കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അടക്കം പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പു കേസിൽ വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് എസ്‌പി ജെ. ഹേമചന്ദ്രൻ ജൂലൈ 15 ന് വിശദവിവരങ്ങൾ അടങ്ങിയ കേസ് ഡയറിയുമായി നേരിട്ടു ഹാജരാകണമെന്ന് ജസ്റ്റിസ് കെ. ബാബു ഉത്തരവിട്ടു.

പരാതിക്കാരന്റെ ആശങ്കൾ ദൂരീകരിക്കാനുതകുന്നതല്ല റിപ്പോർട്ടെന്ന് കോടതി നിരീക്ഷിച്ചു. 207 സാക്ഷികളെ ചോദ്യം ചെയ്യുകയും 127 രേഖകൾ പിടിച്ചെടുക്കുകയും ചെയ്തുവെന്ന് വിജിലൻസ് അറിയിച്ച കാര്യം കോടതിക്ക് ബോധ്യമായി. എന്നാൽ അന്വേഷണ രീതി, പുരോഗതി, ഇനി ചോദ്യം ചെയ്യാനുള്ളവർ, അന്വേഷണം എന്ന് പൂർത്തിയാകും ഈ വക കാര്യങ്ങളിലൊന്നും വ്യക്തതയില്ലെന്നും കോടതി നിരീക്ഷിച്ചു.

പിന്നാക്ക സമുദായ വികസന കോർപ്പറേഷനിൽ നിന്ന് 15 കോടി 85 ലക്ഷം രൂപ എസ്.എൻ.ഡി.പി യോഗത്തിലെ അംഗങ്ങൾ രൂപീകരിക്കുന്ന എസ്.എച്ച്ജികൾക്ക് പരമാവധി 4 % പലിശയക്ക് അവരുടെ സംരംഭങ്ങൾക്ക് ആയി നൽകുവാൻ കൊടുത്തത് വ്യാജരേഖകൾ ചമച്ച് തട്ടിയെടുത്തതു യൂണിയനുകളിലെ തന്റെ വിശ്വസ്തർക്ക് 18 % വരെ പലിശയക്ക് നൽകിയതും ഉൾപ്പെടെ അന്വേഷിക്കുന്നതിൽ വിജിലൻസ് നടപടി സ്വീകരിക്കാതെ വന്നതോടെയാണ് പരാതിക്കാർ 2016 ൽ ഹൈക്കോടതിയിൽ ഹർജി നൽകിയത്.

എട്ടു മാസത്തിനുള്ളിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയെ വച്ച് അന്വേഷണം പൂർത്തിയാക്കുവാൻ 2018 ഏപ്രിൽ 11 ന് ഹൈക്കോടതി ഉത്തരവിട്ടു. അതനുസരിച്ച് ഏപ്രിൽ 28 ന് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം രുപീകരിച്ചു. അന്വേഷണം അട്ടിമറിക്കപ്പെടുമെന്നായപ്പോൾ അന്തരിച്ച കെ.കെ. മഹേശന്റെ അനന്തിരവൻ, എം.എസ്. അനിലിനെ കക്ഷി ചേർത്ത് എസ്.എൻ.ഡി.പി സംരക്ഷണ സമിതി അഡ്വ: ഡി. അനിൽ വഴി ഈ കേസിൽ അന്വേഷണം നടക്കുന്നില്ലെന്നും കോടതി യുടെ മേൽ നോട്ടത്തിൽ, സത്യസന്ധരായ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ എത്രയും വേഗം അന്വേഷണം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു.

ഈ കേസിൽ നാളിതുവരെ നടന്ന അന്വേഷണം സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കുവാൻ, ഹൈക്കോടതി നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ റിപ്പോർട്ടിൽ വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള പ്രതികളുടെ അറിവോടെയാണ്, തട്ടിപ്പ് നടന്നിട്ടുള്ളത് എന്ന്, അന്വേഷണത്തിൽ തെളിഞ്ഞതായി വ്യക്തമാക്കിയിരുന്നു. 52298 പേർക്കായി 2775 എസ്.എച്ച്.ജികൾക്ക് ലോൺ കൊടുത്തു എന്നാണ് വെള്ളാപ്പള്ളി പറയുന്നത്. എന്നാൽ ഒരേ എസ്.എച്ച്.ജികളുടെ പേരിൽ പല സ്ഥലത്ത് വായ്പ കൊടുത്തതായി വ്യക്തമാണ്.

ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ കുറ്റങ്ങൾ കൂടാതെ ബ്ളേഡ് പലിശക്ക് പണം കൊടുക്കുന്ന കുറ്റം ഉൾപ്പെടെ എല്ലാ തട്ടിപ്പും പ്രതികളുടെ അറിവോടെ നടത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. പത്തനംതിട്ട, ചേർത്തല, കോട്ടയം, വയനാട്, തിരുവമ്പാടി, ഹൈറേഞ്ച്, മാനന്തവാടി ,തിരൂർ,തുടങ്ങിയ യൂണിയനുകളിൽ, നിരവധി തട്ടിപ്പ് നടന്നതായി റിപ്പോർട്ടിൽ ഉണ്ട്. വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ പ്രതികൾ കുറ്റക്യത്യം ചെയ്തതായി പറയുന്നറിപ്പോർട്ടിൽ പ്രതികളെഒരു ചോദ്യം പോലും ചോദിച്ച് ഒരു വാക്ക് എങ്കിലും, എഴുതിയെടുത്തതായി പറയുന്നില്ല. ഇക്കാര്യം മനസിലാക്കിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്.