കോഴിക്കോട്: ന്യൂനപക്ഷ സ്‌കോളർഷിപ് വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ തുടർ വിമർശനവുമായി കാന്തപുരം വിഭാഗം. സ്‌കോളർഷിപ്പ് വിഷയത്തിൽ സർക്കാറിന് തെറ്റുപറ്റിയെന്ന് ആവർത്തിക്കുകയാണ് കാന്തപുരം വിഭാഗം. ഇക്കാര്യത്തിലെ തീരുമാനം ധൃതി പിടിച്ചതായിപ്പോയെന്ന് മർക്കസ് നോളജ് സിറ്റി ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി വ്യക്തമാക്കുന്നത്. കോടതി വിധിക്കെതിരെ അപ്പീൽ പോകാത്തത് പിഴവായി. സർക്കാരിന്റെ വാദങ്ങൾ കോടതിയെ ബോധ്യപ്പെടുത്താനായില്ല. ആശങ്ക മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടുകണ്ട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'വിഷയത്തിൽ സർക്കാർ അപ്പീലിനു പോകണമെന്നു സർവകക്ഷി യോഗത്തിൽ ഒരാൾ പോലും അഭിപ്രായപ്പെട്ടില്ല എന്നാണ് അവർതന്നെ പറയുന്നത്. ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനു മുൻപു സമുദായ സംഘടനകളോടു കൂടി ആലോചിക്കാമായിരുന്നു. അടുത്ത ദിവസംതന്നെ സർക്കാരുമായി കൂടിയാലോചന നടത്താൻ തീരുമാനിച്ചിട്ടുണ്ട്' അദ്ദേഹം പറഞ്ഞു.

അതേസമയം വിധിക്കെതിരെ അപ്പീൽ നൽകണണെന്ന ആവശ്യം മന്ത്രിസഭ തന്നെ തള്ളുകയാണ് ഉണ്ടായത്. ഈ വിഷയത്തിൽ മന്ത്രിസഭയുടെ പരിഗണനക്കെത്തിയത് കോടതി ഉത്തരവിൽ പുനഃപരിശോധന ഹരജി ഉൾപ്പെടെ മൂന്ന് നിർദേശങ്ങളായിരുന്നു. ഇതിൽ മന്ത്രിസഭ അംഗീകരിച്ചത് സ്‌കോളർഷിപ്പിന്റെ അനുപാതം 80:20 ൽനിന്ന് മാറ്റി ജനസംഖ്യാനുപാതികമാക്കാനുള്ള നിർദേശവും. കഴിഞ്ഞ വർഷം ഓരോ സമുദായത്തിലുള്ള വിദ്യാർത്ഥികൾക്കും ലഭിച്ച സ്‌കോളർഷിപ്പുകളും തുകയും നിലനിർത്താനുള്ള നിർദേശമടങ്ങിയ അനുപാത മാറ്റ നിർദ്ദേശം മന്ത്രിസഭ അംഗീകരിച്ചപ്പോൾ മറ്റ് രണ്ട് നിർദേശങ്ങളും തള്ളുകയായിരുന്നു.

സച്ചാർ, പാലോളി കമ്മിറ്റി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മുസ്‌ലിം വിദ്യാർത്ഥികൾക്ക് മാത്രമായി അനുവദിച്ച സ്‌കോളർഷിപ് ജനസംഖ്യാനുപാതികമാക്കാനുള്ള ഹൈക്കോടതി വിധിക്കെതിരെ പുനഃപരിശോധന/ അപ്പീൽ ഹരജി സമർപ്പിക്കണമെന്നതായിരുന്നു പ്രശ്‌നം പരിശോധിക്കാൻ സർക്കാർ നിയോഗിച്ച നാലംഗ സമിതിയുടെ ശിപാർശകളിലൊന്ന്. മന്ത്രിസഭ അംഗീകരിച്ച ശിപാർശക്ക് പുറമെ, യോഗ്യരായ മുഴുവൻ അപേക്ഷകർക്കും സ്‌കോളർഷിപ് നൽകാനുള്ള മറ്റൊരു നിർദ്ദേശംകൂടി മന്ത്രിസഭയുടെ പരിഗണനക്ക് സമർപ്പിച്ചിരുന്നു. യോഗ്യരായ അപേക്ഷകർക്ക് മുഴുവൻ സ്‌കോളർഷിപ് നൽകാനുള്ള നിർദ്ദേശം വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും പ്രയോഗികമല്ലെന്നുമുള്ള അഭിപ്രായമാണ് സർക്കാർതലത്തിൽ ഉയർന്നത്.

ക്രിസ്ത്യൻ സഭകളുടെയും സംഘടനകളുടെയും അറിവോടെ ഹൈക്കോടതിയിൽ വന്ന കേസിലെ വിധിക്കെതിരെ പുനഃപരിശോധന ഹരജി നൽകുന്നതിലെ രാഷ്ട്രീയ അപകടം തിരിച്ചറിഞ്ഞാണ് നാലംഗ സമിതിയുടെ നിർദേശങ്ങളിലൊന്ന് സർക്കാർ തള്ളിയത്. കേസിൽ അപ്പീൽ സാധ്യതയില്ലെന്ന നിയമോപദേശം സർക്കാർ ലഭ്യമാക്കിയതായും സൂചനയുണ്ട്. ഇതുകൂടി മുൻനിർത്തിയാണ് മുസ്‌ലിം സംഘടനകൾ ഉന്നയിച്ച അപ്പീൽ/പുനഃപരിശോധന ഹരജി പരിഗണിക്കാതിരുന്നത്. ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത ക്രിസ്ത്യൻ സഭകളും സംഘടനകളും വിധി നടപ്പാക്കണമെന്ന് ആവശ്യമുയർത്തുകയും ചെയ്തിരുന്നു. ഈ സാഹച്യത്തിൽ പുനഃപരിശോധന/ അപ്പീൽ ഹരജി ക്രിസ്ത്യൻ സമുദായത്തിൽ സർക്കാറിനെതിരായ വികാരമുയർത്താൻ ഇടയാക്കുമെന്നുമുള്ള വിലയിരുത്തലിലാണ് നിർദ്ദേശം തള്ളിയത്.

കേസിൽ വിധി പറഞ്ഞ ബെഞ്ചിൽതന്നെ പുനഃപരിശോധന ഹരജിക്ക് സാധ്യതയുണ്ടെന്ന് നിയമവിദഗ്ദ്ധർ ഉൾപ്പെടെ ചൂണ്ടിക്കാട്ടുമ്പോഴാണ് സർക്കാർ നിയോഗിച്ച സമിതിയുടെ ഇതുസംബന്ധിച്ച നിർദ്ദേശം മന്ത്രിസഭ പരിഗണിക്കാതിരുന്നത്. കഴിഞ്ഞവർഷം നൽകിയ സ്‌കോളർഷിപ്പുകളുടെ എണ്ണവും തുകയും മുസ്‌ലിം വിദ്യാർത്ഥികൾക്ക് നഷ്ടപ്പെടാതെ ജനസംഖ്യാനുപാതികമായി സ്‌കോളർഷിപ് വീതംവെക്കുമ്പോൾ അധികംവരുന്ന സാമ്പത്തിക ബാധ്യതകൂടി പരിശോധിച്ചാണ് ഈ തീരുമാനം നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്.