- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർ ബിന്ദുവിന്റെ കത്ത് പ്രോ ചാൻസലർ എന്ന നിലയിൽ തന്റെ അധികാരമെന്ന വിധത്തിൽ; സേർച്ച് കമ്മിറ്റിയും സർക്കാർ താൽപ്പര്യത്തിൽ നോക്കു കുത്തിയായി; കണ്ണൂർ വി സി നിയമനം കോടതി കയറിയിരിക്കെ മന്ത്രിയുടെ കത്തും കുരുക്കാകും; രാജി ആവശ്യം പ്രതിപക്ഷം ശക്തമാക്കുമ്പോഴും മന്ത്രി മൗനത്തിൽ; ഡോ. ഗോപിനാഥ് രവീന്ദ്രന് വേണ്ടി വാശി പിടിച്ചത് വിവാദ നിയമനങ്ങൾ മറയ്ക്കാനോ?
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാൻ ഗവർണർക്ക് ശിപാർശ നൽകിയ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം. മന്ത്രി നടത്തിയത് അധികാര ദുർവിനിയോഗമാണെന്ന ആരോപണമാണ് ശക്തമായിരിക്കുന്നത്. പുതിയ വിസിയെ നിയമിക്കാൻ വേണ്ടയുള്ള സേർച്ച് കമ്മിറ്റിയെയും നോക്കു കുത്തിയാക്കി കൊണ്ടാണ് നിലവിലെ വിസിക്ക് വീണ്ടും അവസരം നല്കിയത്. ഇത് അടിമുടി ചട്ടങ്ങൾ ലംഘിച്ചു കൊണ്ടുള്ളതാണ്.
സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം കണ്ണൂർ യൂണിവേഴ്സ്റ്റി അവരുടെ പാർട്ടി യൂണവേഴ്സിറ്റി പോലെയാണ്. അവിടത്തെ നിയമിക്കപ്പെട്ടത് അടക്കം സഖാക്കളാണ് കൂടുതലും. പ്രമുഖ സിപിഎം നേതാക്കളുടെ ഭാര്യമാരുടെ നിയമനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നതിന് പിന്നാലെയാണ് ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർ നീയമനം നൽകിയത് എന്നതും ശ്രദ്ധേയമാണ്. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ പ്രോ ചാൻസലർ എന്ന നിലയിൽ എന്റെ അവകാശമാണ് ഇതെന്ന് ചൂണ്ടിക്കാട്ടി കൊണ്ടാണ് മന്ത്രി ഗവർണർക്ക് കത്തു നൽകിയിരിക്കുന്നത്.
കണ്ണൂർ സർവകലാശാലയിൽ പുതിയ വിസിയെ കണ്ടെത്താനായി മൂന്നംഗ പാനലിന് സർക്കാർ രൂപം നൽകിയിരുന്നു. അതനുസരിച്ചുള്ള പ്രവർത്തനവും തുടങ്ങിയിരുന്നു. കണ്ണൂർ വിസി ഒഴിയുന്നതിന്റെ തലേന്നാണ് കമ്മിറ്റി അംഗങ്ങൾക്ക് ഗവർണറുടെ ഓഫിസിൽ നിന്ന് കമ്മിറ്റി പിരിച്ചുവിട്ടതായി സന്ദേശം ലഭിച്ചത്. തുടർന്ന് നിലവിലുള്ള വിസിയുടെ കാലാവധി നീട്ടുകയും ചെയ്തു. രായ്ക്കുരാമാനമാണ് ഇതെല്ലാം നടന്നത്.സേർച്ച് കമ്മിറ്റി ചേർന്ന് യോഗ്യരായ 3 പേരെ ഗവർണർക്ക് ശുപാർശ ചെയ്യുകയാണ് വേണ്ടിയിരുന്നത്.
കമ്മിറ്റിയിൽ യുജിസി പ്രതിനിധിയും അംഗമാണ്. കമ്മിറ്റി നൽകുന്ന മൂന്നംഗ പാനലിൽ സർക്കാർ 'പറഞ്ഞാൽ കേൾക്കാത്ത' അംഗവും ഉൾപ്പെട്ടേക്കാം. മുൻപ് ആരോഗ്യസർവകലാശാല വൈസ് ചാൻസലറായി ഡോ. മോഹനൻ കുന്നുമ്മലിനെ ഗവർണർ നിയമിച്ചതിൽ സർക്കാരിന് അതൃപ്തിയുണ്ടായിരുന്നു. 3 അംഗ പാനലിൽ നിന്ന് മറ്റൊരാളെ നിയമിക്കാനാണ് സർക്കാർ ശുപാർശ ചെയ്തത്. എന്നാൽ ഗവർണർ അതിനു വഴങ്ങിയില്ല.
