കോഴിക്കോട്: മീഡിയ വൺ ചാനലിന് ഏർപ്പെടുത്തിയ സംപ്രേഷണ വിലക്ക് വാർത്തയുടെ പേരിലോ നിയമ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലോ അല്ലെന്നത് ചാനലിന്റെ മുന്നോട്ട് പോക്കിന് പ്രതിസന്ധിയാകുമെന്ന വിലയിരുത്തൽ ശക്തം. ഹൈക്കോടതിയുടെ ഇടപെടൽ അതിനിർണ്ണായകമാണ്. ലൈസൻസ് ഇല്ലാത്ത അവസ്ഥയിലാണ് മീഡിയാ വൺ ഇപ്പോൾ. അതുകൊണ്ട് തന്നെ ഈ വിഷയത്തിലെ ഹൈക്കോടതി തീരുമാനം അതിനിർണ്ണായകമാണ്.

സുരക്ഷാ കാരണം പറഞ്ഞ് സ്ഥാപനത്തിന്റെ ലൈസൻസ് പുതുക്കൽ അപേക്ഷ നിരസിച്ച് ചാനൽ എന്നെന്നേക്കുമായി പൂട്ടികെട്ടുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ലക്ഷ്യമെന്നാണ് ഉയരുന്ന വിലയിരുത്തൽ. സംപ്രേഷണം അടിയന്തിരമായി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട് ഇന്നാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ചാനൽ കമ്പനിക്ക് കത്ത് നൽകുകയായിരുന്നു. ശബരിമല ചെമ്പോല വിവാദത്തിൽ കുടുങ്ങിയ ചാലിനുൾപ്പെടെ ഭാവിയിൽ മീഡിയാ വണ്ണിനെതിരായ ഈ നടപടി പ്രശ്‌നമാകാൻ സാധ്യതയുണ്ട്.

മുഖം മാറ്റത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് മീഡിയാ വണ്ണിനെ തേടി കേന്ദ്ര നീക്കമെത്തുന്നത്. അത്യാധുനിക സംവിധാനങ്ങളുമായി വാർത്ത പ്രക്ഷേപണത്തിൽ തരംഗമാവുകയായിരുന്നു മീഡിയാവൺ. കൊച്ചിയിൽ നിന്നും കോഴിക്കോടു നിന്നും അവതരാകരെ ഒരുമിച്ച് എത്തിക്കുന്ന ഡിജിറ്റൽ വിസ്മയം മീഡിയാ വൺ അവതരിപ്പിച്ചിരുന്നു. ഇതിനൊപ്പം മാതൃൃഭൂമി ന്യൂസിൽ നിന്ന് സ്മൃതി പരുത്തിക്കാടിനെ എത്തിച്ചും വാർത്തകളും വിശകലനങ്ങളും ചർച്ചയാക്കാനും ആഗ്രഹിച്ചു. കേരളത്തിലെ ആദ്യ മൂന്നിലേക്ക് കുതിക്കുകയായിരുന്നു മീഡിയാ വണ്ണിന്റെ ലക്ഷ്യം. ഇതിനിടെയാണ് ലൈസൻസ് പോലും നഷ്ടമാകുന്നത്.

മിഡിയാ വണ്ണിന് ചെയ്ത കുറ്റത്തിന് മാത്രം ശിക്ഷ കൊടുക്കാതെ അതിനെ പൂട്ടിക്കാനുള്ള സാഹചര്യമാണ് കേന്ദ്രം ഒരുക്കിയത്. ഇതിനെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. മാധ്യമം ബ്രോഡ്കാസ്റ്റിങ് കമ്പനി ലിമിറ്റഡിന് 2011 സപ്തംബർ 30നാണ് ചാനൽ ഓപ്പറേറ്റ് ചെയ്യാൻ കേന്ദ്രസർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം അനുമതി നൽകിയിരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറൻസ് പ്രകാരമായിരുന്നു പത്തുവർഷത്തേക്കുള്ള അനുമതി. അതനുസരിച്ച് കമ്പനി 2021 മെയ് മാസം മൂന്നിന് ലൈസൻസ് പുതുക്കാനുള്ള അപേക്ഷ നൽകി.

