- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുല്ലപ്പെരിയാർ ഡാം രാത്രി വീണ്ടും തുറന്നപ്പോൾ നാട്ടുകാർ രോഷം തീർത്തത് റോഷി അഗസ്റ്റിന് നേരെ; അവര് പാതിരാത്രി തുറന്നു വിടുന്നതിന് ഞാൻ എന്തു ചെയ്യാനാ.. നിങ്ങൾ പറയൂവെന്ന് മന്ത്രിയും; മുല്ലപ്പെരിയാറിൽ തമിഴ്നാടുമായി രഹസ്യധാരണ, മന്ത്രിയുടെത് ദയനീയമായ കീഴടങ്ങലെന്ന് വിമർശിച്ച് എൻ കെ പ്രേമചന്ദ്രൻ എംപിയും
തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ തുറന്നിതിനെത്തുടർന്നുള്ള സ്ഥിതിഗതികൾ വിലയിരുത്താനെത്തിയ മന്ത്രി റോഷി അഗസ്റ്റിനുനേരെ നാട്ടുകാരുടെ രോഷപ്രകടനം. ഇന്നലെ രാത്രി 9.30 തിനോടത്ത് കറുപ്പുപാലത്തിൽ വച്ചാണ് മന്ത്രിയെ വളഞ്ഞ് ജനക്കൂട്ടം പ്രതിഷേധം അറയിച്ചത്.പകൽ വെള്ളമൊഴുക്കുന്നതിൽ വിരോധമില്ലന്നും രാത്രി വെള്ളമൊഴുക്കുന്നതുമൂലം വല്ലാതെ കഷ്ടപ്പെടുകയാണെന്നും ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും ജാഗ്രത പാലിക്കുക എന്ന നിർദ്ദേശം മാത്രമാണ് ഇതുവരെ വന്നിട്ടുള്ളതെന്നുമായിരുന്നു നാട്ടുകാരുടെ ആരോപണം.
ഡാമിന്റെ നിയന്ത്രണം നമ്മുടെ കൈയിലന്നും ഇത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണെന്നും രാത്രിയിൽ വെള്ളമൊഴുക്കരുതൈന്ന് പലതവണ ആവശ്യപ്പെട്ടിട്ടും തമിഴ്നാടിന്റെ ഭാഗത്തുനിന്നും വീണ്ടും ഇത് തുടരുകയാണെന്നുമായിരുന്നു ഇക്കാര്യത്തിൽ മന്ത്രിയുടെ പ്രതികരണം. പറയുന്നത് കേൾക്കുന്നില്ലാ എന്നുപറയുന്നതിൽ കാര്യമില്ലന്നും ജനങ്ങളുടെ ജീവന്റെ പ്രശ്നമാണെന്നും എന്തെങ്കിലും സംഭവിച്ചുപോയാൽ എന്തുചെയ്യുമെന്നും കൂട്ടത്തിലെ ഒരാൾ ചോദിച്ചപ്പോൾ ഞാനെന്താ ചെയ്യേണ്ടത്,എനിക്ക് എന്തുചെയ്യാൻ കഴിയും എന്ന് നിങ്ങൾ പറഞ്ഞുതരു.. എന്നായി മന്ത്രി.
ജനക്കൂട്ടത്തിന്റെ ഭാഗത്തുനിന്നും പ്രതികരണമുണ്ടാവുന്നില്ലന്ന് കണ്ടപ്പോൾ മന്ത്രി സ്ഥിതിഗതികൾ അക്കമിട്ട് നിരത്തി ഒരിക്കൽക്കുടി കാര്യങ്ങളുടെ കിടപ്പുവശം വിശദീകരിക്കുകയും ചെയ്തു. 142 അടിവര വെള്ളം സംഭരിക്കാൻ സുപ്രിംകോടതി അവർക്ക് അനുവാദം നൽകിയിട്ടിട്ടുണ്ടെന്നും ഇതിനെ മറികടക്കാൻ എനിക്കോ നിങ്ങൾക്കോ ആവില്ലന്നും വെള്ളം കൂടുതൽ വന്നാൽ പകൽ ഒഴുക്കിവിട്ട് ജലനിരപ്പ് നിയന്ത്രിക്കുകയാണ് വേണ്ടതെന്നും രാത്രി ഒരു കാരണവാശാലും വെള്ളം ഒഴുക്കരുതെന്നും അവരോട് 3 തവണ ആവശ്യപ്പെട്ടിട്ടും അനുസരിക്കുന്നില്ലന്നും സുപ്രിംകോടിയിൽ തന്നെ കാര്യങ്ങൾ എത്തിക്കുകയല്ലാതെ മറ്റ് വഴികളില്ലന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണത്തിന്റെ ചുരുക്കം.
