- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംജി യൂണിവേഴ്സിറ്റി കലോത്സവ വേദിയിൽ എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിലടിച്ചു; തടയാനെത്തിയ പൊലീസുകാരന്റെ മുഖത്ത് കല്ലു കൊണ്ട് അടിയേറ്റു; ഒരു കെഎസ്‌യു പ്രവർത്തകൻ കസ്റ്റഡിയിൽ
പത്തനംതിട്ട: ഇന്നലെ ആരംഭിച്ച എംജി യൂണിവേഴ്സിറ്റി കലോത്സവ വേദിയിൽ മത്സരം നടന്നു കൊണ്ടിരിക്കേ എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിലടിച്ചു. തടയാൻ ശ്രമിച്ച കെഎപി മൂന്നാം ബറ്റാലിയനിലെ പൊലീസുകാരന്റെ മുഖത്ത് കല്ലു കൊണ്ട് അടിയേറ്റു.
ഇന്നലെ രാത്രി 11.45 നാണ് സംഭവം. രണ്ടാം നമ്പർ വേദിയായ റോയൽ ഓഡിറ്റോറിയത്തിൽ സമൂഹഗാന മത്സരം നടക്കുന്നതിനിടെയാണ് ഇരുകൂട്ടരും തമ്മിൽ സംഘർഷം ഉണ്ടായത്. സംഘട്ടനത്തിലേക്ക് നീങ്ങുമെന്നായപ്പോൾ പൊലീസ് ഇടപെട്ടു. ഇതിനിടെയാണ് പൊലീസുകാരന് നേരെ ആക്രമണമുണ്ടായത്. കെഎപി മൂന്നിലെപൊലീസ് ഉദ്യോഗസ്ഥനായ മോഹനകൃഷ്ണന് കീഴ് ചുണ്ടിന് മുറിവേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് രണ്ട് തുന്നൽ ഇടേണ്ടി വന്നു.
പൊലീസ് ഉദ്യോഗസ്ഥനെ കല്ലുകൊണ്ട് ആക്രമിച്ച കെ എസ് യു പ്രവർത്തകനായ ഹാഫിസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഘർഷത്തിൽ ഉൾപ്പെട്ട കെഎസ്‌യു പ്രവർത്തകരായ സാബിത്ത്, റാഫി എന്നിവർക്കായി തെരച്ചിൽ നടക്കുന്നുണ്ട്. ഇന്നലെ വൈകിട്ടാണ് കലോത്സവത്തിന്റെ ഉദ്ഘാടനം നടന്നത്. സിനിമാ താരങ്ങളായ നവ്യ നായർ, ഉണ്ണിമുകുന്ദൻ, സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസി എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്.
തുടർന്ന് പ്രധാന വേദിയായ ജില്ലാ സ്റ്റേഡിയത്തിൽ കേരള നടനവും രണ്ടാം നമ്പർ വേദിയായ റോയൽ ഓഡിറ്റോറിയത്തിൽ സമൂഹ ഗാനവും അരങ്ങേറി. അഞ്ചിനാണ് സമാപനം. 300 കോളജിൽ നിന്നായി പതിനായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന കലോത്സവത്തിന് ഏഴു വേദികളാണുള്ളത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്