കണ്ണൂരിലും 3 പേരുടെ പട്ടിക നൽകിയാൽ തങ്ങൾ പറയുന്നയാളിനെ ഗവർണർ നിയമിക്കും എന്ന് ഉറപ്പില്ല. അങ്ങനെ വന്നാൽ യൂണിവേഴ്സിറ്റി ഭരണം തങ്ങളുടെ പിടിയിൽ നിന്നേക്കില്ല എന്ന ഭയമാണ് സർക്കാരിനുണ്ടായത്. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അടുത്തിടെ നടന്ന ചില അദ്ധ്യാപക നിയമനങ്ങൾ വിവാദമായ അവസ്ഥയിൽ പ്രത്യേകിച്ചും. ഇതാണ് തിടുക്കപ്പെട്ട് നിലവിലുള്ള വിസിയെ തന്നെ പുനർനിയമിച്ചത് എന്നാണ് ആരോപണം. അതേസമയം കാലാവധി നീട്ടുകയല്ല, പുനർ നിയമിക്കുകയാണ് ചെയ്തത് എന്നതിലാണ് ഗവർണർ തെറ്റുകണ്ടത്. താൻ ആ തെറ്റിനു കൂട്ടുനിന്നു എന്നാണ് ഗവർണർക്ക് പിന്നീട് ബോധ്യപ്പെട്ടത്.
പുതിയ വി സിയെ കണ്ടെത്താൻ നിയോഗിച്ച സെർച്ച് കമ്മിറ്റി പിരിച്ചുവിടണമെന്നും വി സിയെ നിയമിക്കാനുള്ള വിജ്ഞാപനം റദ്ദാക്കണമെന്നും മന്ത്രി ചാൻസലറായ ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. കത്തിന്റെ പകർപ്പ് പുറത്തുവന്നതോടെ ഉന്നത വിദ്യാഭ്യാസമന്ത്രിയും സർക്കാറും പ്രതിരോധത്തിലായി. മന്ത്രി പ്രോ ചാൻസലർ എന്ന നിലയിൽ ഇല്ലാത്ത അധികാരമുപയോഗിച്ചാണ് കത്ത് നൽകിയതെന്ന കടുത്ത വിമർശനം ഉയർന്നിട്ടുണ്ട്. പ്രതിപക്ഷം മന്ത്രിയുടെ രാജിക്കായി മുറവിളി ശക്തമാക്കി. ലോകായുക്തയെ സമീപിക്കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. മന്ത്രി ആർ. ബിന്ദു ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
സർവകലാശാലകളിലെ അനാരോഗ്യ പ്രവണതകൾ സംബന്ധിച്ച് സർക്കാറും ഗവർണറും കൊമ്പുകോർക്കുന്നതിനിടെയാണ് വിവാദം പുതിയ തലത്തിലെത്തിയത്. കണ്ണൂർ വി സിയുടെ കാര്യത്തിൽ തനിക്കുമേൽ കടുത്ത സമ്മർദമുണ്ടായിരുന്നെന്നും ചട്ടലംഘനത്തിന് കൂട്ടുനിൽക്കേണ്ടിവന്നെന്നും ഗവർണർ വെളിപ്പെടുത്തിയിരുന്നു. പ്രോ ചാൻസലർ എന്ന നിലക്കാണ് മന്ത്രി ഗവർണർക്ക് പുനർനിയമന ശിപാർശ നൽകിയത്.
കണ്ണൂർ വി സി നിയമനം കോടതി കയറിയിരിക്കെ മന്ത്രിയുടെ കത്തും കുരുക്കാകും എന്നത് ഉറപ്പാണ്. സംസ്ഥാനത്ത് വി സി നിയമനത്തിൽ കേട്ടുകേൾവിയില്ലാത്ത നടപടിയാണ് മന്ത്രി കൈക്കൊണ്ടത്. കണ്ണൂർ വി സി നിയമനത്തിൽ നവംബർ 22ന് രണ്ട് കത്തുകളാണ് മന്ത്രി ഗവർണർക്ക് നൽകിയത്. 401/2021 നമ്പർ കത്തിൽ വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് രണ്ടാമൂഴം നൽകി പുനർനിയമിക്കണമെന്ന് ആവശ്യപ്പെടുന്നു. ഒക്ടോബർ 27ന് വി സിയെ കണ്ടെത്താനായി സെർച്ച് കമ്മിറ്റിയെ നിയോഗിക്കാൻ ഇറക്കിയ വിജ്ഞാപനവും നവംബർ ഒന്നിന് പുതിയ വൈസ് ചാൻസലർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിജ്ഞാപനവും റദ്ദാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഡോ. ഗോപിനാഥ് രവീന്ദ്രനെ വാനോളം പുകഴ്ത്തുന്ന കത്തിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാജ്യത്തെ പ്രധാന സർവകലാശാലകളിലൊന്നാകാൻ കണ്ണൂരിന് കഴിഞ്ഞെന്നും അതിനാൽ വി സി സ്ഥാനത്ത് ഒരു തവണകൂടി അവസരം നൽകണമെന്നും അത് സർവകലാശാലക്ക് വലിയ നേട്ടമാകുമെന്നും പറയുന്നു. വി സിയുടെ മികവുകൾ മന്ത്രി എണ്ണിപ്പറഞ്ഞിട്ടുണ്ട്. സർവകലാശാല നിയമത്തിൽ പുനർനിയമനത്തിന് കഴിയുമെന്നും വയസ്സ് നിയന്ത്രണമില്ലെന്നും മന്ത്രി വിശദീകരിച്ചു.
