- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർഷകരുടെ പിന്തുണ ഉറപ്പിക്കാൻ പ്രിയങ്ക നേരിട്ട് ഇടപെടും; എസ് പിയേയും ബി എസ് പിയേയും മറികടന്നുള്ള മുന്നേറ്റത്തിന് ജാട്ട് സമുദായത്തെ കൂടെ കൂട്ടാൻ രാഹുൽ ഗാന്ധി; കർഷക സമവാക്യങ്ങൾ അനുകൂലമാക്കി മിഷൻ യുപിക്ക് കോൺഗ്രസ്
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദ കൃഷി നിയമങ്ങൾക്കെതിരെ പ്രക്ഷോഭം തുടരുമെന്നും ബിജെപിയെ രാഷ്ട്രീയമായി നേരിടുമെന്നും കര്ഷകർ പ്രഖ്യാപിക്കുമ്പോൾ അതിൽ പ്രതീക്ഷ കാണുകയാണ് കോൺഗ്രസ്. ഉത്തർപ്രദേശിലെ മുസഫർനഗറിൽ ലക്ഷക്കണക്കിനു കർഷകർ അണിനിരന്ന കിസാൻ മഹാപഞ്ചായത്ത് സമ്മേളനം നടന്നിരുന്നു. ഇതിന് പിന്നിലെ സംഘടനകളെ കൂട്ടിയോജിപ്പിക്കാനാണ് കോൺഗ്രസ് ശ്രമം. ഭാരതീയ കിസാൻ യൂണിയൻ അടക്കമുള്ളവരെ ചേർത്തുള്ള സഖ്യമാണ് മനസ്സിൽ. ബംഗാളിൽ കർഷക വികാരം ബിജെപിക്ക് തിരിച്ചടിയായിരുന്നു. യുപിയിൽ ബിജെപിക്കും യോഗി ആദിത്യനാഥിനും മുൻതുക്കമുണ്ടെന്നാണ് സർവ്വേ റിപ്പോർട്ടുകൾ.
അടുത്ത വർഷമാദ്യം നടക്കുന്ന യുപി, ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ തോൽപിക്കുമെന്നു പ്രതിജ്ഞ ചെയ്ത് 'മിഷൻ യുപി ഉത്തരാഖണ്ഡ്' ദൗത്യത്തിനു 40 കർഷക സംഘടനകൾ തുടക്കമിട്ടു. ഈ മാസം 25നു നടത്താനിരുന്ന ഭാരത് ബന്ദ് 27 ലേക്കു മാറ്റാനും തീരുമാനിച്ചു. ഡൽഹി അതിർത്തികളിൽ തങ്ങളുടെ കുഴിമാടങ്ങൾ ഒരുക്കിയാലും വിജയം കാണും വരെ പിന്നോട്ടില്ലെന്നു ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. കേന്ദ്രം ചർച്ചയ്ക്കു ക്ഷണിച്ചാൽ പങ്കെടുക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു വോട്ട് ചെയ്യരുതെന്നാവശ്യപ്പെട്ട് യുപിയിലും ഉത്തരാഖണ്ഡിലും വീടുകയറി പ്രചാരണം നടത്തും. പ്രതിപക്ഷത്തെ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുമായി കൈകോർക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും കർഷക സംഘടനകൾ പറയുന്നു.
ബിജെപിയെ തോൽപിക്കുന്നതിനു പരസ്യമായി രംഗത്തിറങ്ങാൻ തീരുമാനിച്ച കർഷക സംഘടനകളുമായി കൈകോർക്കാനാണ് കോൺഗ്രസ് നീക്കം. യുപി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്ക് അടുത്ത വർഷമാദ്യം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കർഷകരുടെ പിന്തുണ നേടാനാണ് ശ്രമം. ഈ ദൗത്യം പ്രിയങ്കാ ഗാന്ധി ഏറ്റെടുക്കുമെന്നാണ് സൂചന. രാഹുൽ ഗാന്ധിയും കർഷകരുമായി സംസാരിക്കും. കിസാൻ മഹാപഞ്ചായത്ത് സമ്മേളനത്തിനു പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തുവന്നിരുന്നു. ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇടപെടലുകൾ തുടരും.
ബിജെപിക്ക് വൻ സ്വാധീനമുള്ള യുപിയിൽ ഭരണത്തിലേറാമെന്ന പ്രതീക്ഷ കോൺഗ്രസിനില്ല. എസ്‌പിയെയും ബിഎസ്‌പിയെയും മറികടന്ന് മുഖ്യ പ്രതിപക്ഷമാകാൻ സാധിക്കുകയാണ് ലക്ഷ്യം. ലോക്‌സഭയിൽ പിടിമുറുക്കാൻ യുപിയിലെ കരുത്ത് അനിവാര്യമാ. പടിഞ്ഞാറൻ യുപിയിലെ പ്രബല വോട്ട് ബാങ്ക് ആയ ജാട്ട് സമുദായത്തിൽ ഭൂരിഭാഗവും കർഷകരാണ്. ഇവരുടെ പിന്തുണ ഉറപ്പാക്കാനായാൽ ബിജെപിക്കു വെല്ലുവിളി ഉയർത്താനാവുമെന്നാണു കണക്കുകൂട്ടൽ.
പടിഞ്ഞാറൻ യുപിയിൽ കരുത്തുള്ള ആർഎൽഡിയുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കും. എസ്‌പി, ബിഎസ്‌പി എന്നിവയും കർഷകരുടെ പിന്തുണ നേടാൻ നീക്കം നടത്തുന്നുണ്ട്. ബിജെപിയെ തോൽപിക്കുക എന്ന ലക്ഷ്യത്തോടെ സ്വന്തം നിലയിൽ പ്രചാരണം നടത്താനാണ് കർഷക സംഘടനകളുടെ നിലവിലെ തീരുമാനം. ബംഗാൾ തിരഞ്ഞെടുപ്പിലും ബിജെപിക്കെതിരെ കർഷകർ പ്രചാരണം നടത്തിയിരുന്നു. ഇതെല്ലാം മഹാ പഞ്ചായത്തിൽ തീരുമാനിച്ചിട്ടുണ്ട്.
യുപിക്കു പുറമേ പഞ്ചാബ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ സമ്മേളനത്തിൽ പങ്കെടുത്തു. കേരളത്തിൽ നിന്ന് കർഷക സംഘടനകളെ പ്രതിനിധീകരിച്ച് 22 പേർ എത്തി. ഡൽഹിയുടെ അതിർത്തിയിലെ സിംഘു, തിക്രി, ഗസ്സിപ്പുർ എന്നിവിടങ്ങളിൽ കഴിഞ്ഞ 9 മാസമായി തുടരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള ഏറ്റവും വലിയ മഹാപഞ്ചായത്തായിരുന്നു ഇത്.
മറുനാടന് മലയാളി ബ്യൂറോ