ഏതാണ്ട് അരമണിക്കൂറോളം നേരം ഇവിടെ മന്ത്രിയും ജനക്കൂട്ടവുമായുള്ള വാദപ്രതിവാദങ്ങൾ നീണ്ടുനിന്നു.എന്തുപ്രശ്നമുണ്ടായാലും നിങ്ങൾക്കൊപ്പമുണ്ടാവുമെന്നും എന്തെങ്കിലും പറഞ്ഞ് സ്ഥലം വിടുന്ന ആളല്ല താനെന്നും മന്ത്രി പറഞ്ഞാണ മന്ത്രി വിശദീകരണം അവസാനിപ്പിച്ചത്. വെള്ളപ്പൊക്ക ഭീഷിണിയിലായ കുടംബങ്ങളെ നേരിട്ട് കാണുന്നതിന് ലക്ഷ്യമിട്ടാണ് മന്ത്രി ഇവിടെ എത്തിയത്. സുരക്ഷകാര്യങ്ങൾ തങ്ങൾ നോക്കിക്കോളാമെന്നും ഇതിനായി ആരും മെനക്കേണ്ടെന്നുമായിരുന്നു ഇക്കാര്യത്തിൽ പ്രതിഷേധക്കാരുടെ നിലപാട്. തെത്തുടർന്ന് മന്ത്രി ഇവിടെ നിന്നും മടങ്ങി. രാത്രി സ്ഥിതിഗതികൾ വിലയിരുത്താനെത്തിയ ആർ ഡി ഒ യും പൊലീസ് സംഘവും നാട്ടുകാരുടെ പ്രതിഷേധച്ചൂടറിഞ്ഞ് തിരിച്ചുപോയി.
ഇന്നലെ രാത്രിയും വെള്ളപ്പൊക്ക ഭീഷിണി മൂലം നിരവധി കുടുംബങ്ങൾക്ക് രാത്രി മാറി താമസിക്കേണ്ടി വന്നിരുന്നു.മുല്ലപ്പെരിയാർ ഡാമിന്റെ 9 ഷട്ടറുകൾ ഒരുമിച്ച് ഇന്നലെ തുറന്നിരുന്നു.പുലർച്ചെ ആയതോടെ 8 ഷട്ടറുകളും അടച്ചു.ഇതോ വെള്ളം ഒഴുക്ക് നേരിയതോതിലായി. അധികജലം പകൽ ഒഴുക്കിവിടണമെന്നും രാത്രിയിൽ വെള്ളം ഒഴുക്കി തങ്ങളെ കഷ്ടപ്പെടുത്തുന്നത് ഒഴിവാക്കണമെന്നുമാണ് നാട്ടുകാരുടെ പ്രാധാന ആവശ്യം.
തമിഴ്നാടുമായി രഹസ്യ ധാരണയെന്ന് എൻ കെ പ്രേമചന്ദ്രൻ
തമിഴ്നാടുമായി അവിഹിതമായി ഉണ്ടാക്കിയിട്ടുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് മുല്ലപ്പെരിയാറിൽ കാര്യങ്ങൾ മുന്നോട്ട് നീങ്ങുന്നതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ മുന്നിൽ പോയി ഞങ്ങൾ എന്ത് ചെയ്യുമെന്ന് ഒരു മന്ത്രി വിലപിക്കുന്ന ദയനീയ അവസ്ഥയാണ്. കേരളത്തിന്റെ ചരിത്രത്തിൽ മുമ്പ് ഒരിക്കലും ഇങ്ങനെ ഒരു സാഹചര്യമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ പരിതാപകരമായ അവസ്ഥ കണ്ട് ലജ്ജ തോന്നുന്നു. കേരളത്തിന്റെ ചരിത്രത്തിലില്ലാത്ത ദയനീയമായ കീഴടങ്ങലാണ് ഇപ്പോൾ നടക്കുന്നത്. ജനങ്ങളെ സംരക്ഷിക്കാൻ സർക്കാറിന് സാധിക്കുന്നില്ലെങ്കിൽ രാജിവെച്ച് പോവുകയാണ് വേണ്ടത്.
എന്തിന് വേണ്ടിയാണ് സർക്കാർ കീഴടങ്ങുന്നത്. തമിഴ്നാടുമായി എന്തെങ്കിലുമൊരു സംഘർഷത്തിലേർപ്പെടണമെന്ന് ആഗ്രഹിക്കുന്നില്ല. എന്നാൽ, കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷിതമായി ജീവിക്കാൻ സാഹചര്യം ഒരുക്കണം. തമിഴ്നാടുമായി വളരെ നല്ല സൗഹൃദാന്തരീക്ഷമുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി എന്തേ മൗനം പാലിക്കുന്നു.
സംസ്ഥാന സർക്കാറിന് ശക്തമായ നിർദ്ദേശം നൽകാൻ കഴിയണം. മേൽനോട്ടസമിതിയിലെ കേരളത്തിന്റെ പ്രതിനിധി എന്താണ് ചെയ്യുന്നത്. ദുരന്തനിവാരണ നിയമമനുസരിച്ച് കേരളത്തിന് നടപടി സ്വീകരിക്കാനാകും. അത് സ്വീകരിക്കാതെ തമിഴ്നാടിന് മുന്നിൽ കേരളം ഭയന്നുവിറച്ച് നിൽക്കുകയാണ്. മറ്റേതെങ്കിലും സംസ്ഥാനത്തിന് വിധേയപ്പെട്ട് ജീവിക്കേണ്ട സാഹചര്യമാണ് മേഖലയിലെ ജനങ്ങൾക്കെന്നും എൻ.കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു.
മറുനാടന് മലയാളി ലേഖകന്.