- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കണ്ണൂരും മാനന്തവാടിയും നിലമ്പൂരും പട്ടാമ്പിയും കൽപ്പറ്റയും തിരിച്ചു പിടിക്കും; കൊയിലാണ്ടിയും പൊന്നാനിയും ഉദുമയും സ്വന്തമാക്കാൻ പ്രത്യേക ആക്ഷൻ പ്ലാൻ; നാദാപുരവും പേരാമ്പ്രയും നേടാമെന്നും പ്രതീക്ഷ; മലബാറിൽ ലക്ഷ്യം 15 സീറ്റ്; കേരളത്തിൽ ഉടനീളം ഒറ്റയ്ക്ക് നേടേണ്ടത് 60 സീറ്റും; കേരളം പിടിക്കാനുള്ള മിഷനെ നയിക്കാൻ രാഹുൽ
തിരുവനന്തപുരം: സംസ്ഥാന നിയമസഭ പിടിക്കാൻ ഒറ്റയ്ക്ക് 60 സീറ്റ് നേടുകയെന്ന 'മിഷൻ 60' പദ്ധതിയുമായി കോൺഗ്രസ്. ഇതിൽ മലബാറിലെ സീറ്റ് ഇരട്ടിയാക്കാനാണ് നീക്കം. ഇതിന് വേണ്ടിയുള്ള പ്രവർത്തനത്തിന് വയനാട് എംപി കൂടിയായ രാഹുൽ ഗാന്ധി നേതൃത്വം നൽകും.
മലബാറിൽ നിന്ന് പരമാവധി സീറ്റുകൾ നേടുകയെന്നതാണ് കോൺഗ്രസ് ലക്ഷ്യം. കേരളത്തിൽ പ്രചാരണത്തിനെത്തുന്ന രാഹുൽ മലബാറിലായിരിക്കും കൂടുതൽ സമയം ചെലവഴിക്കുക. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ രാഹുൽ ക്യാമ്പും മലബാറിൽ എത്തും. ഷമാ മുഹമ്മദ് അടക്കം നിയമസഭയിലേക്ക് മത്സരിക്കുന്നത് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയും കോഴിക്കോടും പാലക്കാടും ആലത്തൂരും കാസർഗോഡും ജയിക്കാമെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കമെന്നാണ് കോൺഗ്രസിന്റെ കണക്കു കൂട്ടൽ.
സി പി എമ്മിന്റെ ഉരുക്കുകോട്ടകളായ പല മണ്ഡലങ്ങളിലും ശക്തരായ സ്ഥാനാർത്ഥികളെയാകും കോൺഗ്രസ് കളത്തിലിറക്കുക. അപ്രതീക്ഷിത സ്ഥാനാർത്ഥികൾ എത്തും. രാഹുൽ വയനാട്ടിൽ നിന്നുള്ള എംപിയായതിനാൽ കൂടുതൽ സീറ്റുകൾ മലബാറിൽ നിന്ന് കിട്ടുമെന്നാണ് പ്രതീക്ഷ. രാഹുലും സംഘവും വയനാട്-കോഴിക്കോട് മേഖലയിലാകും സജീവമാകുക. ഐ ടി സെൽ അടക്കം എല്ലാ സർവ്വേ സംവിധാനങ്ങളും ഉണ്ടാകും. കോഴിക്കോട് നോർത്തും സൗത്തും ബേപ്പൂരും വൻ ഭൂരിപക്ഷത്തിൽ ജയിക്കുകയാണ് പ്രധാന ലക്ഷ്യം.
മലബാറിലെ ആറ് ജില്ലകളിൽ നിന്നായി 35 സീറ്റാണ് യു ഡി എഫ് ലക്ഷ്യമിടുന്നത്. കോൺഗ്രസ് 15 സീറ്റ് വരെയാണ് ലക്ഷ്യമിടുന്നത്. ബാക്കി സീറ്റുകൾ ലീഗ് പിടിക്കുമെന്നും കണക്കു കൂട്ടുന്നു. മലബാറിൽ കരുത്ത് കാട്ടിയില്ലെങ്കിൽ ഭരണം കിട്ടിയാലും വ്യക്തമായ മുൻതൂക്കം ഭരണത്തിൽ ഉണ്ടാകുമെന്ന് കരുതുന്നില്ല. കൊയിലാണ്ടി, പൊന്നാനി, ഉദുമ മണ്ഡലങ്ങൾ പിടിച്ചെടുക്കാൻ ആക്ഷൻ പ്ലാനുണ്ടാകും. നാദാപുരവും പേരാമ്പ്രയും ജയിക്കുമെന്ന് കോൺഗ്രസ് കരുതുന്ന മണ്ഡലങ്ങളാണ്.
ആറ് ജില്ലകളിൽ നിന്നായി ആറ് എം എൽ എമാരാണ് കോൺഗ്രസിനുള്ളത്. അറുപത് നിയമസഭാ മണ്ഡലങ്ങളുണ്ട് ഈ ജില്ലകളിൽ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്ന് 23 സീറ്റുകളാണ് 2016ൽ യു ഡി എഫിന് ലഭിച്ചത്. ഇതിൽ 17 സീറ്റും ലീഗിന്റേതായിരുന്നു. കോഴിക്കോട് കോൺഗ്രസിന് എംഎൽഎമാർ പോലുമില്ല. ഇതിനെല്ലാം മാറ്റം കൊണ്ടു വരാനാണ് നീക്കം. തദ്ദേശത്തിലും ഈ മേഖലയിൽ നേട്ടമുണ്ടായില്ല. ഇതിന് കാരണം സ്ഥാനാർത്ഥി നിർണ്ണയത്തിലെ പോരായ്മയായിരുന്നു. അതിനാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇക്കാര്യത്തിൽ രാഹുൽ നേരിട്ട് ഇടപെടും.
