പത്തനംതിട്ട: സ്വകാര്യ ആശുപത്രിയിലെ ലിഫ്ടിനുള്ളിൽ കുടുങ്ങി തലകീഴായി വീണ വീട്ടമ്മയുടേത് അത്ഭുതകരമായ രക്ഷപ്പെടൽ. ലിഫ്ടിന്റെ വിടവിനും ഭിത്തിയിലെ ബീമിനും ഇടയിലായി ഒരു മണിക്കൂറിലധികം കുടുങ്ങിക്കിടന്ന വയോധികയ്ക്ക് കാലൊടിയുകയും കൈക്ക് പരുക്കേൽക്കുകയും മാത്രമാണുണ്ടായത്.

സെന്റ് പീറ്റേഴ്സ് ജങ്ഷനിലെ സബിത ഐ കെയർ ആശുപത്രിയുടെ ലിഫ്ടിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ചിറ്റാർ വയ്യാറ്റുപുഴ വള്ളിപ്പറമ്പിൽ മറിയാമ്മ തോമസ് (65) കുടുങ്ങിയത്. മൂന്നാം നിലയിൽ നിന്ന് ഒന്നാം നിലയിലേക്ക് വന്നിറങ്ങുമ്പോഴായിരുന്നു അപകടം. പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുമ്പോൾ ലിഫ്ടിനും ഭിത്തിക്കും ഇടയിലുള്ള വിടവിൽ കാൽ കുടുങ്ങുകയായിരുന്നു.

ഇതിനിടെ ആരോ മുകളിൽ നിന്ന് ലിഫ്ട് വരാനുള്ള ബട്ടൺ ഞെക്കി. കുടുങ്ങി കിടന്ന മറിയാമ്മയുമായി ലിഫ്ട് രണ്ടാമത്തെ നിലയിൽ എത്തിയപ്പോൾ താനേ പ്രവർത്തനം നിലച്ചതാണ് തുണയായത്. ലിഫ്ടിനും ഭിത്തിക്കും ഇടയിലുള്ള ബീമിൽ തല കീഴായി കുടുങ്ങി കിടന്ന വയോധികയെ ഓടിയെത്തിയ ഓട്ടോ ഡ്രൈവർ താങ്ങിപ്പിടിച്ചു. ഇതിനിടെ ലിഫ്ടിലേക്കുള്ള വൈദ്യുതി ബന്ധവും വിഛേദിച്ചു.

സ്ഥലത്ത് പാഞ്ഞെത്തിയ അഗ്‌നിശമന സേനാംഗങ്ങൾ ഹൈഡ്രോളിക് സ്പ്രെഡർ ഉപയോഗിച്ച് ലിഫ്ട്, ബീമിൽ നിന്നും അകത്തിയാണ് മറിയാമ്മയെ പുറത്തെടുത്തത്. രക്ഷാപ്രവർത്തനം ഏറെ ദുഷ്‌കരമായിരുന്നുവെന്ന് അഗ്‌നിശമന സേനാംഗങ്ങൾ പറഞ്ഞു. മറിയാമ്മയുടെ കാലൊടിയുകയും കൈകൾക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റ മറിയാമ്മ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.

ജില്ലാ ഫയർ ഓഫീസർ പ്രതാപചന്ദ്രൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അജിത് കുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്) അരുൺ കുമാർ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ദിലു, ഷൈൻ, അനീഷ്, രഞ്ജിത്ത്, ശ്രീജു, അലക്സ്, ഡേവിഡ്, അസിം അലി എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.