406/2021ാം നമ്പറിലുള്ള കത്തിൽ കണ്ണൂർ വി സിക്കായി അപേക്ഷ ക്ഷണിച്ച് ഇറക്കിയ വിജ്ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നു. പ്രോ ചാൻസലർ എന്ന നിലയിൽ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പേര് താൻ നിർദ്ദേശിക്കുന്നത് പരിഗണിക്കണമെന്നും നവംബർ 24 മുതൽ അദ്ദേഹത്തെ വി സിയായി പുനർനിയമിക്കണമെന്നുമാണ് ആവശ്യം.
ചാൻസലർക്ക് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാലാണ് സാധാരണ പ്രോ ചാൻസലർക്ക് പ്രവർത്തിക്കാനാകുക. മാത്രമല്ല ഉന്നതവിഭ്യാഭ്യാസ സെക്രട്ടിയാണ് ഗവർണർക്ക് കത്ത് നൽകേണ്ടത്. മന്ത്രി നേരിട്ടാണ് ഈ കത്ത് എഴുതിയത്. സെർച്ച് കമ്മിറ്റി വഴി ഡോ. ഗോപിനാഥ് രവീന്ദ്രന് കടന്നുവരാൻ സാധ്യത തീരെ ഉണ്ടായിരുന്നില്ല. മന്ത്രിക്കെതിരെ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും അടക്കം ആരോപണങ്ങൾ പ്രതിപക്ഷം ഉന്നയിച്ചു.
ലോകായുക്തയെ സമീപിക്കുമെന്ന് ചെന്നിത്തല
കണ്ണൂർ വി സി നിയമനത്തിൽ ഇടപെട്ട മന്ത്രി ആർ. ബിന്ദുവിനെതിരെ ലോകായുക്തയെ സമീപിക്കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. മന്ത്രി സത്യപ്രതിജ്ഞ ലംഘനവും അഴിമതിയും സ്വജനപക്ഷപാതിത്വവും നടത്തി. ഒരാളെ വി സിയായി നിയമിക്കാൻ ആവശ്യപ്പെടാൻ മന്ത്രിക്ക് എന്തധികാരമാണുള്ളതെന്നും ചെന്നിത്തല വാർത്തസമ്മേളനത്തിൽ ചോദിച്ചു.
മന്ത്രിയുടെ അഴിമതിയും സ്വജനപക്ഷപാതിത്വവുമാണ് ഇത് വ്യക്തമാക്കുന്നത്. കത്തെഴുതിയ നവംബർ 22ന് തന്നെ സെർച്ച് കമ്മിറ്റി റദ്ദാക്കി ഗസറ്റഡ് വിജ്ഞാപനമിറക്കി. ഗുരുതരമായ പ്രശ്നമാണ്. പ്രോ-ചാൻസലർ എന്ന നിലക്ക് കത്തെഴുതാൻ പാടില്ല. മന്ത്രിക്ക് തുടരാൻ അധികാരമില്ല. മന്ത്രി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി ആർ.ബിന്ദു രാജിവയ്ക്കണം: വി ഡി സതീശൻ
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ചട്ടവിരുദ്ധമായി വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ച ആർ. ബിന്ദു അടിയന്തിരമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സ്വജനപക്ഷപാതത്തിലൂടെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രിയും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
പ്രോ ചാൻസലർ എന്ന നിലയിൽ വി സി നിയമനം തന്റെ അവകാശമാണെന്നാണ് ഗവർണർക്ക് അയച്ച കത്തിൽ മന്ത്രി പറയുന്നത്. വിസിയെ കണ്ടെത്താനായി നിയോഗിച്ച സേർച്ച് കമ്മിറ്റിയെ നോക്കുകുത്തിയാക്കിയാണ് മന്ത്രി പുനർ നിയമനത്തിന് ചരടുവലി നടത്തിയത്. സിപിഎം നേതാക്കളുടെ ബന്ധുക്കൾക്ക് പിൻവാതിൽ നിയമനം നൽകിയതിന് കൂട്ടുനിന്നതിനുള്ള ഉപകാരസ്മരണയാണോ മുൻ വി സിയുടെ പുനർ നിയമനമെന്നു സംശയിക്കേണ്ടിയിരിക്കുന്നു. സർവകലാശാലകളെ എ.കെ.ജി സെന്ററിന്റെ ഡിപ്പാർട്ട്മെന്റുകളാക്കാൻ അനുവദിക്കില്ല.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും വി ഡി സതീശൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