- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ ഉടക്കി കാന്തപുരവും; മലബാറിൽ ന്യൂനപക്ഷങ്ങളിൽ വേരുറപ്പിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്ന് സിപിഎമ്മിന് ആശങ്ക; സ്വാധീനമുറപ്പിക്കാൻ മറുതന്ത്രം; ചുക്കാൻ പിടിക്കുന്നത് കെ ടി ജലീൽ; മുഖ്യധാര റീഡേഴ്സ് ഫോറം രൂപീകരിച്ച് പ്രവർത്തിക്കാൻ തീരുമാനം
കണ്ണൂർ: ന്യൂനപക്ഷ സ്കോർഷിപ്പ്് പദ്ധതിയിൽ മാറ്റം വരുത്താനുള്ള പിണറായി സർക്കാരിന്റെ നീക്കത്തിനെതിരെ കൂടുതൽ മുസ്ലിം സംഘടനകൾ രംഗത്ത്. സമസ്തയ്ക്കു പുറകെ എപ്പോഴും സി.പി. എമ്മിനോട് ചേർന്നു നിന്ന കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്ന എ.പി സുന്നിവിഭാഗവും രംഗത്തു വന്നതോടെ രണ്ടാം പിണറായി സർക്കാർ വെട്ടിലായിരിക്കുകയാണ്. മലബാറിൽ ന്യൂനപക്ഷങ്ങളിൽ വേരുറപ്പിക്കാൻ ശ്രമിക്കുന്ന സി.പി. എമ്മിന് കടുത്ത തിരിച്ചടിയായിരിക്കുകയാണ് പുതിയ വിവാദങ്ങൾ. വിഷയം രാഷ്ട്രീയപരമായി ഉയർത്തിക്കൊണ്ടുവരാൻ മുസ്ലിം ലീഗ് നടത്തുന്ന ശ്രമങ്ങൾ സി.പി. എമ്മിനും പിണറായി സർക്കാരിനും തലവേദനയായിട്ടുണ്ട്.
ന്യൂനപക്ഷ സ്കോളർഷിപ്പ് പദ്ധതിയിൽ മാറ്റം കൊണ്ടുവരാനുള്ള സർക്കാരിന്റെ നീക്കം മുസ്ലിം സമുദായത്തിന്റെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നാണ് എ.പി വിഭാഗത്തിന്റെ രാഷ്ട്രീയ സംഘടനയായ കേരള മുസ്ലിം ജമാ അത്ത് പരസ്യമായി കുറ്റപ്പെടുത്തിയത്.സ്കോളർഷിപ്പ് ജനസംഖ്യാനുപാതികമായി വിതരണം ചെയ്യാനുള്ള സർക്കാരിന്റെ നീക്കം എന്തടിസ്ഥാനത്തിലാണെന്ന് വ്യകതമാവുന്നില്ലെന്ന് സംഘടനാ നേതാക്കൾ തുറന്നടിച്ചു. മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ ചൂണ്ടിക്കാണിച്ച് നേരത്തെയുണ്ടാക്കിയ സച്ചാർ, പാലോളി കമ്മിഷൻ റിപ്പോർട്ടുകളെ അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കേരള മുസ്ലിം ജമാ അത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്രാഹിമൂൽഖലീൽ അൽബുഹാരി ആരോപിച്ചു.