2021 സപ്തംബർ 30 മുതൽ പത്തുവർഷത്തേക്ക് അതായത് 2031 വരെ പുതുക്കാനുള്ള അപേക്ഷയായിരുന്നു നൽകിയത്. എന്നാൽ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷാ ക്ലിയറൻസ് നൽകാൻ തയ്യാറായില്ലെന്നാണ് ഐ ആൻഡ് ബി മന്ത്രാലയം സ്ഥാപത്തിന് നൽകിയ കത്തിൽ വിശദീകരിച്ചു. അനുമതി റദ്ദു ചെയ്യാതിരിക്കാൻ എന്തെങ്കിലും ന്യായം പറയാനുണ്ടെങ്കിൽ അത് വിശദീകരിക്കാനായി കേന്ദ്രസർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ് ജനുവരി അഞ്ചാം തീയതി കമ്പനിക്ക് നൽകി.

മീഡിയ വൺ കമ്പനി ജനുവരി 19ന് ഈ കത്തിന് മറുപടിയും നൽകി. അനുമതി നിഷേധിക്കാൻ മാത്രമുള്ള എന്ത് സുരക്ഷാകാരണമാണ് കമ്പനിക്കെതിരായുള്ളത് എന്നത് അറിയുന്നില്ലെന്നും അതിനാൽ നീക്കം ഉപേക്ഷിക്കണമെന്നും കമ്പനിയുടെ മറുപടിയിൽ പറഞ്ഞിരുന്നു. ഈ മറുപടിയാണ് തൃപ്തികരമല്ലെന്ന് കണ്ട് ചാനൽ പ്രവർത്തനം തടഞ്ഞത്. സാധാരണ ഡയറക്ടർമാരുടെ വിവരങ്ങൾ നോക്കിയാണ് സുരക്ഷാ അനുമതി ആഭ്യന്തര വകുപ്പ് നൽകാറുള്ളത്. മീഡിയാ വൺ ചാനലിന് വിനയായത് ഇത്തരം എന്തെങ്കിലും പ്രശ്‌നമാണോ എന്ന് പോലും അവർക്ക് അറിയില്ല.

മീഡിയാ വണ്ണിന്റെ മറുപടി പരിശോധിച്ചതായും സുരക്ഷാകാരണങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾക്കനുസൃതമായിട്ടുള്ളതായതിനാൽ അവർ അനുമതി നിഷേധിച്ചിരിക്കയാണെന്നും അതിനാൽ ചാനൽ പ്രവർത്തിപ്പിക്കാൻ അനുവാദമില്ലെന്നും ആണ് മറുപടിക്കത്തിൽ അന്തിമമായി പറഞ്ഞിരിക്കുന്നത്. അതനുസരിച്ച് അടിയന്തിരമായി ചാനൽ സംപ്രേഷണം നിർത്തണമെന്നുമാണ് കത്തിൽ ഐ.ആൻഡ് ബി. മന്ത്രാലയം ആവശ്യപ്പെട്ടത്. അനുമതിയുള്ള ചാനലുകളുടെ പട്ടികയിൽ നിന്നും മീഡിയ വണ്ണിനെ ഒഴിവാക്കിയതായും സർക്കാർ അറിയിച്ചു. ഇതിനെതിരെയാണ് ഹൈക്കോടതിയെ ചാനൽ സമീപിച്ചത്.

കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇതിൽ കേന്ദ്രം എന്ത് മറുപടി നൽകുമെന്നതാണ് നിർണ്ണായകം. അതിന് ശേഷം മാത്രമേ പ്രതിരോധത്തിന് പോലും മീഡിയാ വണ്ണിന് അവസരമുണ്ടാകൂവെന്നാണ് സൂചന. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ ഈ കേസിനെ ഹൈക്കോടതി കണ്ടാൽ അത് ചാനലിന് തുണയാകും.