തിരുവനന്തപുരം: ന്യൂനപക്ഷക്ഷേമ പദ്ധതി വിതരണത്തിന് നിശ്ചയിച്ച 80: 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി നിയമപോരാട്ടത്തിലേക്ക് നീങ്ങുകയാണ്. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കി. ന്യൂനപക്ഷ സ്‌കോളർഷിപ്പിൽ 100 ശതമാനവും മുസ്ലിങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ലീഗ് പറയുന്നു. പദ്ധതിയിൽ 20 ശതമാനം പിന്നോക്ക ക്രൈസ്തവ വിഭാഗങ്ങൾക്ക് നൽകുന്നത് പിന്നീടെടുത്ത തീരുമാനമാണ്.

ന്യൂനപക്ഷ സ്‌കോളർഷിപ്പുകളുടെ 80 ശതമാനം അവകാശം എങ്ങനെയാണ് മുസ്ലിങ്ങൾക്ക് ലഭിക്കുന്നതെന്ന ചോദ്യം അന്നു മുതൽ ദുരാരോപണമാണ്. ഈ പദ്ധതി ആർക്ക് വേണ്ടിയാണെന്ന് പഠിക്കാതെയാണ് വിധി വന്നത്. സർക്കാരും വിധിക്കെതിരെ അപ്പീൽ നൽകണമെന്ന് മുസ്ലിം ലീഗ് എംപി ഇടി മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു. പദ്ധതി വിതരണത്തിന് 80: 20 എന്ന അനുപാതം കൊണ്ടുവന്നത് യുഡിഎഫ് അല്ലെന്ന് രേഖകൾ പരിശോധിച്ചാൽ മനസിലാകുമെന്ന് ഇടി മുഹമ്മദ് ബഷീർ പറഞ്ഞു. അനുപാതം കൊണ്ടുവന്നത് പാലൊളി മന്ത്രിയായിരിക്കുമ്പോഴാണെന്ന് തെളിയിക്കാൻ ലീഗ് തയ്യാറാണെന്നും ഇടി പറഞ്ഞു. അനുപാതം കൊണ്ടുവന്നത് യുഡിഎഫ് ഭരണകാലത്താണെന്ന പാലൊളിയുടെ വാദത്തെ പൂർണ്ണമായി തള്ളിക്കൊണ്ടാണ് മുസ്ലിം ലീഗ് പ്രതികരണവുമായി രംഗത്തെത്തിയത്.

ക്രിസ്ത്യൻ വിഭാഗങ്ങൾ ജനസംഖ്യയിൽ ന്യൂനപക്ഷമാണെങ്കിലും വിദ്യാഭ്യാസപരമായി അവരെ ന്യൂനപക്ഷമായി കണക്കാക്കാനാകില്ലെന്നാണ് ഇടി പറയുന്നത്. സച്ചാർ കമ്മിറ്റി നൂറു ശതമാനം മുസ്ലീങ്ങൾക്കുവേണ്ടിയുള്ള പദ്ധതിയാണെന്നും ക്രൈസ്തവരെ പിന്നീട് ചേർത്തതാണെന്നും ഇ ടി പറയുന്നു. മുസ്ലീങ്ങൾ സാമൂഹ്യപരമായും പിന്നോക്കാവസ്ഥയിലാണ്. 20 ശതമാനത്തിൽ ക്രിസ്ത്യാനികളെ കൂടി ഉൾപ്പെടുത്തിയത് മുസ്ലിം ലീഗിന്റെ അനുമതിയോടെയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വിധിക്കെതിരെ ഐഎൻഎൽ അടക്കമുള്ള സംഘടനകൾ

വിധിക്കെതിരെ ഐഎൻഎൽ അടക്കമുള്ള സംഘടനകൾ രംഗത്തു വന്നിട്ടുണ്ട്. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് ഐഎൻഎൽ പറഞ്ഞത്.പാർട്ടി കൂടിയാലോചിച്ചശേഷം വിഷയം എൽഡിഎഫിൽ ഉന്നയിക്കുമെന്നും സർക്കാരിനോട് അപ്പീൽ നൽകാൻ ആവശ്യപ്പെടുമെന്നും ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ കാസർകോഡ് പറഞ്ഞു.

