കൊച്ചി: കായലിൽ മരിച്ച നിലയിൽ കാണപ്പെട്ട സി.എ. വിദ്യാർത്ഥിനി മിഷേൽ ഷാജിയുടെ മരണം ആത്മഹത്യയാണെന്നും ആത്മഹത്യക്ക് കാരണം സുഹൃത്ത് ക്രോണിന്റെ നിരന്തരമായ ഭീഷണിമൂലമുള്ള മാനസിക സമ്മർദ്ദമാണെന്നും മുഖ്യമന്ത്രി നിയസഭയിൽ പറഞ്ഞു. അനൂപ് ജേക്കബ് എംഎ‍ൽഎയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇക്കാര്യം സഭയിൽ പറഞ്ഞത്. എന്നാൽ മിഷേലിന്റെ മരണം ആത്മഹത്യയല്ല, കൊലപാതകമെന്നുതന്നെ ഉറച്ചു നിൽക്കുകയാണ് മാതാപിതാക്കളും കർമസമിതിയും. പൊലീസ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ കാലതാമസമെടുക്കുന്നത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് അറിയാവുന്നതിനാലാണെന്നും പിറവത്തെ പ്രമുഖ ചലച്ചിത്രതാരത്തിന്റെ മകനെ സംരക്ഷിക്കാനുള്ള ശ്രമമാണെന്നും കുടുംബം ആരോപിക്കുന്നു. മിഷേലിന്റെ മരണത്തിന് പിന്നാലെ താരവും കുടുംബവും അമേരിക്കയിലേക്ക് പോയതും ഏറെ ദുരൂഹതയുളവാക്കുന്നതായും അവർ മറുനാടനോട് പറഞ്ഞു.

2017 ൽ നടന്ന മരണം ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കൊലപാതകമാണെന്നതിന് യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല. ഇതു വരെയുള്ള അന്വേഷണത്തിൽ മിഷേലിന്റെ സുഹൃത്ത് ക്രോണിന്റെ നിരന്തരമായ വഴക്കും, ഭീഷണിയും മൂലമുള്ള മാനസിക പീഡനത്താൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് തെളിഞ്ഞിരിക്കുന്നത്. അന്വേഷമം പൂർത്തിയായെങ്കിലും ഹൈക്കോടതിമുൻപാകെ കേസ് നിലവിലുള്ളതിനാൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. മിഷേലിന്റെ മരണത്തിൽ പിതാവ് സി.ബി. ൈഅന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിന്മേൽ റിപ്പോർട്ട് സമർപ്പിക്കാൻ അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നു. മിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ട് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

അതെ സമയം പൊലീസ് ഇക്കാര്യത്തിൽ ഒത്തുകളിക്കുകയാണെന്നാണ് മിഷേലിന്റെ പിതാവ് ഷാജി പറയുന്നത്. പിറവത്തെ സിനിമാ താരത്തിന്റെ മകനുൾപ്പെടെ ഈ കേസിൽ ഉൽപ്പെട്ടിട്ടുണ്ടെന്ന സംശയം കാട്ടി പൊലീസിൽ പരാതി നൽകിയിട്ടും പൊലീസ് അവരെ ചോദ്യം ചെയ്യുകയോ ഫോൺ അടക്കമുള്ളവ പരിശോധിക്കുകയോ ചെയ്തിട്ടില്ല എന്നും ഷാജി പറയുന്നു. കൂടോതെ നിലവിൽ മിഷേലിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതടക്കുമുള്ള കുറ്റം ചെയ്തതിന് അറസ്റ്റ് ചെയ്ത ക്രോണിൻ മറ്റു ചിലർക്കു വേണ്ടി മിഷേലിനെ കെണിയിലാക്കി എത്തിച്ചു കൊടുത്തതാണെന്നും അത് സിനിമാ താരത്തിന്റെ മകന് വേണ്ടിയായിരുന്നു എന്നുമാണ് ഷാജി ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് ക്രോണിന്റെ ഫോൺ വിശദമായി പരിശോധിക്കാതെ പൊലീസ് ഒഴിഞ്ഞുമാറി എന്നും ഷാജി പറയുന്നു. ഇത്തരത്തിൽ പലവിധ കാരണങ്ങൾ മൂലമാണ് ആത്മഹത്യയല്ല കൊലപാതകമെന്ന് ഉറപ്പിച്ചു പറയുന്നതെന്നും ഷാജി വ്യക്തമാക്കി.