ആറ് ജില്ലകളിലായി 31 സീറ്റിലാണ് കഴിഞ്ഞ തവണ കോൺഗ്രസ് മത്സരിച്ചത്. പേരാവൂർ, ഇരിക്കൂർ, ബത്തേരി, വണ്ടൂർ, പാലക്കാട്, തൃത്താല മണ്ഡലങ്ങളിൽ മാത്രം ജയമൊതുങ്ങി. ലീഗാണെങ്കിൽ മത്സരിച്ചത് 21 സീറ്റിലാണ്. അതിൽ 17 സീറ്റും നേടി. നാല് സിറ്റിങ് സീറ്റുകളാണ് മലബാറിൽ കോൺഗ്രസിന് നഷ്ടമായത്. എൽജെഡി കൽപ്പറ്റയിലും തോറ്റു. കണ്ണൂർ, മാനന്തവാടി, നിലമ്പൂർ, പട്ടാമ്പി, കൽപ്പറ്റ മണ്ഡലങ്ങളാണ് ആ സിറ്റിങ് സീറ്റുകൾ. കോൺഗ്രസിന്റെ ഒന്നാം പട്ടികയിൽ നഷ്ടപ്പെട്ട അഞ്ച് സിറ്റിങ് സീറ്റ് തിരിച്ചുപിടിക്കുകയാണ് ലക്ഷ്യമിടുന്നത്. നിലവിലുള്ള ആറ് സീറ്റിനൊപ്പം ഈ അഞ്ചും കൂടി കിട്ടിയാൽ പതിനൊന്ന് സീറ്റിലേക്ക് മലബാറിൽ കുതിക്കാം.
തിരുവമ്പാടി സീറ്റ് ഏറ്റെടുക്കുന്നതും കോൺഗ്രസിന്റെ പരിഗണനയിലുണ്ട്. 2016ൽ കോൺഗ്രസിന് നഷ്ടമായ സിറ്റിങ് സീറ്റുകളുടെ പട്ടികയിലാണ് തിരുവമ്പാടി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ വിശദ സർവ്വേകൾ കോൺഗ്രസ് നടത്തിയിരുന്നു. രാഹുൽ ഗാന്ധിയുടെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് ഇത്. വടക്കൻ ജില്ലകളിൽ 16 നിയമസഭ മണ്ഡലങ്ങൾ കോൺഗ്രസിന് കൂടുതൽ വിജയസാധ്യതയുള്ള എ കാറ്റഗറി സീറ്റുകളെന്നു സർവേ റിപ്പോർട്ട് പറയുന്നു. ആറു സിറ്റിങ് സീറ്റുകൾ ഉൾപ്പെടെയാണ് 16 എണ്ണം എ കാറ്റഗറിയിലായത്. ജയം ഉറപ്പുള്ള സീറ്റുകളും ജയിക്കാൻ സാധ്യതയുള്ള സീറ്റുകളുമാണ് എ കാറ്റഗറിയിൽ. പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കോൺഗ്രസ് മികച്ച ജയങ്ങൾ പ്രതീക്ഷിക്കുന്നത്.
സർവ്വേ കൂടി പരിഗണിച്ചുള്ള സ്ഥാനാർത്ഥി നിർണ്ണയം ഇത്തവണ നടത്തും. ഉത്തര മലബാറിലെ ആറു സിറ്റിങ് സീറ്റുകൾ 16 ആയി ഉയരുന്നതോടെ തന്നെ നിയമസഭയിൽ ഭരണം ഉറപ്പിക്കാനാകും. മറ്റ് പത്തു സീറ്റുകളിൽ വിജയ സാധ്യത വളരെ കൂടുതലാണ്. ആരെ നിർത്തിയാലും തോൽക്കുന്നത് ഒൻപത് സീറ്റുകളിൽ മാത്രമെന്നും സർവ്വേ പറയുന്നു. എഐസിസിയുടെ സർവ്വേ പൂർത്തിയാകുമ്പോൾ മലബാറിൽ കോൺഗ്രസിന് വൻ മുന്നേറ്റ സാധ്യതയെന്നത് യുഡിഎഫിനും വലിയ പ്രതീക്ഷയാണ്.
50-50 ചാൻസുള്ള സീറ്റുകളെയാണു ബി കാറ്റഗറിയിൽ പെടുത്തിയത്. ഇത്തരം 10 സീറ്റുകൾ വടക്കൻ ജില്ലകളിലുണ്ട്. ഇതിൽ നാലെണ്ണം നേരിയ മുൻതൂക്കമുള്ളതാണെന്നാണു റിപ്പോർട്ട്. എ, ബി മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി നിർണയത്തിലും പ്രചാരണത്തിലും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കെപിസിസിക്ക് ഹൈക്കമാണ്ട് നിർദ്ദേശം നൽകി. വടക്കൻ ജില്ലകളിലെ 60 നിയമസഭാ സീറ്റുകളിൽ 31 എണ്ണത്തിലാണു 2016ൽ കോൺഗ്രസ് മത്സരിച്ചത്.
എൽജെഡി മത്സരിച്ച അഞ്ചിൽ മൂന്നെണ്ണത്തിൽ കോൺഗ്രസ് മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കേരള കോൺഗ്രസ് മത്സരിച്ച മൂന്നിൽ ഒരെണ്ണത്തിലും കോൺഗ്രസ് സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു. ആകെ 35 സീറ്റിൽ ഇത്തവണ മത്സരിക്കാനാകുമെന്നാണു കണക്കുകൂട്ടൽ. ഇതിൽ 9 സീറ്റുകളാണ് വിജയസാധ്യതയില്ലാത്ത സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