വിധി ദൗർഭാഗ്യകരമാണെന്നും അപ്പീൽ പോവണമെന്നും കേരള മുസ്ലിം ജമാ അത്ത് സെക്രട്ടറിയേറ്റ് കോഴിക്കോട് പ്രതികരിച്ചു. വിധിയുടെ പശ്ചാത്തലത്തിൽ സമസ്ത ഇകെ വിഭാഗത്തിന്റെ സംവരണ സംരക്ഷണ സമിതി ഓൺലൈനിൽ യോഗം ചേർന്നു. വിധി അനീതിയാണെന്നും പൊതുസമൂഹത്തിൽ ചിലർ തെറ്റിദ്ധാരണയുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പ്രതികരിച്ചു.

വിധി നിരാശാജനകമെന്ന് കാന്തപുരം

ന്യൂനപക്ഷ സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി വേദനയും നിരാശയും ഉണ്ടാക്കുന്നതാണെന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാർ. ഹൈക്കോടതി വിധിക്കെതിരേ സർക്കാർ അപ്പീൽ പോവണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ പിന്നോക്കാവസ്ഥയാണ് ഉദ്യോഗസ്ഥ പ്രാതിനിധ്യത്തിൽ മുസ്ലിം പ്രാതിനിധ്യം കുറയാൻ കാരണം. ഹൈക്കോടതി റദ്ദാക്കിയ സ്‌കോളർഷിപ്പിന്റെ ലക്ഷ്യം മുസ്ലിം പിന്നോക്കാവസ്ഥ പരിഹരിക്കലാണ്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് സ്‌കോളർഷിപ്പിനെ റദ്ദാക്കി കൂടായെന്നും കാന്തപുരം പറഞ്ഞു.

സ്വാഗതം ചെയ്ത് ക്രൈസ്തവ സംഘടനകൾ

ക്രൈസ്തവ സംഘടനകൾ വിധിയെ സ്വാഗതം ചെയ്തു. എല്ലാ ന്യൂനപക്ഷങ്ങൾക്കും അർഹമായ പരിഗണന ലഭിക്കാൻ വിധി സഹായിക്കുമെന്ന് കെസിബിസിയും കേരള കൗൺസിൽ ഓഫ് ചർച്ചസും പറഞ്ഞു. വിധി ഏതെങ്കിലും സമുദായത്തിന് എതിരല്ലെന്നും പദ്ധതികൾ വിഭാവനം ചെയ്തതിലെ പിഴവ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയെന്നും കെസിബിസി വക്താവ് പറഞ്ഞു. ജനസംഖ്യാ അനുപാതത്തിലായിരിക്കണം ക്ഷേമപദ്ധതികൾ വിതരണം ചെയ്യേണ്ടെന്ന ഹൈക്കോടതി നിരീക്ഷണവും സ്വാഗതാർഹമാണ്. ഇത് നീതിയുടെ വിജയമാണെന്നും ന്യൂനപക്ഷ ക്ഷേമത്തിലെ പക്ഷപാത നിലപാടുകൾ തിരുത്താൻ വിധി സഹായിക്കുമെന്നും കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രതികരിച്ചു.

വിധിയെ അനുകൂലിച്ച് കേരള കോൺഗ്രസ് പാർട്ടികൾ

ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് കേരള കോൺഗ്രസ് നേതാവ് പിജെ ജോസഫ് രംഗത്തെത്തി. ന്യായമായ വിധി നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണമെന്നും ജോസഫ് ആവശ്യപ്പെട്ടു. ഓരോ സമുദായങ്ങൾ പറയുന്നതുപോലെയല്ല കാര്യങ്ങൾ നടപ്പിലാക്കേണ്ടത്. എല്ലാ കാര്യങ്ങളും പരിശോധിച്ചാണ് ഹൈക്കോടതി വിധി പറഞ്ഞത്. പിന്നോക്കാവസ്ഥയെക്കുറിച്ചുള്ള കൂടുതൽ പഠനങ്ങൾ പിന്നീടാകാകാമെന്നും ജോസഫ് കൂട്ടിച്ചേർത്തു.അതേസമയം അർഹരായവർക്കെല്ലാം സ്‌കോളർഷിപ്പ് ലഭിക്കാൻ വിധി സഹായിക്കുമെന്ന് കേരള കോൺഗ്രസ് എം ചെയർമാർ ജോസ് കെ മാണി പറഞ്ഞു.

സർക്കാർ തിരക്കിട്ട് തീരുമാനമെടുക്കില്ല

ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട് തിരക്കിട്ട് തീരുമാനം എടുക്കേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ ഇപ്പോഴുള്ളത്. ഹൈക്കോടതി വിധി പഠിച്ചശേഷം നിയമവകുപ്പ് ഉടൻ സർക്കാരിന് റിപ്പോർട്ട് നൽകും.