ഹൈക്കോടതിയുടെ വിധിയുടെ പേര് പറഞ്ഞ് ഈ വിഷയത്തിൽ കൈക്കഴുകാൻ സർക്കാരിന് കഴിയില്ല. കോടതിയിൽ നിന്നും തെറ്റായ വിധികളുണ്ടാവുമ്പോൾ അതിനെതിരെ നിയമസഭയിൽ നിയമനിർമ്മാണം നടത്തുകയോ അപ്പീലിന് പോവുകയോ ചെയ്യേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന മുസ്ലിം സമുദായത്തിലെ കുട്ടികൾക്ക് അവരുടെ അവകാശങ്ങൾ വകവൈച്ചുകൊടുക്കാൻ സർക്കാർ തയ്യാറകണം. നേരത്തെയുണ്ടായ രണ്ട് കമ്മിഷൻ റിപ്പോർട്ടുകളും ഇതിനായി നടപ്പിലാക്കുകയാണ് വേണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ ന്യൂനപക്ഷ സ്കോളർഷിപ്പ്ഹൈക്കോടതി വിധി നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കുന്നതിനെതിരെ സമസ്ത, വെൽഫെയർ പാർട്ടി, എസ്. ഡി. പി. ഐ എന്നീ സംഘടനകളും രംഗത്തുവന്നിരുന്നു. മുസ്ലിം ലീഗ് ഈ വിഷയം രാഷ്ട്രീയപരമായി ആളിക്കത്തിക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ ഈ വിഷയം മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടെയിൽ തങ്ങളുടെ അടിത്തറ ഇളക്കുന്നതാണെന്ന തിരിച്ചറിവ് സി.പി. എം സംസ്ഥാന നേതൃത്വത്തിനുണ്ട്. അതു കൊണ്ടു തന്നെ ന്യൂനപക്ഷങ്ങളെ കൂടെ നിർത്താൻ പുതിയ തന്ത്രങ്ങൾ ആവിഷ്കരിച്ചു വരികയാണ് പാർട്ടി.
മുന്മന്ത്രി കെ.ടി ജലീലിനാണ് ഈ വിഷയം കൈക്കാര്യം ചെയ്യുന്നതിനായി പാർട്ടി ചുമതല നൽകിയിരിക്കുന്നത്. ഇതോടൊപ്പം ന്യൂനപക്ഷ സമുദായങ്ങൾക്കിടെയിൽ പാർട്ടി പ്ലാറ്റ് ഫോം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായി നിലകൊള്ളുന്നുവെന്ന ബോധവത്കരണം നടത്തുന്നതിനായി ജലീലിനെ മുൻനിർത്തി മുഖ്യധാര റീഡേഴ്സ് ഫോറം രൂപീകരിച്ച് പ്രവർത്തിക്കാനാണ് സി. പി. എം തീരുമാനം.
2012ൽ സിപിഎമ്മിന്റെ ആശിർവാദത്തോടെ മുഖ്യധാര ത്രൈമാസിക സി.പി. എം പ്രസിദ്ധീകരിച്ചിരുന്നു.കെ.ടി ജലീലായിരുന്നു പത്രാധിപർ. അന്ന് സി.പി. എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനാണ് മാസികയുടെ പ്രകാശനം നിർവഹിച്ചത്. എന്നാൽ ജലീൽ മന്ത്രിയായതോടെ ഇതിന്റെ പ്രസിദ്ധീകരണം നിലയ്ക്കുകയായിരുന്നു. ഇപ്പോൾ മുഖ്യധാര പുനരുജ്ജീവിപ്പിക്കാനുള്ള സി. പി. എം തീരുമാനം താഴെത്തട്ടിൽ വരെ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. മതവിശ്വാസികളിലേക്ക് നേരിട്ട് കടന്നുചെല്ലാനുള്ള വേദിയായിട്ടാണ് ഫോറത്തെ വിലയിരുത്തുക.
ജലീലിനെ കൂടാതെ ജനപ്രതിനിധികളായ പി.ടി. എ റഹീം, വി. അബ്ദുൽ റഹ്മാൻ, പി.വി അൻവർ എന്നിവരുടെ സേവനവും സംഘടന ഉപയോഗിക്കും. റീഡേഴ്സ് ഫോറത്തിന് സംസ്ഥാന-ജില്ലാതല ഫോറങ്ങൾ രൂപീകരിക്കാനാണ് സി.പി. എം ഒരുങ്ങുന്നത്. ഫോറത്തെ മലബാറിലെ സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിൽ ശക്തമാക്കി പൊതുസ്വീകാര്യത കൈവരിക്കാനാണ് ഫോറം തയ്യാറെടുക്കുന്നത്. മുസ്ലിം ലീഗ്, കോൺഗ്രസ്, എസ്. ഡി. പി. ഐ, വെൽ ഫെയർ പാർട്ടി എന്നിവയിലെ അതൃപ്തരായ പ്രവർത്തകരെയും നേതാക്കളെയും സംഘടനയുമായി സഹകരിപ്പിക്കാനും നീക്കം നടത്തുന്നുണ്ട്.