2017 മാർച്ച് അഞ്ചിനാണ് ഹോസ്റ്റലിൽ നിന്നും പുറത്തുപോയ മിഷേൽ ഷാജിയെ കാണാതെയാകുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പിറ്റേന്ന് കൊച്ചി കായലിൽനിന്നു മൃതദേഹം കണ്ടെത്തി. കലൂർ പള്ളിയിൽനിന്നു മിഷേൽ പുറത്തിറങ്ങുമ്പോൾ പിന്തുടർന്ന യുവാക്കളുടെ ദൃശ്യം സിസിടിവിയിൽനിന്ന് പൊലീസിനു ലഭിച്ചിരുന്നു. ഈ യുവാക്കളെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല. മിഷേലിന്റെ ഫൈബർ സ്ട്രാപ്പുള്ള വാച്ച്, മൊബൈൽ ഫോൺ, മോതിരം, ബാഗ്, ഷാൾ, ഹാഫ് ഷൂ എന്നിവയും കണ്ടെത്താനായിട്ടില്ല. മിഷേലിന്റെ മരണം സംബന്ധിച്ച കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പിതാവ് ഷാജി വർഗീസ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി ഒന്നര വർഷം തികയുകയാണ് ഫെബ്രുവരി 12ന്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ നീതിപൂർവമായ അന്വേഷണം നടന്നിട്ടില്ലെന്ന് അന്ന് കുടുംബം മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രി അന്ന് ഒരുമാസത്തിനകം കേസിന്റെ റിപ്പോർട്ട് നൽകും എന്ന് വാക്കു പറഞ്ഞ് ഒന്നര വർഷം കഴിഞ്ഞിട്ടും റിപ്പോർട്ട് സമർപ്പിക്കാൻ തയ്യാറായട്ടില്ല. തുടക്കം മുതൽ തന്നെ മിഷേലിന്റെ മരണം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ പൊലീസിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടായിരുന്നെന്നാണ് പിതാവ് ഷാജിയുടെ ആരോപണം. മകളുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതിയുമായി എത്തിയ ബന്ധുക്കളെ മൂന്നു ദിവസം സംസാരിക്കാൻ പോലും പൊലീസ് അനുവദിച്ചില്ലെന്നാണ് ഷാജി പറയുന്നത്. ഒടുവിൽ സമ്മർദത്തിനു വഴങ്ങി പരാതി സ്വീകരിക്കുമ്പോൾ അന്നത്തെ സിഐ അനന്തലാൽ പറഞ്ഞത് മിഷേലിന്റെ മരണം നിങ്ങൾ എവിടെ പോയാലും തെളിയിക്കാൻ പോകുന്നില്ല. എന്നാണ്. മുൻവിധിയോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചതും റിപ്പോർട്ടുകൾ തയാറാക്കിയതെന്നും ഷാജി ആരോപിക്കുന്നു.

എറണാകുളം വാർഫിനടുത്തുനിന്ന് മൃതദേഹം ലഭിക്കുമ്പോൾ വെള്ളത്തിൽ കിടന്ന് രണ്ടു മണിക്കൂർ പോലും ആയതിന്റെ ലക്ഷണങ്ങളില്ലായിരുന്നെന്നാണ് അത് കണ്ട ഐലൻഡ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ തന്നോട് പറഞ്ഞതെന്ന് ഷാജി പറയുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത് 22 മണിക്കൂർ പഴക്കം ആയെന്നാണ്. അതിന്റെ യാതൊരു ലക്ഷണങ്ങളും മൃതദേഹത്തിൽ ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല, ജീവിച്ചിരിക്കുമ്പോൾ അമർത്തിപ്പിടിച്ചതിന്റെ ചോരപ്പാടുകൾ രണ്ടു കൈകളിലും ഉണ്ടായിരുന്നു. ഇതെല്ലാം അന്ന് പകർത്തിയ വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. - ഷാജി വിശദീകരിച്ചു.

മൃതദേഹം ആദ്യം എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്യുന്നതിനാണ് തീരുമാനിച്ചത്. ഇതിനായി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പെട്ടെന്നാണ് പൊലീസ് കളമശേരി മെഡിക്കൽ കോളജിലേയ്ക്ക് മൃതദേഹം പരിശോധനയ്ക്ക് അയയ്ക്കാൻ തീരുമാനിച്ചത്. ഇവിടെ പരിശോധന നടത്തേണ്ടെന്നും കളമശേരി മെഡിക്കൽ കോളജിൽ നടത്തിയാൽ മതിയെന്നും ഉന്നതങ്ങളിൽ നിന്ന് നിർദ്ദേശം ലഭിച്ചെന്നാണ് അന്ന് ഇതിനെക്കുറിച്ചു ചോദിച്ചപ്പോൾ പൊലീസ് പറഞ്ഞതെന്ന് ഷാജി പറയുന്നു. ഇതിനു പിന്നിൽ പൊലീസിന്റെ ഒത്തുകളിയുണ്ടെന്ന് സംശയമുണ്ട്. മൃതദേഹം പരിശോധിച്ച വനിതാ ഫോറൻസിക് ഡോക്ടറുടെ കാര്യത്തിലും സംശയമുണ്ടെന്ന നിലപാടിലാണ് ഷാജി വർഗീസ്.

അതേസമയം, ദുരൂഹ മരണങ്ങളും കൊലപാതകമെന്നു സംശയങ്ങളുയരുന്ന മരണങ്ങളും എറണാകുളം ജില്ലാശുപത്രിയിൽ പരിശോധിക്കാറില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൂടുതൽ വ്യക്തമായ പരിശോധനകൾക്കു എപ്പോഴും മെഡിക്കൽ കോളജിലേയ്ക്ക് മൃതദേഹങ്ങൾ അയയ്ക്കുന്നതാണ് പതിവ്. പെൺകുട്ടിയുടെ മരണത്തിൽ സംശയം ഉയർന്ന സാഹചര്യത്തിലാണ് കൂടുതൽ സൗകര്യങ്ങളും കൂടുതൽ യോഗ്യതകളുള്ള ഫൊറൻസിക് സർജന്മാരുമുള്ള കളമശേരി മെഡിക്കൽ കോളേജിലേയ്ക്ക് മൃതദേഹം പരിശോധനയ്ക്ക് അയച്ചതെന്ന് പൊലീസ് പറയുന്നു. എന്തുതന്നെയായാലും പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് ശേഷം അടുത്ത നടപടികളുമായി മുന്നോട്ട് പോകും എന്നാണ് കുടുംബാംഗങ്ങളും കർമസമിതി പ്രവർത്തകരും പറയുന്നത്.