- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കണിശതയോടെ മുംബൈ ബൗളർമാർ; പഞ്ചാബിന് തുടക്കത്തിൽ ബാറ്റിങ് തകർച്ച; ചെറുത്തത് മാർക്രമും ഹൂഡയും മാത്രം; മുംബൈയ്ക്ക് 136 റൺസ് വിജയലക്ഷ്യം; മുംബൈയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി
അബുദാബി: ഐ.പി.എല്ലിലെ നിർണായക മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരേ മുംബൈ ഇന്ത്യൻസിന് 136 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുത്തു.
മറുപടി ബാറ്റിങ് ആരംഭിച്ച മുംബൈയ്ക്ക് ഓപ്പണർ രോഹി്ത് ശർമയുടേയും സൂര്യകുമാർ യാദവിന്റെയും വിക്കറ്റുകൾ നഷ്ടമായി. യുവതാരം രവി ബിഷ്ണോയിയാണ് ഇരുവരേയും പുറത്താക്കിയത്.
കണിശതയോടെ പന്തെറിഞ്ഞ മുംബൈ ബൗളർമാർ പഞ്ചാബ് ബാറ്റിങ് നിരയെ വെള്ളം കുടിപ്പിച്ചു. എയ്ഡൻ മാർക്രത്തിന്റെയും ദീപക് ഹൂഡയുടെയും ചെറുത്തുനിൽപ്പാണ് പഞ്ചാബിന് ഭേദപ്പെട്ട സ്കോർ നൽകിയത്.
ടാസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങി 48-4 എന്ന നിലയിലായിരുന്ന പഞ്ചാബ് 20 ഓവറിൽ ആറ് വിക്കറ്റിന് 135 റൺസെടുത്തു. 29 പന്തിൽ 42 റൺസെടുത്ത എയ്ഡൻ മർക്രാമാണ് ടോപ് സ്കോറർ. മുംബൈക്കായി ബുമ്രയും പൊള്ളാർഡും രണ്ട് വീതവും ക്രുനാലും ചഹാറും ഓരോ വിക്കറ്റും നേടി.
ആദ്യ അഞ്ച് ഓവറുകളിൽ കാര്യങ്ങൾ പഞ്ചാബിന്റെ വഴിയെ ആയിരുന്നു. എന്നാൽ ആറാം ഓവറിലെ രണ്ടാം പന്തിൽ മന്ദീപ് സിംഗിനെ(14 പന്തിൽ 15) ക്രുനാൽ പാണ്ഡ്യ എൽബിയിൽ കുടുക്കി. പൊള്ളാർഡിന്റെ തൊട്ടടുത്ത ഓവറിൽ ക്രിസ് ഗെയ്ലും(4 പന്തിൽ 1), കെ എൽ രാഹുലും(22 പന്തിൽ 21) ക്യാച്ചുകളിൽ മടങ്ങി. ബുമ്ര എറിഞ്ഞ എട്ടാം ഓവറിൽ നിക്കോളാസ് പുരാനും(3 പന്തിൽ 2) വീണു.
എയ്ഡൻ മർക്രാമും ദീപക് ഹൂഡയും ചേർന്നുള്ള രക്ഷാപ്രവർത്തനമാണ് പഞ്ചാബിനെ നൂറ് കടത്താൻ സഹായിച്ചത്. 61 റൺസ് കൂട്ടുകെട്ടുമായി ഇരുവരും പഞ്ചാബിനെ കരയ്ക്കെത്തിച്ചു. 29 പന്തിൽ 42 റൺസെടുത്ത മർക്രാമാണ് ആദ്യം പുറത്തായത്. രാഹുൽ ചഹാറിനായിരുന്നു വിക്കറ്റ്. 26 പന്തിൽ 28 റൺസെടുത്ത ഹൂഡ ബുമ്രയുടെ 19-ാം ഓവറിൽ പുറത്തായി. എന്നാൽ ഹർപ്രീത് ബ്രാറും(6*), നേഥൻ എല്ലിസും(14*) പുറത്താവാതെ നിന്നു. അവസാന ഓവറുകളിൽ ബുമ്രയും കോൾട്ടർ നൈലും കൂറ്റനടികൾക്ക് പഞ്ചാബിനെ അനുവദിച്ചില്ല.
ടോസ് നേടിയ മുബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായാണ് മുംബൈ ഇറങ്ങിയത്. ഇഷാൻ കിഷന് പകരം സൗരഭ് തിവാരിയും ആദം മിൽനെയ്ക്ക് പകരം നേഥൻ കോൾട്ടർ നൈലും ഇലവനിലെത്തി. പഞ്ചാബിൽ പരിക്കിലുള്ള ഓപ്പണർ മായങ്ക് അഗർവാളിന് പകരം മന്ദീപ് സിങ് ഇടംപിടിച്ചു.
സ്പോർട്സ് ഡെസ്ക്