൊല്ലം കുന്നിക്കോട് അസ്മിന മൻസിലിൽ ഷാഹിന (23), പള്ളിക്കൽ പെരിങ്ങനാട് ജലജു വിലാസം ആര്യൻ (21), പന്തളം കുടശനാട് പ്രസന്ന ഭവനം വിധു കൃഷ്ണൻ(20), കൊടുമൺ കൊച്ചുതുണ്ടിൽ സജിൻ (20) എന്നിവരാണ് പിടിയിലായത്. മുറിയിൽ നിന്ന് പായ്ക്കറ്റ് കണക്കിന് കോണ്ടവും വൈബ്രേറ്റർ പോലെയുള്ള ലൈംഗിക ഉപകരണങ്ങളും കണ്ടെടുത്തു.

വെള്ളിയാഴ്ച വൈകിട്ടാണ് ഷാഹിനയെയും കൂട്ടി മോനായി ഇവിടെ മുറിയെടുത്തത്. ഇവിടേക്ക് പുറമേ നിന്ന് ചിലരും എത്തിയിരുന്നു. ജല്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് ടീം പരിശോധന നടത്തിയത്. പിടിയിലായവരെല്ലാം മയക്കുമരുന്നിന്റെ കാരിയർമാരാണ്.

ബംഗളൂരുവിൽ നിന്നാണ് എംഡിഎംഎ എത്തിച്ചത് എന്നാണ് ഇവർ പറഞ്ഞത്. 154 ഗ്രാം കൊമേഴ്സ്യൽ പർപ്പസിന് ഉപയോഗിക്കുന്നതാണ്. 10 ഗ്രാം വരെ കൈവശം വച്ചിരുന്നാൽ ജാമ്യം കിട്ടുന്ന വകുപ്പാണ്.

ചെറിയ ഗ്രാം തൂക്കത്തിൽ നാടിന്റെ പലഭാഗത്തായി മയക്കു മരുന്ന് എത്തിച്ചു നൽകുകയാണ് കാരിയർമാർ ചെയ്യുന്നത്. 10 ഗ്രാമിന്റെ ചെറിയ പൊതികളാക്കിയാൽ പിടികൂടപ്പെട്ടാലും ജാമ്യം കിട്ടും. പന്തളത്തെ ഹോട്ടലിൽ വലിയ അളവിൽ കൊണ്ടു വന്ന ശേഷം പങ്കു വച്ച് വിൽക്കാനായിരുന്നു പദ്ധതി. മയക്കു മരുന്ന് കടത്തുന്നതിൽ സംശയം തോന്നാതിരിക്കാൻ വേണ്ടിയാണ് യുവതിയെ കൂടെ കൂട്ടിയതെന്ന് പറയുന്നു.